കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തെരുവിലിറങ്ങി കണ്ടവർക്കും അതിന്റെ ചൂടറിഞ്ഞവർക്കും ഒരു കാര്യം വ്യക്തമാണ്, രാജ്യത്തെ കലാലയ രാഷ്ട്രീയത്തിൽ കാതലായ ഒരു ഭാവമാറ്റം സംഭവിച്ചിരിക്കുന്നു. കാമ്പസ് ചുമരുകളിലും പ്രക്ഷോഭ വീഥികളിലും ഡോ. ബി.ആർ. അംബേദ്കർ എന്ന വിപ്ലവ പ്രതീകവും ഇന്ത്യൻ ഭരണഘടനയും സംഘപരിവാർ അജണ്ടകൾക്കും ഭരണകൂട അടിച്ചമർത്തലുകൾക്കുമെതിരെയുള്ള ഏറ്റവും മൂർച്ചയുള്ള സമര ഉപകരണങ്ങളാണ്. ആ മാറ്റം ഡൽഹി യൂണിവേഴ്‌സിറ്റിയും ജെ.എൻ.യു വീഥികളും ജാമിയയുടെ തെരുവും മുതൽ കേരളത്തിലെ കലാലയ മുറ്റങ്ങൾ വരെയും, ജന്തർ മന്തറിന്റെ സമരമുഖം മുതൽ ഓരോ നാട്ടിലെയും ചെറിയ സമരങ്ങൾ വരെയും എത്തിനിൽക്കുന്നു.
2016-ൽ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ രോഹിത് വെമുല എന്ന വിദ്യാർത്ഥിയുടെ വേർപാടാണ് ഈ രാഷ്ട്രീയ മാറ്റത്തിന് തിരികൊളുത്തിയത്. ജാതിവിവേചനത്തിലും സർവകലാശാല അധികൃതരുടെ നടപടികളിലും പ്രതിഷേധം അറിയിച്ചുകൊണ്ടായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. മരണത്തിനു തൊട്ടുമുമ്പ് എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, "ഒരു മനുഷ്യന്റെ മൂല്യം അവന്റെ പെട്ടെന്നുള്ള വ്യക്തിത്വത്തിലേക്കും ഒരു വോട്ടിലേക്കും ചുരുക്കപ്പെട്ടു" എന്നും "എന്റെ ജനനമാണ് എന്റെ ഏറ്റവും വലിയ അപകടം" എന്നും രോഹിത് വേദനയോടെ കുറിച്ചിരുന്നു. "എന്റെ ശവസംസ്കാരം നിശ്ശബ്ദവും ശാന്തവുമായിരിക്കട്ടെ. ഞാൻ പെട്ടെന്ന് വന്നു, പോയി എന്ന് മാത്രം കരുതുക. എനിക്കായി കണ്ണീരൊഴുക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാൾ സന്തോഷം എനിക്ക് മരണത്തിലാണ് എന്നറിയുക. നിഴലുകളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക്." ഇങ്ങനെ പറഞ്ഞുവെച്ച രോഹിത് "അവസാനമായി ഒരിക്കൽ കൂടെ ജയ് ഭീം" എന്ന് പറഞ്ഞാണ് ആ കത്ത് അവസാനിപ്പിക്കുന്നത്.
സമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിൽക്കുന്ന വ്യവസ്ഥാപിത ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളുടെയും വലിയ രാഷ്ട്രീയ ചർച്ചകളുടെയും പ്രതീകമായി രോഹിത് വെമുലയുടെ ഈ വാക്കുകൾ പിന്നീട് മാറി. കാമ്പസുകളിൽ നിലനിന്നിരുന്ന പരമ്പരാഗത സംഘടനാ അതിർവരമ്പുകൾക്കപ്പുറത്തേക്ക് അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷ-ദളിത് വിദ്യാർത്ഥികളുടെ ഐക്യം രൂപപ്പെടാൻ ഇത് കാരണമായി. 'നീൽ സലാം' എന്ന അംബേദ്കറൈറ്റ് രാഷ്ട്രീയവും മറ്റ് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്നപ്പോൾ, ജാതിവിരുദ്ധ പോരാട്ടവും മതേതര സംരക്ഷണവും ചേർത്തുവെക്കാതെ ഫാസിസത്തെ നേരിടാനാവില്ലെന്ന വലിയ തിരിച്ചറിവാണ് കാമ്പസുകൾ ലോകത്തിന് നൽകിയത്.
