ഇന്ത്യയിലെ ആദ്യത്തെ ഇ-മാലിന്യ മുക്ത ജില്ല എന്ന അംഗീകാരം നേടിയിരിക്കുകയാണ് വയനാട്. നവംബര്‍ 27ന് നടക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് ജില്ലയെ ഇ-മാലിന്യമുക്തമായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് മാസം നീണ്ടുനിന്ന, വിവിധ തലങ്ങളിലായി നടന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് വയനാട് ജില്ല ഈ നേട്ടം സ്വന്തമാക്കിയത്. ആ പ്രവര്‍ത്തനങ്ങളെ കുറിച്ച് ദ ക്യുവിനോട് സംസാരിക്കുകയാണ് കൃഷി വകുപ്പ് മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ദിഖ്. ഇ-മാലിന്യ നിര്‍മാര്‍ജന പദ്ധതി തുടര്‍ന്നു കൊണ്ടുപോകാന്‍ നടപ്പാക്കിയിട്ടുള്ള ക്രമീകരണങ്ങളെ കുറിച്ച് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥാ അനുകൂല (Climate Positive) ജില്ലയായി വയനാടിനെ മാറ്റുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും ടി. സിദ്ദിഖ് പറയുന്നു.
ഇ-വേസ്റ്റ് നിര്‍മാര്‍ജനം; എന്തുകൊണ്ട് വയനാടിന് ഇങ്ങനെയൊരു പദ്ധതി?
വയനാട് പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും സമ്പന്നമായ ആവാസവ്യവസ്ഥയും നിറഞ്ഞ, കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രദേശമാണ്. ലോകത്തിന്റെ പോലും ശ്രദ്ധിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് വയനാട്. അതേസമയം തന്നെ വികസന സൂചികകളില്‍ മുന്നോട്ട് വരാന്‍ ഏറെ സാധ്യതയുള്ള ജില്ലയാണ് വയനാട്. ടൂറിസം, കാര്‍ഷിക മേഖല എന്നതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ഈ വിഷയങ്ങളെല്ലാം എന്റെ ശ്രദ്ധയിലുണ്ടായിരുന്നതാണ്. കാലാവസ്ഥയുടെ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സുസ്ഥിര വികസന പദ്ധതികളാണ് വയനാടിന് ആവശ്യമെന്നത് കൊണ്ടാണ് ഭൂമി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കാലാവസ്ഥാ അനുകൂല (Climate Positive) ജില്ലയായി വയനാടിനെ മാറ്റുക എന്നതാണ് അടുത്ത ലക്ഷ്യം. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷി, ജൈവവൈവിധ്യ സംരക്ഷണം, മണ്ണ്-ജല സംരക്ഷണം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ ഇടപെടലുകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഇ-മാലിന്യമുക്ത ജില്ലയെന്ന ആശയം ഉരുത്തിരിയുന്നത്.
വയനാട് പോലെയുള്ള പരിസ്ഥിതിലോല പ്രദേശത്ത് ഇ-മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യാതിരിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ടെലിവിഷനുകള്‍, ബാറ്ററികള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗശൂന്യമാകുമ്പോള്‍ അവ എവിടെയും വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനും ഐക്യരാഷ്ട്രസഭ മുന്നോട്ട് വെച്ച അഞ്ച് പ്രധാന ലക്ഷ്യങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക, എല്ലാവര്ക്കും ശുദ്ധജലവും ശുചിത്വവും ലഭ്യമാക്കുക, സുസ്ഥിര നഗരങ്ങളും സമൂഹവും സൃഷ്ടിക്കുക, ഉത്തരവാദിത്തത്തോടെയുള്ള ഉല്‍പ്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് ആ ലക്ഷ്യങ്ങള്‍.
മാലിന്യം ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയെന്നതിനും ഒപ്പം ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. അത് വിജയം കണ്ടു എന്നതില്‍ അഭിമാനമുണ്ട്. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശന് ജില്ലയെ ഇ-മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞ ഘട്ടത്തില്‍ തന്നെ ശ്രീമതി പ്രിയങ്കാ ഗാന്ധി എം.പിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. അവരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.
