വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലേക്ക്. ഇടതു കോട്ടകളില്‍ അടക്കം വിള്ളലുണ്ടാക്കിക്കൊണ്ടാണ് യുഡിഎഫ് കുതിപ്പ്. സിപിഎം വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായവര്‍ അടക്കം വന്‍ വിജയമാണ് നേടിയത്. യുഡിഎഎഫ് തരംഗത്തില്‍ മന്ത്രിമാര്‍ അടക്കം പരാജയപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി മൂന്ന് സീറ്റുകളില്‍ വിജയിച്ചു. ചാത്തന്നൂര്‍, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. എല്‍ഡിഎഫിലെ പല പ്രമുഖരും പരാജയപ്പെട്ട തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് വിജയിച്ചത്.
ആദ്യ ഫലങ്ങള്‍ പുറത്ത്. രമേശ് ചെന്നിത്തല, രാജന്‍ ജെ. പല്ലന്‍, യു.ആര്‍.പ്രദീപ്, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി.മമ്മിക്കുട്ടി, അഡ്വ.കെ.പ്രേംകുമാര്‍, ടി.എം.ശശി, ടി.സിദ്ദിഖ്, സിറിയക് തോമസ്, ബിന്ദു കൃഷ്ണ, എം.വിജിന്‍, കല്ലത്ര മാഹിന്‍, ഷിബു ബേബി ജോണ്‍, വി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ വിജയിച്ചു
പിണറായി വിജയന് സ്വന്തം വീട് ഇരിക്കുന്ന വേങ്ങാട് പഞ്ചായത്തില്‍ പോലും ലീഡ് കിട്ടിയില്ലെന്നും ഇത് രാഷ്ട്രീയപരമായി പരാജയമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി.അബ്ദുള്‍ റഷീദ്. കാല്‍ലക്ഷത്തോളം ലീഡ് കിട്ടേണ്ടയിടത്താണ് അഞ്ച് റൗണ്ടില്‍ പോലും മുഖ്യമന്ത്രിക്ക് ലീഡ് കിട്ടാതെ പോയതെന്നും അബ്ദുള്‍ റഷീദ്.
ധര്‍മ്മടത്ത് ഏഴാം റൗണ്ടില്‍ തിരിച്ചുവരവ് നടത്തി പിണറായി വിജയന്‍. 1536 വോട്ടുകളുടെ ലീഡാണ് പിണറായി നേടിയത്. പതിനഞ്ച് റൗണ്ടുകളാണ് മണ്ഡലത്തില്‍ ആകെ എണ്ണാനുള്ളത്.
യുഡിഎഫില്‍ ഏറ്റവും ഉയര്‍ന്ന ലീഡ് നേടി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി മണ്ഡലത്തില്‍ പത്ത് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 40,163 വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.
ആറാം റൗണ്ടില്‍ യുഡിഎഫ് ലീഡ് കുറച്ച് പിണറായി വിജയന്‍. വി.പി.അബ്ദുള്‍ റഷീദിന്റെ ലീഡ് 647 വോട്ടുകളായി കുറഞ്ഞു. തുടര്‍ച്ചയായി അഞ്ച് റൗണ്ടുകള്‍ പിന്നില്‍ നിന്നതിന് ശേഷമാണ് പിണറായി തിരിച്ചു വരുന്നത്.
ധർമ്മടം മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം. ആദ്യ അഞ്ച് റൗണ്ടുകളും വോട്ടെണ്ണി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 1090 വോട്ടുകൾക്ക് പിന്നിലാണ്. യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദാണ് മുന്നിൽ.
ധര്‍മടത്ത് തുടര്‍ച്ചയായി നാലാം റൗണ്ടിലും പിണറായി വിജയന്‍ പിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി.അബ്ദുള്‍ റഷീദിന് 2812 വോട്ടുകളുടെ ലീഡാണ് നാലാം റൗണ്ടില്‍ ലഭിച്ചത്.