ഒരു കാലത്ത് ചില പ്രത്യേക പ്രസ്ഥാനങ്ങൾക്കിടയിലെ മാത്രം അഭിവാദ്യ വാക്കായിരുന്ന 'ജയ് ഭീം', ഇന്ന് രാജ്യത്തെ സർവ്വകലാശാലകളിലെല്ലാം സാർവത്രികമായ ഒരു വിപ്ലവ മുദ്രാവാക്യമാണ്. വെറുമൊരു വ്യക്തിയോടുള്ള ബഹുമാനാർത്ഥം ഉയർത്തുന്ന ഒന്നല്ല ഇത്, ഭരണകൂടത്തിന്റെ ആധിപത്യ മനോഭാവത്തോടും വർഗീയ ധ്രുവീകരണത്തോടും "ഞങ്ങൾ കീഴടങ്ങില്ല" എന്ന് വിളിച്ചു പറയുന്ന പ്രതിരോധത്തിന്റെ ശബ്ദമാണ്. 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന പോരാട്ട വീര്യത്തിനൊപ്പം 'ജയ് ഭീം' മുദ്രാവാക്യങ്ങൾ അലയടിക്കുമ്പോൾ, അത് ഇന്ത്യ എന്ന ആശയത്തിന്റെ ബഹുസ്വരതയെയും അധസ്ഥിത-ന്യൂനപക്ഷ വിഭാഗങ്ങളുടെ പോരാട്ട ഐക്യത്തെയുമാണ് കൃത്യമായി അടയാളപ്പെടുത്തുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ (CAA-NRC) പ്രക്ഷോഭങ്ങളിൽ നാം കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രതിരോധം, വിദ്യാർത്ഥികൾ കയ്യിൽ ഭരണഘടനയുടെ കോപ്പികളും പിടിച്ചാണ് തെരുവിലിറങ്ങിയത് എന്നതാണ്. ജാമിയയിലെയും ഷഹീൻ ബാഗിലെയും സമരങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉറക്കെ വായിക്കുന്നതും അച്ചടിച്ച് വിതരണം ചെയ്യുന്നതും പ്രധാന പ്രതിഷേധ രൂപമായി മാറി. ഭരണകൂടം തങ്ങളുടെ സ്വാർത്ഥ രാഷ്ട്രീയത്തിനായി നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന വ്യാജ ദേശീയതയ്ക്കും തീവ്രഹിന്ദുത്വ അജണ്ടകൾക്കും മുന്നിൽ, ഇന്ത്യയുടെ കാതൽ "മതേതരത്വം, ജനാധിപത്യം, സമത്വം, സാഹോദര്യം" എന്നിവയാണെന്ന് ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികൾ ഓർമ്മിപ്പിച്ചു. അംബേദ്കറുടെ ചിത്രങ്ങളും ഭരണഘടനാ വരികളും അടങ്ങിയ പ്ലക്കാർഡുകൾ പോരാട്ടങ്ങളുടെ മുഖമായി മാറിയ കാഴ്ച ആവേശകരമായിരുന്നു.
പിന്നീടങ്ങോട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുടെയും ബഹുജന കൂട്ടായ്മകളുടെയുമൊക്കെ പ്രതിഷേധങ്ങളിൽ അംബേദ്കറും ജയ് ഭീം മുദ്രാവാക്യവുമെല്ലാം നിറഞ്ഞു നിൽക്കുന്നത് കാണാം. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തന്റെ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഭരണഘടനയെ ഒരു ആയുധമാക്കി ഉപയോഗിക്കുന്നുണ്ട്. സഭകളിലും തെരുവുകളിലും വിദ്യാലയങ്ങളിലുമെല്ലാം ഭരണഘടന ഒരു ആയുധമായി മാറിയിരിക്കുകയാണ് നിലവിൽ. അവസാനമായി രാജ്യം കണ്ട ജന്തർ മന്തറിലെ സി.ജെ.പി (CJP) സമരത്തിലും അംബേദ്കറും ഭരണഘടനയും പ്രധാനപ്പെട്ട ഒരു ആയുധമായിരുന്നു. സമരമുഖങ്ങളിൽ അനേകം അംബേദ്കർ ചിത്രങ്ങൾ ഉയർത്തിപ്പിടിക്കുന്നതും, അനേകം മുഷ്ടികൾ 'ജയ് ഭീം' ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്നതും നമ്മൾ കണ്ടു.
ഭരണകൂടത്തിന്റെ പൊലീസതിക്രമങ്ങളെയും വേട്ടയാടലുകളെയും അതിജീവിച്ച് തെരുവുകളിൽ ഉയർന്നുകേട്ട ശബ്ദങ്ങൾക്ക് വലിയ രാഷ്ട്രീയ അർത്ഥങ്ങളുണ്ട്. അംബേദ്കറെ വെറുമൊരു പ്രതിമയിലോ സ്മാരകങ്ങളിലോ തടവിലാക്കാനും അദ്ദേഹത്തിന്റെ ആശയങ്ങളെ റദ്ദ് ചെയ്യാനും ശ്രമിച്ച വർഗീയ ശക്തികൾക്കുള്ള ശക്തമായ മറുപടിയാണ് ഇന്നത്തെ കാമ്പസുകൾ. പോരാടുന്ന ഓരോ വിദ്യാർത്ഥിയുടെയും കയ്യിലെ പോസ്റ്ററുകളിലും തൊണ്ടയിൽ നിന്ന് ഉയർന്നുവരുന്ന വിപ്ലവ മുദ്രാവാക്യങ്ങളിലും അംബേദ്കർ ഇന്ന് സജീവമായി ജീവിക്കുന്നു. ഈ അംബേദ്കറൈറ്റ്-ജനാധിപത്യ ഐക്യം കേവലമൊരു കാമ്പസ് തരംഗമല്ല, വരാനിരിക്കുന്ന കാലത്ത് ഇന്ത്യയുടെ മതേതര വിപ്ലവ രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിക്കുന്ന നിർണ്ണായക ശക്തിയാണെന്നതിൽ തർക്കമില്ല.