സമ്പൂര്‍ണ്ണ ഇ-വേസ്റ്റ് മുക്ത ജില്ല എന്ന ലക്ഷ്യം സാധിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, വെല്ലുവിളികള്‍. ജനപിന്തുണ ഉറപ്പാക്കുന്നതില്‍ എന്തായിരുന്നു ഊന്നല്‍?
മൂന്ന് മാസം നീണ്ടുനിന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് നമ്മള് ആവിഷ്കരിച്ച് നടപ്പാക്കിയത്. തുടര്‍ച്ചയായി കൂടിയാലോചനകള്‍ നേരിട്ട് തന്നെ നടത്തി രൂപരേഖ തയ്യാറാക്കി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തിലും ശുചിത്വ മിഷന്റെ മേല്‍നോട്ടത്തിലുമായിരുന്നു ബോധവത്കരണവും മാലിന്യ ശേഖരണവും നടത്തിയത്. 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തനം നടന്നു. ബോധവല്‍ക്കരണ യോഗങ്ങള്‍, സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍, വീടുകളിലെത്തിയുള്ള ആശയവിനിമയം, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണ് ജനപങ്കാളിത്തം ഉറപ്പാക്കിയത്.
ജില്ലയില്‍നിന്ന് 102.85 ടണ്‍ ഇ-മാലിന്യം ശേഖരിക്കാന്‍ സാധിച്ചു. ശേഖരിച്ച മാലിന്യം മുഴുവന്‍ ശാസ്ത്രീയമായ സംസ്കരണത്തിനും തുടര്‍നടപടികള്‍ക്കുമായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.
ഇ- മാലിന്യ ശേഖരണത്തിനായി പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളെയും സ്ഥാപനങ്ങളെയും ഇ-മാലിന്യമുക്തമാക്കി. തുടര്‍ന്ന് വീടുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഇ-മാലിന്യം ശേഖരിച്ചു. ശേഖരണത്തില്‍ ഉള്‍പ്പെടാതെ പോയ സ്ഥലങ്ങളിലേക്ക് മൂന്നാംഘട്ടത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു.
ഇതിലെ ജനകീയപങ്കാളിത്തം എടുത്ത് പറയേണ്ടത് തന്നെയാണ്. ഹരിതസേനാംഗങ്ങള്, ശുചീകരണ തൊഴിലാളികള്‍, ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വ്യാപാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ നമുക്ക് കഴിഞ്ഞു.
ഗോത്രജനത കൂടുതലുള്ള നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് 5.423 ടണ്‍ ഇ-മാലിന്യം ശേഖരിച്ച് രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത പഞ്ചായത്തെന്ന നേട്ടവും സ്വന്തമാക്കി. രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം വയനാടിനും സ്വന്തമായി.
നേട്ടം സ്വന്തമാക്കുന്നതിനേക്കാള്‍ ശ്രമകരമാണ് അത് തുടര്‍ന്നും നിലനിര്‍ത്തുക എന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? ജനങ്ങളിലേക്ക് അതിന്റെ പ്രാധാന്യം നിലനിര്‍ത്താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?
തീര്‍ച്ചയായും. ഒരു ജില്ലയെ ഇ-മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതുകൊണ്ട് മാത്രം നമ്മുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അത് തുടര്‍ച്ചയായി നിലനിര്‍ത്തുക എന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ട കാര്യം.
ഇ-മാലിന്യം ഓരോ ദിവസവും പുതുതായി ഉണ്ടാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇതൊരു തുടക്കമായി മാത്രമാണ് ഞങ്ങള്‍ കാണുന്നത്. തുടര്‍പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി സ്ഥിരമായ ഇ-മാലിന്യ ശേഖരണ സംവിധാനം ശക്തിപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അംഗീകൃത ഏജന്‍സികള്‍ വഴിയുള്ള ശേഖരണവും ശാസ്ത്രീയ സംസ്കരണവും തുടര്‍ച്ചയായി ഉറപ്പാക്കും.
ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വീടുകളിലും സ്ഥാപനങ്ങളിലും ഇ-മാലിന്യം കെട്ടിക്കിടക്കാതെ കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. അതോടൊപ്പം ഓരോ തദ്ദേശസ്ഥാപനത്തിലും ഇ-മാലിന്യ ശേഖരണത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനും ശേഖരിച്ച മാലിന്യത്തിന്റെ കൃത്യമായ കൈമാറ്റം ഉറപ്പാക്കുന്നതിനും സംവിധാനമുണ്ടാക്കും. ജനകീയ ഉത്തരവാദിത്തമെന്ന നിലയില്‍ തന്നെ മുന്നോട്ട് പോകും.