മൂന്നാം റൗണ്ടില്‍ പറവൂരില്‍ ലീഡ് പിടിച്ച് വി.ഡി.സതീശന്‍. സിപിഐയുടെ ടൈസന്‍ മാസ്റ്റര്‍ക്ക് എതിരെ 995 വോട്ടുകളുടെ ലീഡാണ് സതീശന്‍ നേടിയത്. ധര്‍മടത്ത് ആദ്യ രണ്ട് റൗണ്ടുകളിലുണ്ടായ തിരിച്ചടി പിണറായി വിജയന് മൂന്നാം റൗണ്ടിലും തുടരുകയാണ്. 2077 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി.അബ്ദുള്‍ റഷീദിനുള്ളത്.
പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആദ്യ റൗണ്ടില്‍ പിന്നില്‍. സിപിഐയുടെ ഇ.ടി.ടൈസന്‍ മാസ്റ്റര്‍ 243 വോട്ടുകള്‍ക്ക് മുന്നിലാണ്.
ധര്‍മ്മടത്ത് ആദ്യ റൗണ്ട് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 733 വോട്ടുകള്‍ക്ക് പിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.പി.അബ്ദുള്‍ റഷീദാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് കുതിപ്പ്. 90ഓളം സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ 44 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ്. 8 മന്ത്രിമാര്‍ സിറ്റിംഗ് സീറ്റുകളില്‍ പിന്നിലാണ്. മന്ത്രിമാരായ വി.എന്‍.വാസവന്‍, കെ.ബി.ഗണേഷ് കുമാര്‍, വീണ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, ആര്‍.ബിന്ദു തുടങ്ങിയവര്‍ പിന്നില്‍.
പേരാവൂരില്‍ ആദ്യ ലീഡ് നില പുറത്തു വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയാണ് തൊട്ടുപിന്നില്‍.ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസും കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാലും വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനും ലീഡ് ചെയ്യുന്നു.
വോട്ടെണ്ണല്‍ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ പോസ്റ്റല്‍ വോട്ടുക ളില്‍ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് ലീഡില്‍. വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങി. തുടക്കം എല്‍ഡിഎഫിനായിരുന്നു ലീഡെങ്കിലും യുഡിഎഫ് തൊട്ടുപിന്നാലെ ലീഡ് പിടിച്ചു. ലീഡ് മാറിമറിയുന്ന കാഴ്ചയായിരുന്നു പിന്നീട്. ആദ്യ ട്രെന്‍ഡ് അല്‍പ സമയത്തിനകം.
വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടെ വോട്ടിംഗ് മെഷീനുകള്‍ എണ്ണാന്‍ ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ട്രെന്‍ഡുകള്‍ ലഭ്യമായിത്തുടങ്ങും. പത്തുമണിയോടെ ഫലസൂചനകള്‍ ലഭ്യമാകും.
ഭരണമാറ്റം ഉണ്ടാകുമോ? അതോ തുടര്‍ ഭരണമോ? ബിജെപി അക്കൗണ്ട് തുറക്കുമോ? ട്രെന്‍ഡ് എന്താണെന്ന് അല്‍പ സമയത്തിനകം അറിയാം. പോസ്റ്റല്‍ വോട്ടുകളുടെ സോര്‍ട്ടിംഗ് പൂര്‍ത്തിയായി. ആദ്യമെണ്ണുക പോസ്റ്റല്‍ വോട്ടുകള്‍. കളമശ്ശേരിയില്‍ സ്‌ട്രോംഗ് റൂമിന്റെ താക്കോല്‍ കാണാതായതായി പരാതി.
കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം. വോട്ടെണ്ണൽ അൽപ സമയത്തിനകം ആരംഭിക്കും. എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളായിരിക്കും. എട്ടരയോടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ഓടെ ആദ്യ ട്രെന്‍ഡ് ലഭ്യമാകും. 10 മണിയോടെ ഫലസൂചനകള്‍ ലഭ്യമാകും. 43 വോട്ടെണ്ണല്‍ സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇവയിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. 15,465 ജീവനക്കാരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. ഫലങ്ങള്‍ results.eci.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ് ശതമാനം.