ഒറ്റപ്പാലത്ത് നിന്ന് ഫോണിൽ വിളിച്ച കുട്ടിയോട് നടനും എം.എൽ.എയുമായ മുകേഷ് കയർത്ത സംഭവത്തിൽ പുതിയ ട്വിസ്റ്റ്. സംഭവം ഗൂഢാലോചന ആണെന്നും തന്നെ നിരന്തരം പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് ആണെന്നും മുകേഷ് ആരോപിച്ചിരുന്നു. എന്നാൽ മുകേഷിനെ വിളിച്ചത് പാർട്ടി കുടുംബത്തിലെ കുട്ടിയാണ്. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്. മുകേഷിന്റെ ആരാധകൻ ആണെന്നും കൂട്ടുകാരന് ഓൺലൈൻ പഠനത്തിന് ഫോൺ കിട്ടുമോ എന്നറിയാൻ വിളിച്ചത് ആണെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം, സിഐടിയു നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ആണ് കുട്ടി മാധ്യമങ്ങളെ കണ്ടത്.
ഞാൻ ആറ് പ്രാവശ്യം വിളിച്ചാൽ ആർക്കായാലും ദേഷ്യം വരുമല്ലോ എനിക്കതിൽ കുഴപ്പമൊന്നുമില്ല, പരാതിയൊന്നും കൊടുക്കേണ്ട ആവശ്യമില്ല . ഇത് ഇവിടം കൊണ്ട് അവസാനിക്കണമെന്നാണ് ആഗ്രഹമെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് വിദ്യാര്‍ത്ഥിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന മുകേഷിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പാലക്കാട്ട് നിന്ന് കൊല്ലം എം.എല്‍.എ വിളിക്കേണ്ട ഒരു കാര്യവുമില്ല, പാലക്കാട്ടെ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത്, വിദ്യാര്‍ത്ഥിയായാലും എന്തായാലും പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ, കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം. അവന്റെ മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറേതൊരു രാജ്യത്തെ എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്, നിങ്ങള്‍ സ്വന്തം എംഎല്‍എയെ വിളിച്ച് അവര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ടേ എന്നെ വിളിക്കാവു. സ്വന്തം എംഎല്‍എ മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്, പിള്ളേര്‍ കളിയാണല്ലോ ഇത് എന്നൊക്കെ പറഞ്ഞാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ക്കുന്നത്. വിദ്യാര്‍ത്ഥി സോറി പറയുമ്പോഴും മുകേഷ് കയര്‍ത്താണ് സംസാരിക്കുന്നത്,
ഫോൺ വിളി വിവാദമായതിനെ തുടർന്ന് തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്ന് മുകേഷ് വിശദമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പല രീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.