കേരളം കടക്കെണിയിലാണെന്നും നീക്കിയിരുപ്പുണ്ടെന്ന മുൻ സർക്കാരിൻ്റെ വാദം ജനങ്ങളെ കബളിപ്പിക്കലാണെന്നും പറഞ്ഞുകൊണ്ട് യുഡിഎഫ് സർക്കാരിൻ്റെ ധവളപത്രം. കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ "Kerala's Fiscal Health: A Status Report" എന്ന 195 പേജുള്ള ഈ രേഖയിൽ, 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയും റവന്യൂ വരുമാനത്തിന്റെ 77.6 ശതമാനവും ശമ്പള, പെൻഷൻ, ബാധ്യതകളുടെ പലിശ എന്നീ നിർബന്ധിത ചെലവുകളിലേക്കാണ് പോകുന്നതെന്നും വിശദീകരിക്കുന്നു. ഭരണമാറ്റത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് വസ്തുനിഷ്ഠമായ ചിത്രം വെളിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. 2025-26 വർഷത്തിൽ ട്രഷറി ബാലൻസ് 10 മാസവും നെഗറ്റീവ് ആയെന്നും, വികസന പദ്ധതികൾക്കായി നീക്കിവെക്കുന്ന തുക ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണെന്നും (1.3%) ധവളപത്രത്തിൽ പറയുന്നു. ഇതൊരു രാഷ്ട്രീയ കുറ്റപത്രമല്ല, മറിച്ച് 48,733 കോടി രൂപയുടെ കുടിശ്ശികയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള സുതാര്യമായ വെളിപ്പെടുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധവളപത്രം എന്നാൽ എന്ത്?
ഒരു സർക്കാർ അധികാരമേറ്റ ശേഷം, മുൻ സർക്കാർ ബാക്കിവെച്ച സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കാൻ ഇറക്കുന്ന ഔദ്യോഗിക രേഖയാണ് ധവളപത്രം. ട്രഷറിയിലെ പണലഭ്യത, സംസ്ഥാനത്തിന്റെ ആകെ കടം, വരുമാനക്കുറവ്, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ ഇതിൽ രേഖപ്പെടുത്തും.
കേരളത്തിൽ ഇത് ആദ്യമായല്ല. 1987ൽ ഇ.കെ. നായനാർ സർക്കാർ ആദ്യ ധവളപത്രം ഇറക്കി. 2001ൽ എ.കെ. ആന്റണി സർക്കാർ, 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ, 2016ൽ ഒന്നാം പിണറായി സർക്കാർ തുടങ്ങിയ നാല് സർക്കാരുകൾ ഇതിനുമുൻപ് ധവളപത്രം ഇറക്കിയിട്ടുണ്ട്. ഇപ്പോൾ വി.ഡി. സതീശൻ സർക്കാർ ഇറക്കുന്നത് കേരളത്തിന്റെ അഞ്ചാം ധവളപത്രമാണ്.
ആകെ കടബാധ്യത: 5.07 ലക്ഷം കോടി
2025-26 ബജറ്റ് എസ്റ്റിമേറ്റ് (Budget Estimate) അനുസരിച്ച്, കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (Gross State Domestic Product - GSDP) 35.5 ശതമാനം വരും. രാജ്യത്തെ ദേശീയ ശരാശരി 29.2 ശതമാനമാണ്. പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 28.81 ശതമാനവും. കേരളം 35.5 ശതമാനവുമായി ഈ ശരാശരികളെ വളരെ അധികം മറികടന്നിരിക്കുകയാണ്. 2019-20 മുതൽ 2023-24 വരെ, കേരളത്തിന്റെ മൊത്തം ബാധ്യതകൾ ശരാശരി 11.61 ശതമാനം നിരക്കിൽ ഓരോ വർഷവും വർധിച്ചിരുന്നതായി C&AG (Comptroller and Auditor General) കണ്ടെത്തിയിരുന്നു.
ഖജനാവിൽ പൂച്ച പെറ്റോ?