ഇ-വേസ്റ്റ് അവബോധം കുട്ടികളില്‍ വളര്‍ത്തുക എന്നത് ഈ നേട്ടം നിലനിര്‍ത്താന്‍ അതിപ്രധാനമാണ്. അതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടോ?
തീര്‍ച്ചയായും. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കടമയാണെന്ന ബോധം കുട്ടികളിലുണ്ടാക്കേണ്ടതുണ്ട്. ഇ-മാലിന്യങ്ങള്‍ പരിസ്ഥിതിക്കും ജീവനും സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കണം. ഇ-മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യലിനെക്കുറിച്ചും കുട്ടികള്‍ക്ക് അറിവുണ്ടാകണം. ഇതിനായി സ്കൂളുകളെയും കോളേജുകളെയും ഉള്‍പ്പെടുത്തി പ്രത്യേക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കായി മറ്റ് പദ്ധതികളും നടപ്പാക്കുന്നുണ്ട്. കുട്ടികളെ കൃഷിയിലൂടെ പ്രകൃതിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മള് കതിര് കാര്‍ഷിക ക്ലബുകള്‍ സ്കൂളുകളില്‍ രൂപീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം 500 സ്കൂളുകളിലാണ് നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം മുഴുവന്‍ സ്കൂളുകളും പദ്ധതിയുടെ ഭാഗമാകും.
ഈ വയനാട് മാതൃക മറ്റ് ജില്ലകളില്‍ കൂടി സാധ്യമാക്കാനുള്ള ചുവടുകള്‍ ആലോചനയിലുണ്ടോ? ഈ നേട്ടം വയനാടിന് മാത്രമുള്ളതല്ല. സംസ്ഥാനമാകെ കൈവരിക്കേണ്ടതാണ്.
തീര്‍ച്ചയായും. കേരളം മുഴുവന്‍ ഏറ്റെടുക്കേണ്ട മാതൃകയാണിത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നിര്‍മ്മലം പദ്ധതിയില്‍ ഇ-മാലിന്യ നിര്‍മാര്‍ജനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷിവകുപ്പ് മന്ത്രിയെന്ന നിലയില്‍ കൂടിയാണ് ഞാന്‍ ഈ വിഷയത്തില്‍ സവിശേഷ ശ്രദ്ധ നല്‍കിയത്. ലെഡ്, മെര്‍ക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങി മനുഷ്യര്‍ക്കും പ്രകൃതിക്കും ദോഷകരമായ ലോഹങ്ങളും രാസസംയുക്തങ്ങളും ഇ-മാലിന്യത്തിലുണ്ട്. വെള്ളത്തിലും മണ്ണിലും ലയിക്കുന്ന ഈ രാവസ്തുക്കള്‍ മനുഷ്യശരീരത്തില്‍ ദീര്‍ഷകാല ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശം, കരള്‍, വൃക്ക എന്നിവയെ ഗുരുതരമായി ബാധിക്കും. കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കാം. നാഢീവ്യവസ്ഥയുടെ പ്രവര്‍ത്തനം, പ്രതിരോധ ശേഷി എന്നിവയുടെ തകരാറിനും കാരണമായേക്കാം. കുട്ടികളുടെ വളര്‍ച്ചയെയും ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക തകരാറുകള്‍ക്കും ഇടാക്കിയേക്കാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇ-മാലിന്യ നിര്‍മാര്‍ജനത്തില്‍ എല്ലാവരും നിര്‍ബന്ധമായും സ്വയം നടപ്പാക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍ എന്താണ്?
