ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ ദ ക്യുവിനോട് പങ്കുവെച്ച് രഞ്ജിനി ഹരിദാസ്. നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്കുള്ള നഷ്ടപരിഹാരം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നടന്ന സമരത്തിന് എതിരെ ഡൽഹി പൊലീസ് നടത്തിയത് ക്രൂരമായ അതിക്രമമെന്ന് രഞ്ജിനി ഹരിദാസ്.
യാത്രാതടസ്സങ്ങളും കനത്ത നിയന്ത്രണങ്ങളും
ട്രാൻസ്പോർട്ടേഷൻ ആക്സസ് ഫുള്ളി ബ്ലോക്ക് ചെയ്തിരുന്നു. രാവിലെ 9 മണിക്ക് എയർപോർട്ടിൽ എത്തിയ എനിക്ക് 12 മണിയോടെയാണ് ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യാൻ പറ്റിയത്. ട്രെയിനുകൾ ഡൈവേർട്ട് ചെയ്തു, ജന്തർ മന്ദറിലേക്കുള്ള മെട്രോ ഫുള്ളി ക്ലോസ്ഡ് ആയിരുന്നു. ഓട്ടോ ഒരിടം വരെ മാത്രമേ എത്തൂ, ബാക്കി കുറേ ദൂരം നടക്കേണ്ടി വന്നു.രഞ്ജിനി ഹരിദാസ്
പൊതുസ്ഥലമായ ജന്തർമന്ദറിലാണ് ഈ രീതിയിലുള്ള നടപടികൾ ഉണ്ടായത്. പ്രതിഷേധക്കാർക്ക് മാത്രമല്ല, അവിടത്തെ സാധാരണ താമസക്കാർക്കും ജോലിക്ക് പോകേണ്ടവർക്കും, ഹൈക്കോടതി അഭിഭാഷകർക്ക് പോലും പാസ് നൽകിയിരുന്നില്ല. ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള, യാതൊരുവിധ മനുഷ്യത്വവുമില്ലാത്ത, ഒട്ടും ജനാധിപത്യപരമല്ലാത്ത രീതിയിലായിരുന്നു നടപടി.
സമരസ്ഥലത്ത് കുടിവെള്ളമോ ഭക്ഷണമോ ലഭ്യമാക്കാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. പുറത്തിറങ്ങിയാൽ പിന്നീട് അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു
ബാരിക്കേഡുകൾക്കുള്ളിൽ കുടുങ്ങിയ ജനങ്ങൾ
ഫുൾ ഏരിയ ബാരിക്കേഡ് ചെയ്തിരുന്നു. ഫ്രണ്ടും ബാക്കിലും നമ്മൾ രണ്ടിന്റെയും ഇടയിൽ പെട്ട് പോയി. പ്രൊട്ടസ്റ്റ് നിർത്തി പുറത്തുപോകുന്നവരെ വിടും, പക്ഷേ അകത്തോട്ട് ആക്സസ് ഇല്ല.രഞ്ജിനി ഹരിദാസ്
ബാരിക്കേഡിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തവരാണ് സൻസദിലേക്ക് മാർച്ച് നടത്തിയത്. സംസാരിക്കാൻ എത്തിയ ഗീതാഞ്ജലി, അഭിജിത് എന്നിവരെ പൊലീസ് ഏറെ നേരം തടഞ്ഞുവെച്ചു. എവിടേക്കാണ് കൊണ്ടുപോയതെന്ന് ചോദിച്ചിട്ട് യാതൊരു മറുപടിയും നൽകിയില്ല. ഏറെ വൈകിയ ശേഷമാണ് മീറ്റിംഗ് ഉണ്ടായിരുന്നു എന്ന് പറഞ്ഞ് അവരെ വിട്ടയച്ചത്. അത് ഇപ്പോഴും വിശ്വസനീയമല്ല.
സമാധാനപരമായ പ്രതിഷേധത്തിന് നേരെ ലാത്തിച്ചാർജ്
കൈയിൽ പൂക്കളും കോൺസ്റ്റിറ്റ്യൂഷനും പിടിച്ച് സമാധാനത്തോടെ പാട്ടൊക്കെ പാടി, സ്ലോഗൻസ് ഒക്കെ പറഞ്ഞ് ഇരിക്കുന്ന കുട്ടികളെയാണ് ഇവർ ലാത്തിക്കൊണ്ട് അടിച്ചത്.രഞ്ജിനി ഹരിദാസ്
ഒട്ടും അഗ്ഗ്രസിവ് അല്ലാത്ത സംഘർഷമുണ്ടാക്കാതെ നിൽക്കുന്ന കുട്ടികളെയാണ് അവിടെ കണ്ടത്. അവർക്കിടയിൽ ആരെങ്കിലും ദേഷ്യപ്പെട്ടാൽ അവർ തന്നെ ശാന്തരാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെ, മനുഷ്യത്വമില്ലാത്തവിധം പെട്ടെന്ന് വന്ന് ഈ കുട്ടികളെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്യുകയായിരുന്നു പോലീസ്.
ആശയവിനിമയ സ്വാതന്ത്ര്യവും അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ച് പൊലീസ്
ഡെലിബറേറ്റ്ലി ഫുള്ളി ജാമർ വെച്ച് കമ്മ്യൂണിക്കേഷൻസ് ബ്ലോക്ക് ചെയ്തു. ആംബുലൻസ് അല്ലെങ്കിൽ മെഡിക്കൽ എമർജൻസീസിനുള്ള ഫെസിലിറ്റീസോ ഒന്നുമില്ലായിരുന്നു.രഞ്ജിനി ഹരിദാസ്
ഇത്തരത്തിലുള്ള ഒരു പ്രതിഷേധം നടക്കുമ്പോൾ അത്തരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണ്. എന്നാൽ അതൊന്നും ലഭ്യമാക്കാതെ, തീർത്തും മനുഷ്യത്വഹീനവും ജനാധിപത്യവിരുദ്ധവുമായ പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.