ഏറ്റവും ചർച്ചയായത് ഖജനാവിന്റെ സ്ഥിതി അറിയാൻ ആയിരുന്നു. ട്രഷറി ഓരോ ദിവസവും തള്ളി നീക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)യുടെ സഹായത്തോടെയാണ് സർക്കാരിന് കഴിഞ്ഞതെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 12 മാസത്തിൽ 10 മാസവും ട്രഷറി ബാലൻസ് നെഗറ്റീവ് ആയിരുന്നു. 2025ൽ 202 ദിവസത്തിൽ 84 ദിവസവും ഓവർഡ്രാഫ്റ്റിനെ ആശ്രയിച്ചു. ദൈനംദിന ചെലവുകൾക്കായും ശമ്പളവും പെൻഷനും ബില്ലുകളും നൽകാൻ സർക്കാർ കോടികളുടെ കടം വാങ്ങേണ്ടി വന്നു. ഇതിന് വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ് (WMA), ഓവർഡ്രാഫ്ട് എന്നീ രണ്ട് സൗകര്യങ്ങൾ RBI നൽകുന്നുണ്ട്. WMA റിപ്പോ നിരക്കിൽ 1 ശതമാനം അധിക പലിശ ഈടാക്കും. ഓവർഡ്രാഫ്റ്റിന് റിപ്പോ നിരക്കിൽ 2 ശതമാനം അധിക പലിശ ഈടാക്കും.
2026 മേ മാസം വരെ RBIയുടെ റിപ്പോ നിരക്ക് 5.25 ശതമാനമാണ്. അതായത്, ഓവർഡ്രാഫ്റ്റ് ഉപയോഗിക്കുമ്പോൾ കേരളം 7.25 ശതമാനം മുതൽ 10.25 ശതമാനം വരെ പലിശ അടക്കേണ്ടി വരുന്നു. ഇത് നൽകിയത് ഖജനാവിന് വലിയ നഷ്ടമാണ്. 2015ൽ 18 ദിവസം WMA ഉപയോഗിച്ചിരുന്ന കേരളം, 2025ൽ 262 ദിവസം WMAയെ ആശ്രയിച്ചു. ഓവർഡ്രാഫ്റ്റ് 84 ദിവസം ഉപയോഗിക്കേണ്ടി വന്നു. ഈ കണക്കുകൾ ഒരു ദശകത്തിനിടെ ട്രഷറിയുടെ അവസ്ഥ എങ്ങനെ മോശമായി എന്ന് വ്യക്തമാക്കുന്നുവെന്ന് ധവളപത്രം പറയുന്നു.
77 ശതമാനവും നിർബന്ധിത ചെലവ്
2024-25ൽ കേരളത്തിന്റെ നിർബന്ധിത ചെലവിൽ ശമ്പളം (39,904 കോടി), പെൻഷൻ (27,885 കോടി), പലിശ (29,138 കോടി) ചേർന്ന് 96,927 കോടി രൂപ ആണ്. ഇത് ആ വർഷത്തെ ആകെ വരുമാനത്തിന്റെ 77.6 ശതമാനമാണ്.
ദേശീയ ശരാശരി 46.1 ശതമാനം മാത്രമാണ്. കേരളം ഇതിന്റെ ഒന്നര ഇരട്ടിയിലധികം ചെലവഴിക്കുന്നു. ചുരുക്കി പറഞ്ഞാൽ, ഓരോ നൂറ് രൂപ വരുമാനത്തിലും 77 രൂപ ഈ ബാധ്യതകൾക്ക് പോകുന്നു. റോഡ്, ആശുപത്രി, സ്കൂൾ, ക്ഷേമ പദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ വികസന പദ്ധതികൾക്കുള്ള മൂലധനം (Capital Expenditure) ആയി ബാക്കി 23 രൂപ മാത്രമാണുള്ളത്.
