Kerala News

43 കൗണ്ടിംഗ് സ്റ്റേഷനുകള്‍, ആദ്യ സൂചനകള്‍ 9 മണിയോടെ; കേരളം ആര് ഭരിക്കും? ആരാകും മുഖ്യമന്ത്രി? ഫലം മണിക്കൂറുകള്‍ക്കകം അറിയാം

കേരളത്തിന്റെ പതിനാറാം നിയമസഭയിലേക്ക് ആരൊക്കെയെത്തുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് മേല്‍ക്കൈ നല്‍കുന്നുണ്ടെങ്കിലും എല്‍ഡിഎഫിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായി തള്ളിക്കളയാത്ത ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. 2021ല്‍ പൂട്ടിയ അക്കൗണ്ട് വീണ്ടും തുറക്കാനാകുമെന്ന പ്രതീക്ഷയില്‍ എന്‍ഡിഎ മുന്നണിയും ആത്മവിശ്വാസത്തിലാണ്. മൂന്നാം വട്ടവും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം ഇടതു നേതാക്കള്‍ ആവര്‍ത്തിച്ച് പ്രകടിപ്പിക്കുമ്പോള്‍ ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ ഭാവി കാര്യങ്ങളില്‍ ആലോചനകള്‍ നടത്തുകയാണ് യുഡിഎഫ് നേതൃത്വം. മെയ് 4 തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.

43 വോട്ടെണ്ണല്‍ സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇവയിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. 15,465 ജീവനക്കാരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. 32,301 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. 20 കമ്പനി സിആര്‍പിഎഫിനെയും നിയോഗിച്ചിട്ടുണ്ട്.

43 കൗണ്ടിംഗ് സ്‌റ്റേഷനുകള്‍, ആദ്യ സൂചനകള്‍ എട്ടരയോടെ

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളായിരിക്കും. മെയ് ഒന്നാം തിയതി വരെ 20,028 സര്‍വീസ് വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. സര്‍വീസ് വോട്ടുകള്‍ ഒഴികെ 73.63 ആണ് വോട്ടിംഗ് ശതമാനം. എട്ടരയോടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ട്രെന്‍ഡ് ലഭ്യമാകും. 10 മണിയോടെ ഫലസൂചനകള്‍ ലഭ്യമാകും. വോട്ടെണ്ണലില്‍ തിടുക്കം വേണ്ടെന്നും കൃത്യതക്കാണ് പ്രാധാന്യമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 43 വോട്ടെണ്ണല്‍ സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇവയിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. 15,465 ജീവനക്കാരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. 32,301 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. 20 കമ്പനി സിആര്‍പിഎഫിനെയും നിയോഗിച്ചിട്ടുണ്ട്. ഫലങ്ങള്‍ results.eci.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. പെരുമാറ്റച്ചട്ടം മെയ് 6 വരെ നിലവിലുണ്ടാകും.

ആത്മവിശ്വാസത്തില്‍ മുന്നണികള്‍

ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. നൂറിലേറെ സീറ്റുകളുമായി അധികാരത്തില്‍ എത്തുമെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം നൂറിലേറെ സീറ്റുകള്‍ എന്ന അവകാശവാദമില്ലെന്ന് മുസ്ലീം ലീഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് 70നും 90നും ഇടയില്‍ സീറ്റുകള്‍ പ്രവചിക്കുന്നു. എല്‍ഡിഎഫിന് സമ്പൂര്‍ണ്ണ പരാജയം പ്രവചിക്കാന്‍ എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 60 മുതല്‍ 69 സീറ്റുകള്‍ വരെ കിട്ടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്.

എക്‌സിറ്റ് പോള്‍ ഫലം ഉള്‍പ്പെടെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന സൂചനയിലേക്കാണ് എത്താനാകുക. നൂറിന് മുകളില്‍ കിട്ടുമെന്ന് പറഞ്ഞ് വനവാസം പ്രഖ്യാപിച്ചവര്‍ അതില്‍ നിന്ന് മാറി. 60-69 സീറ്റ് വരെ എല്‍ഡിഎഫിന് കിട്ടുമെന്ന് എക്‌സിറ്റ് പോള്‍ പറഞ്ഞിട്ടുണ്ട്. പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളു. അതിലധികം കിട്ടാന്‍ സാധ്യതയുണ്ട്. ഞങ്ങള്‍ക്ക് നല്ല ആത്മധൈര്യമുണ്ട്. ജനം വിധിയെഴുതിക്കഴിഞ്ഞു. ഇപ്പോള്‍ നമ്പര്‍ പറയുന്നില്ല. ഭൂരിപക്ഷം കിട്ടുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രി ആരാകുമെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കേരളത്തിലെ ജനങ്ങള്‍ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ്.
എം.വി.ഗോവിന്ദന്‍

അതേസമയം എല്‍ഡിഎഫ് അവകാശവാദം വോട്ടെണ്ണല്‍ വരെ മാത്രമാണെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.

