Education

രത്തന്‍ ടാറ്റ രക്ഷയ്‌ക്കെത്തി; ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ 115 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവില്ല

അധ്യാപകരും അനധ്യാപകരും അടക്കം 115 ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) പിന്‍വലിച്ചു. രത്തന്‍ ടാറ്റ ചെയര്‍മാനായ ടാറ്റ് എജ്യുക്കേഷന്‍ ട്രസ്റ്റ് ഇടപെട്ടതിനെത്തുടര്‍ന്നാണ് ജീവനക്കാരുടെ ആശങ്കയൊഴിഞ്ഞത്. പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ പണം നല്‍കാമെന്ന് രത്തന്‍ ടാറ്റ ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കോണ്‍ട്രാക്ട് പുതുക്കി നല്‍കില്ലെന്ന് കാട്ടി ജീവനക്കാര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കുകയാണെന്ന് ടിസ്സ് അറിയിച്ചു. 55 അധ്യാപകര്‍ക്കും 60 അനധ്യാപകര്‍ക്കുമാണ് ടിസ്സ് നോട്ടീസ് നല്‍കിയത്. ഇവര്‍ക്ക് ജോലിയില്‍ തുടരാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ആവശ്യമായ ഫണ്ട് ടാറ്റ എജ്യുക്കേഷന്‍ ട്രസ്റ്റ് നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായും ഈ ഗ്രാന്റ് ലഭിക്കുന്നതിന് അനുസരിച്ച് ശമ്പളം നല്‍കുമെന്നും ടിസ്സ് അറിയിച്ചു.

കേന്ദ്രത്തില്‍ നിന്ന് 50 ശതമാനത്തിനു മേല്‍ ധനസഹായം സ്വീകരിക്കുന്ന ഡീംഡ് സര്‍വകലാശാലകള്‍ക്കൊപ്പം ടിസ്സിനെയും കഴിഞ്ഞ വര്‍ഷം ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ നിയമന പരിധിയില്‍ കൊണ്ടുവന്നിരുന്നു. ഈ നടപടിക്ക് ഒരു വര്‍ഷത്തിനു ശേഷമാണ് ടാറ്റ എജ്യുക്കേഷന്‍ ട്രസ്റ്റ് ശമ്പളം നല്‍കി വന്നിരുന്ന ജീവനക്കാരെ പിരിച്ചു വിടാന്‍ ടിസ്സ് തീരുമാനം എടുത്തത്. ജൂണ്‍ 28ന് 115 ജീവനക്കാര്‍ക്ക് ടിസ്സ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കരാര്‍ പുതുക്കില്ലെന്നും ജൂണ്‍ 30ന് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകണമെന്നും അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നോട്ടീസ് പീരിയഡ് പോലുമില്ലാതെ ഇവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. മുംബൈ, തുള്‍ജാപൂര്‍, ഹൈദരാബാദ്, ഗുവാഹത്തി എന്നീ ക്യാമ്പസുകളിലെ ജീവനക്കാരായിരുന്നു പിരിച്ചുവിടല്‍ ഭീഷണിയിലുണ്ടായിരുന്നത്. പത്തു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവും കൂട്ടപ്പിരിച്ചുവിടലില്‍ ഉള്‍പ്പെട്ടിരുന്നു.

കുറച്ചു മാസങ്ങളായി ടാറ്റ ട്രസ്റ്റില്‍ നിന്ന് ഗ്രാന്‍ഡ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ടിസ്സ് അധികൃതര്‍ വിശദീകരിക്കുന്നത്. എങ്കിലും ഇവരെ ജോലിയില്‍ തുടരാന്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാത്തതിനാലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നുമാണ് ടിസ്സിന്റെ ആക്ടിംഗ് വിസി പ്രൊഫ.മനോജ് കുമാര്‍ തിവാരി പറയുന്നത്.

എമ്മി അവാർഡ്‌സ് 2025: പുരസ്കാരങ്ങൾ വാരിക്കൂട്ടി അഡോളസെൻസ്, 15-ാം വയസിൽ ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ

ആ കാര്യത്തില്‍ ഞാന്‍ ദുല്‍ഖറുമായി ബെറ്റ് പോലും വച്ചിട്ടുണ്ട്: ചന്തു സലിം കുമാര്‍

ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബ‍ർ 10 ന് തുറക്കും

ചന്ദ്രനെ പ്ലേസ് ചെയ്യുന്നതിനായി 'ലോക' കളക്ഷൻ 101 കോടിയാകും വരെ കാത്തിരുന്നു: 'ഏസ്തെറ്റിക് കുഞ്ഞമ്മ' അരുൺ അജികുമാർ അഭിമുഖം

SCROLL FOR NEXT