മൂലധന ചെലവ് ദേശീയ ശരാശരിയുടെ പകുതിയിൽ താഴെ
റോഡ്, ആശുപത്രി, അടിസ്ഥാന സൗകര്യ നിർമ്മാണം എന്നീ വികസന പദ്ധതികൾക്കുള്ള മൂലധന ചെലവിൽ (Capital Expenditure) കേരളം ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. 2025-26ൽ കേരളത്തിന്റെ മൂലധനം GSDPയുടെ 1.3 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 3.2 ശതമാനമാണ്. പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമാണ്. കേരളം ഈ ശരാശരിയുടെ പകുതിയിൽ താഴെ മാത്രം ചെലവഴിക്കുന്നു. 2023-24 വരെ ലഭ്യമായ C&AG ഡേറ്റ അനുസരിച്ച്, കേരളത്തിൽ കടം വാങ്ങിയ തുകയുടെ 5.18 ശതമാനം മാത്രമാണ് മൂലധന രൂപീകരണത്തിന് ഉപയോഗിച്ചത്. ബാക്കി ഭൂരിഭാഗവും ശമ്പളം, പെൻഷൻ, കഴിഞ്ഞ കടത്തിന്റെ തിരിച്ചടവ് എന്നിവയ്ക്ക് ഉപയോഗിച്ചു.
48,733 കോടിയുടെ ബാക്കികടങ്ങൾ
2026 മാർച്ച് 31 ലെ കണക്കനുസരിച്ച്, പുതിയ സർക്കാർ ഏറ്റെടുക്കേണ്ട ബാക്കി കടങ്ങൾ അഥവാ കൊടുക്കാൻ ബാക്കിയുള്ള തുകകൾ (arrears) ഇങ്ങനെ ആണ്:
ജീവനക്കാരുടെ ഡിഎ കുടിശ്ശിക: 21,670 കോടി
പെൻഷൻകാരുടെ ഡിആർ കുടിശ്ശിക: 14,387 കോടി
ബാങ്കുകൾക്കും കരാറുകാർക്കും ബിൽ ഡിസ്കൗണ്ടിങ്ങിൽ നൽകാനുള്ളത്: 3,431 കോടി
കാരുണ്യ ആരോഗ്യ സുരക്ഷ, സപ്ലൈകോ തുടങ്ങി മറ്റ് ബാധ്യതകൾ ഉൾപ്പെടെ ആകെ: 48,733 കോടി
ഇത് ഏകദേശം കേരളത്തിന്റെ ഒരു വർഷത്തെ അറ്റ വായ്പ (net borrowing) തുകയ്ക്ക് തുല്യമാണ്.
കിഫ്‌ബി സ്വതന്ത്ര ഫണ്ടോ, കടക്കെണിയോ?
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) ബജറ്റ് ഉപയോഗിക്കാതെ വികസനം നടപ്പാക്കാൻ 2016ൽ ഉദ്ഘാടനം ചെയ്ത സംവിധാനമായിരുന്നു. എന്നാൽ ധവളപത്രം കിഫ്‌ബിയോടുള്ള വിയോജിപ്പ് വ്യക്തമായി പ്രഖ്യാപിക്കുന്നു. നിലവിൽ കിഫ്‌ബിക്ക് 21,000 കോടി രൂപയുടെ കടബാധ്യത കുടിശികയുണ്ട്. കിഫ്‌ബിക്ക് സ്വന്തം വരുമാനമില്ല. അതിനാൽ ഈ തിരിച്ചടവ് ഭാരം പൂർണമായും സംസ്ഥാന സർക്കാരിന്റേതാകും. കൂടാതെ, കിഫ്‌ബി അംഗീകരിച്ചിട്ടുള്ളതും എന്നാൽ ഇനിയും ഫണ്ട് ചെയ്യേണ്ടതുമായ പ്രൊജക്ടുകൾക്ക് 35,000 കോടി രൂപ കൂടി ആവശ്യമാണ്.