ഇത്തവണ ജനങ്ങളില്‍ നിന്ന് എക്കാലത്തെക്കാളും കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുണ്ട്. ഭൂരിപക്ഷം കൂടുമെന്നതാണ് പ്രതീക്ഷ. മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഞങ്ങള്‍ക്കിടയില്‍ സജീവമായി നടക്കുന്നുണ്ട്. എങ്കിലും അതിനൊരു മാനദണ്ഡം നിലനില്‍ക്കുന്നുണ്ട്. അതിന് അനുസരിച്ചേ ചെയ്യുകയുള്ളു. അട്ടിമറി വിജയം നേടുമെന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ പറയാറുള്ളതാണ്. ഫലം പുറത്തു വരുന്നത് വരെ മാത്രമേ അവരുടെ അവകാശവാദം നിലനില്‍ക്കുകയുള്ളു.
സണ്ണി ജോസഫ്

എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകും എന്ന് തന്നെയാണ് വിലയിരുത്തല്‍. വോട്ടെണ്ണലിന് മുന്‍പ് ഒന്നും പറയാനില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എല്‍ഡിഎഫ് ഭരണത്തില്‍ വരുമെന്നതാണ് തന്റെ വിശ്വാസവും ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 60 ലക്ഷത്തോളം പേര്‍ക്ക് അതിന്റെ ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കലഹമായിരിക്കും. അവര്‍ അധികാരത്തില്‍ എത്താനിടയില്ല. ബിജെപിയെ ആരും കാണാതാ പോകരുത്. 14 സീറ്റ് പിടിക്കുമെന്നാണ് അവര്‍ പറയുന്നതെങ്കിലും അത്രയും സീറ്റുകള്‍ പിടിക്കാന്‍ പോകുന്നില്ല. എങ്കിലും അവര്‍ അക്കൗണ്ട് തുറക്കും. രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഇവിടെ ഒന്നോ രണ്ടോ സീറ്റില്‍ ജയിക്കുന്നതില്‍ പേടിക്കാനൊന്നും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. 72 മുതല്‍ 90 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകള്‍ വരെയും. എന്‍ഡിഎക്ക് 0 മുതല്‍ 8 സീറ്റുകള്‍ വരെയും ഏജന്‍സികള്‍ പ്രവചിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ സര്‍വേ യുഡിഎഫിന് 78 മുതല്‍ 90 സീറ്റുകള്‍ ലഭിക്കുമെന്ന് പറയുമ്പോള്‍ എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകള്‍ വരെ പ്രവചിക്കപ്പെടുന്നു. പീപ്പിള്‍ പള്‍സ് സര്‍വേയില് യുഡിഎഫിന് 75-85 സീറ്റുകളും എല്‍ഡിഎഫിന് 55-65 സീറ്റുകള്‍ പ്രവചിക്കപ്പെടുന്നു. 2021ല്‍ 99 സീറ്റുകളുമായാണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയത്. യുഡിഎഫിന് 41 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു.

ബംഗാള്‍, തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലങ്ങളും

മെയ് നാലിന് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലെയും ഫലങ്ങള്‍ പുറത്തു വരും. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ഫലങ്ങളാണ് പുറത്തു വരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി ബിജെപി പശ്ചിമ ബംഗാളില്‍ അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെക്ക് മേല്‍ക്കൈയുണ്ടെങ്കിലും വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളും പുറത്തു വന്നിരുന്നു.

ആകാശഗോപുരങ്ങളില്‍ നിന്ന് അയണ്‍ ഡോമിലേക്ക്: യുഎഇയും മാറുന്ന പശ്ചിമേഷ്യന്‍ സമവാക്യങ്ങളും

ആകാംഷ നിറച്ച ട്രെയ്‌ലർ; സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആദ്യ ദിനം 365 ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; പേട്രിയറ്റിന് മികച്ച ഓപ്പണിംഗ്

ആസിഫ് അലി ഇനി 'ദി കിംഗ് ഓഫ് മാജിക്'; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ഫസ്റ്റ് ലുക്ക്

'ഒരുപാട് കാലത്തിന് ശേഷം ആഗ്രഹിച്ച ഒരു FDFS'; പേട്രിയറ്റിന് പ്രശംസയുമായി ആന്റണി വർഗ്ഗീസ്, ടൊവിനോ, ബേസിൽ ജോസഫ്, നിഖില വിമൽ

SCROLL FOR NEXT