ഇ-മാലിന്യ നിര്‍മാര്‍ജനം സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ മാത്രം ഉത്തരവാദിത്തമല്ല. ഓരോ പൗരന്റെയും കടമയാണ്. ഇ-മാലിന്യം കത്തിക്കുകയോ പൊളിച്ച് അതിലെ ഘടകങ്ങള്‍ അനധികൃതമായി വേര്‍തിരിക്കുകയോ ചെയ്യരുത്. പ്രത്യേകിച്ച് ബാറ്ററികള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുകയും അംഗീകൃത സംവിധാനങ്ങള്‍ക്കു മാത്രം കൈമാറുകയും വേണം. ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ചാര്‍ജറുകള്‍, ടെലിവിഷനുകള്‍, ബാറ്ററികള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സാധാരണ മാലിന്യത്തോടൊപ്പം കലര്‍ത്തരുത്. ഇ-മാലിന്യം പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വഴിയോരങ്ങളിലോ വലിച്ചെറിയരുത്. മണ്ണിലും വെള്ളത്തിലും ദോഷകരമായ ഘടകങ്ങള്‍ കലരാന്‍ ഇത് കാരണമാകും.
മൂന്നാമതായി, വീടുകളില്‍ ഇ-മാലിന്യങ്ങള്‍ പ്രത്യേകം സൂക്ഷിക്കുകയും തദ്ദേശസ്ഥാപനങ്ങള്‍, ഹരിതകര്‍മസേന, അംഗീകൃത ശേഖരണ ഏജന്‍സികള്‍ എന്നിവ വഴി ശാസ്ത്രീയമായി കൈമാറുകയും വേണം. നാലാമതായി, ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനാവശ്യമായി ഉപേക്ഷിക്കാതെ പരമാവധി പുനരുപയോഗത്തിന് പ്രാധാന്യം നല്‍കണം. കേടായ ഉപകരണങ്ങള്‍ അംഗീകൃത റിപ്പയറിംഗ് സംവിധാനങ്ങളിലൂടെ നന്നാക്കാന്‍ ശ്രമിക്കണം. നമ്മള് ഉപയോഗിക്കുന്ന ഓരോ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ഉത്തരവാദിത്തം അത് ഉപേക്ഷിക്കുന്നതോടെ അവസാനിക്കുന്നില്ല. അതിന്റെ ശാസ്ത്രീയമായ സംസ്കരണം ഉറപ്പാക്കുന്നതുവരെ ആ ഉത്തരവാദിത്തം നമുക്കുണ്ട്.
രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്ന അംഗീകാരം മീനങ്ങാടി നേരത്തേ സ്വന്തമാക്കിയിരുന്നു. വയനാട് ജില്ല മുഴുവന്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുകയെന്ന വലിയ ലക്ഷ്യം സാധ്യമാക്കാന്‍ എന്തൊക്കെയാണ് ആലോചനകള്‍?
വയനാടിന്റെ വികസനത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ്. നേരത്തെ പറഞ്ഞത് പോലെ കാലാവസ്ഥാ അനുകൂല (Climate Positive) ജില്ലയായി വയനാടിനെ മാറ്റുക എന്നതാണ് അടുത്ത ലക്ഷ്യം. വനസംരക്ഷണം, വൃക്ഷവല്‍ക്കരണം, ജലസംരക്ഷണം, പുനരുപയോഗ ഊര്‍ജത്തിന്റെ വ്യാപനം, പരിസ്ഥിതി സൗഹൃദ കൃഷിരീതികള്‍, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ ഇടപെടലുകള്‍ ആവശ്യമാണ്. സൗരോര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പൊതുഗതാഗതവും പരിസ്ഥിതി സൗഹൃദ യാത്രാമാര്‍ഗങ്ങളും പ്രോത്സാഹിപ്പിക്കുക, ജൈവവൈവിധ്യവും വനമേഖലകളും സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമാകും.
ഇതോടൊപ്പം 'ഭൂമി' പദ്ധതിയിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍, സന്നദ്ധ സംഘടനകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ഇ-മാലിന്യമുക്ത വയനാട് എന്നത് ഈ വലിയ ലക്ഷ്യത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ്. അതോടൊപ്പം പുനരുപയോഗിക്കാന്‍ കഴിയാത്ത, പ്ലാസ്റ്റിക് രഹിത പരിസ്ഥിതി സൗഹൃദ ജില്ല എന്ന പ്രഖ്യാപനത്തിന്റെ സാധ്യതകളും ഞങ്ങള്‍ തേടുന്നുണ്ട്. അതിലേക്കാണ് ഞങ്ങളുടെ അടുത്ത പ്രയാണം.