C&AG കണ്ടെത്തൽ അനുസരിച്ച്, കിഫ്‌ബിയുടെ കടം നിലവിൽ സംസ്ഥാനത്തിന്റെ കടം തന്നെയാണ്. ഇത് സംസ്ഥാനത്തിന്റെ ആകെ വായ്പാ പരിധിയിൽ ഉൾപ്പെടും. കിഫ്‌ബിക്ക് ഫണ്ട് സ്വരൂപിക്കാൻ സർക്കാരിനേക്കാൾ 1 മുതൽ 1.5 ശതമാനം അധികം പലിശ നൽകേണ്ടി വരുന്നു. ഇത് ഖജനാവിന് അനാവശ്യ ചെലവ് ഉണ്ടാക്കുന്നു. കിഫ്‌ബി പ്രൊജക്ടുകളുടെ ജില്ലാ വിതരണം ഒരു ചോദ്യം ഉയർത്തുന്നതായും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ആകെ അനുവദിച്ചിട്ടുള്ള തുകയുടെ 20 ശതമാനവും കണ്ണൂർ ജില്ലക്ക് ലഭിച്ചു. തിരുവനന്തപുരം 17 ശതമാനം, Ernakulam 11 ശതമാനം എന്നീ ഈ മൂന്ന് ജില്ലകൾ ചേർന്ന് ആകെ ഫണ്ടിന്റെ ഏതാണ്ട് പകുതിയോളം കൈക്കലാക്കി. മാനവ വികസന സൂചികയോ, സാമ്പത്തിക ആവശ്യമോ ഇതിന് ന്യായമായ കാരണം നൽകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ 78,851 കോടിയുടെ നഷ്ടം
കേരളത്തിൽ 132 സജീവ പൊതുമേഖലാ സ്ഥാപനങ്ങൾ (PSE) ഉണ്ട്. ഇവയുടെ ആകെ നഷ്ടം 2021-22ൽ 31,571 കോടി ആയിരുന്നത്, 2024-25ൽ 78,851 കോടിയായി ഉയർന്നു. കെഎസ്ആർടിസി, കെഎസ്എസ്പിഎൽ, കേരളം ജല അതോറിറ്റി (KWA) തുടങ്ങിയ സ്ഥാപനങ്ങൾ 2024-25ൽ ആകെ അറ്റനഷ്ടത്തിൽ 72 ശതമാനം ഉത്തരവാദികളാണ്. കൊച്ചി മെട്രോയ്ക്ക് മാസം 35 കോടി രൂപ നഷ്ടം ഉണ്ടാകുന്നതായും ധവളപത്രം വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങളെ സജീവമായി നിർത്താൻ ബജറ്റിൽ നിന്ന് ഗ്രാന്റും സബ്‌സിഡിയും ഒഴുക്കേണ്ടി വരുന്നു.
20,000 കോടി കേന്ദ്ര ഫണ്ടിൽ നഷ്ടം
15-ആം ധനകാര്യ കമ്മീഷൻ (Finance Commission) കാലത്ത് റെവെന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചിരുന്നു. 16-ആം ധനകാര്യ കമ്മീഷൻ ഇത് ഒഴിവാക്കി. ജിഎസ്ടി ആനുകൂല്യങ്ങളും നിർത്തി. 2026-27ൽ കേന്ദ്ര ട്രാൻസ്ഫറിൽ ഏകദേശം 20,000 കോടി രൂപ കുറവ് ഉണ്ടാകുമെന്ന് ധവളപത്രം മുന്നറിയിപ്പ് നൽകുന്നു. ഇത് ന്യൂനപക്ഷ ക്ഷേമം, SC/ST പദ്ധതികൾ ഉൾപ്പെടെ വിവിധ പ്ലാനിങ് ചെലവുകളെ ഗുരുതരമായി ബാധിക്കും.
ഇനി എന്ത്? ധവളപത്രത്തിലെ ശുപാർശകൾ
നിലവിൽ ഇത് എങ്ങനെ മറികടക്കാമെന്ന് പഠിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ധവളപത്രം ശുപാർശകൾ അനുസരിച്ച് ഈ പ്രതിസന്ധിക്ക് ദ്രുതപരിഹാരം ഇല്ല. ദീർഘകാല ഘടനാ പരിഷ്കാരങ്ങൾ മാത്രമേ ഇതിൽ നിന്ന് കരകയറ്റൂ.
കിഫ്‌ബിക്ക് ഇനി പുതിയ ലോൺ അനുവദിക്കരുത്. കിഫ്‌ബിയെ ഘട്ടംഘട്ടമായി ബജറ്റ് നിയന്ത്രണത്തിൽ കൊണ്ടുവരണം.
KSRTC, KSEB, KWA പോലുള്ള സ്ഥാപനങ്ങളിൽ ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള സബ്സിഡിക്ക് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് subsidy നൽകണം.
ബീവറേജും സപ്ലൈകോയും ലയിപ്പിക്കുന്നതിലൂടെ നികുതി ബാധ്യത കുറക്കാൻ സാധ്യതയുണ്ട്.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂട്ടുകയും ശമ്പള പരിഷ്കരണം 10 വർഷത്തിൽ ഒരിക്കൽ ആക്കുകയും ചെയ്താൽ ബാധ്യത കുറയ്ക്കാൻ കഴിയും.
വ്യവസായ വളർച്ചയും, സ്വകാര്യ നിക്ഷേപവും, തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന നയ ചട്ടക്കൂടില്ലാതെ ദീർഘകാലത്ത് ഈ തകർച്ചയിൽ നിന്ന് കരകയറില്ല.
നയപ്രഖ്യാപനം ഒരു പ്രതീക്ഷയും നൽകുന്നില്ല, നായരാഹിത്യമായിരുന്നു മുഖമുദ്ര. ഇത് കേരളത്തിന്റെ തകർച്ചയ്ക്ക് വഴിവെക്കുന്നത്പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ധവളപത്രം ഉമ്മാക്കിയല്ല, കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ കണ്ണാടി. ഇത് റിയൽ കണക്കുകൾ.മുഖ്യമന്ത്രി വി.ഡി. സതീശൻ
സതീശൻ മുൻപ് പറഞ്ഞ പലതും കള്ളംമുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ധവളപത്രം ഇറങ്ങിയതോടെ നിയമസഭയിൽ വൻ വാക്ക്പോരിന് വഴിയൊരുങ്ങി. യുഡിഎഫ് സർക്കാരിന്റെ ധവളപത്രം വിചിത്രവാദം, വെറും പൊളിറ്റിക്കൽ രേഖയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ കണക്കുകൾ വെറും ഭരണ സ്ഥിതിവിവരം മാത്രമല്ലെന്ന് യുഡിഎഫ് സർക്കാറിന്റെ മറുപടി. ഖജനാവ് ശൂന്യമാകുമ്പോൾ ആദ്യം ബാധിക്കുന്നത് ക്ഷേമ പദ്ധതികളെ ആണ്. SC/ST, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പദ്ധതി വിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞതായി ധവളപത്രം തന്നെ വ്യക്തമാക്കുന്നു. മൂലധനം കഴിഞ്ഞ പത്ത് വർഷത്തിൽ ഇടിഞ്ഞ് പൊയ്പ്പോയത്, ഭാവിയിൽ ഉണ്ടാകേണ്ടിയിരുന്ന നികുതി വരുമാന വളർച്ചയും തൊഴിലവസരങ്ങളും ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചുരുക്കി പറഞ്ഞാൽ, ഒരു സർക്കാർ ആരോഗ്യമുള്ള ഖജനാവിൽ നിന്ന് ജനങ്ങൾക്ക് സേവനം നൽകേണ്ടതിന്, ഇപ്പോൾ RBIൽ നിന്ന് ദൈനംദിന ചെലവിന് കടം വാങ്ങേണ്ടി വരുന്ന സ്ഥിതിയാണെന്ന് ധവളപത്രം പറയുന്നു.