Around us

‘എഴുതാതിരിക്കാന്‍ പറ്റിയില്ല, പാടാനും’ ; കൊറോണക്കാലത്ത് പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടിയ മോഹനന്‍ പറയുന്നു 

കെ. പി.സബിന്‍

കൊറോണയുടെ ദുരിതത്തില്‍ മനുഷ്യര്‍ അകന്നുകഴിയേണ്ടിവരുമ്പോള്‍ അങ്ങനെയൊരു പാട്ട് എഴുതാതിരിക്കാനായില്ല. 'അകലാതെയകലണം നാളേയ്ക്കുവേണ്ടി നാം'-എന്ന് കൊവിഡ് 19 ദുരിതകാലത്ത് പാട്ടുകൊണ്ടൊരു ചൂട്ട് കെട്ടിയ മോഹനന്‍ ചെറുവണ്ണൂര്‍ പറയുന്നു. ഞാന്‍ എന്നോട് തന്നെ പറയുന്നതാണ് ഈ പാട്ടിലുള്ളത്. മനുഷ്യന്‍ എന്ന നിലയില്‍ തന്നോടുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് ആ 16 വരികളെന്നും മോഹനന്‍ ദ ക്യുവിനോട് പറഞ്ഞു. ചൂട്ട് എന്ന പേരില്‍ അറിയപ്പെടുന്ന മോഹനന്റെ 'പണമല്ല, പവറല്ല വലുതെന്ന് നാമിന്നറിഞ്ഞു' എന്ന പാട്ടിന്റെ വീഡിയോ ഇപ്പോഴും അനേകായിരങ്ങളുടെ ശ്രദ്ധകവര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇദ്ദേഹം എഴുതി ഈണമിട്ടുപാടി സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ച ഇതിനകമുണ്ടായി. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയാണ് പെയിന്റിംഗ് തൊഴിലാളിയായ മോഹനന്‍.

പാട്ടെഴുതിയതിനെക്കുറിച്ച് മോഹനന്‍

ഒരുതരത്തില്‍ ആളുകള്‍ ഒളിച്ചിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുയാണല്ലോ, അതായത് ഓരോരുത്തരും അകന്ന് കഴിയേണ്ടി വന്നിരിക്കുന്നു. ഇതുവരെ മനുഷ്യര്‍ വലുതെന്ന് പറഞ്ഞ് സമ്പാദിച്ച പണവും പവറുമെല്ലാം കൊറോണയ്ക്ക് മുന്നില്‍ എത്ര നിസ്സാരമായിപ്പോകുന്നുവെന്ന് തോന്നി. അങ്ങനെ ഒരാറുദിവസം മുന്‍പാണ് ഒരു രാത്രിയില്‍ നാലുവരി എഴുതിവെച്ചത്. രണ്ടുദിവസം കൊണ്ട് കൊറോണയെ തുടര്‍ന്നുള്ള സ്ഥിതി കുടുതല്‍ ഗുരതരമായി. അപ്പോള്‍ ആറുവരി കൂടി എഴുതി. അങ്ങനെ മൂന്ന് തവണയായാണ് പാട്ട് പൂര്‍ത്തിയാക്കിയത്. ബന്ധുവായ രാധാകൃഷ്ണന്‍, നാട്ടുകാരനായ അജയ് ജിഷ്ണു, മറ്റൊരു അടുത്ത സുഹൃത്തായ ഓഷോ അശോക് എന്നിവരെ കാണിച്ചു. അവരുമായുള്ള ആശയവിനിമയങ്ങളില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ വരുത്തി. തുടര്‍ന്ന് അജയ് ജിഷ്ണുവുമൊത്ത് ഇരുന്ന് പാടി ട്യൂണ്‍ ചെയ്തു. പലരീതിയില്‍ പാടി നോക്കി വരികളുമായി ലയിക്കുന്ന ഒരു ഈണം തെരഞ്ഞെടുത്തു.

പിറ്റേന്ന് അജയ് ജിഷ്ണുവിന്റെ വീട്ടില്‍ വെച്ച് ഒരു മേശയ്ക്ക് താളം കൊട്ടിക്കൊണ്ട് പാടുകയായിരുന്നു. നാലഞ്ച് തവണ പാടി നോക്കി തൃപ്തി വന്ന ഘട്ടത്തില്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ അജയ് ജിഷ്ണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് അതിന് ശേഷമുണ്ടായത്. വീഡിയോയ്‌ക്കൊപ്പം മൊബൈല്‍ നമ്പര്‍ കൂടി വെച്ചതിനാല്‍ ഗള്‍ഫില്‍ നിന്നടക്കം അറിയുന്നതും അറിയാത്തതുമായ നിരവധിയാളുകളാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍,അഭിനേതാക്കളായ ജോജു ജോര്‍ജ്, സുരഭി തുടങ്ങിയവരുമുണ്ട്. പാട്ട് നന്നായെന്നും കാലിക പ്രസക്തമാണെന്നും ഇവരെല്ലാം പറഞ്ഞു. ജോജു ജോര്‍ജ്, എഴുത്തുകാരന്‍ സക്കറിയ തുടങ്ങിയ പ്രശസ്തര്‍ പാട്ട് ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ആളുകളുടെ സ്‌നേഹത്തിന് എങ്ങനെ മറുപടി പറയണമെന്ന് അറിയില്ല. ഉത്സവത്തിനും കല്യാണത്തിനുമൊക്കെ പോകുമ്പോള്‍ ആളുകള്‍ പാട്ടുപാടാന്‍ പറയാറുണ്ട്. അപ്പോഴൊക്കെ കയ്യടികിട്ടും, നന്നായെന്ന് പറഞ്ഞ് ആളുകള്‍ അഭിനന്ദിക്കും.അത്രയൊക്കെയേ ആഗ്രഹിച്ചിരുന്നുള്ളൂ. ഈ വീഡിയോ വൈറലായതോടെ അറിയാത്ത എത്രയോ മനുഷ്യരാണ് വിളിക്കുന്നത്.എല്ലാവരോടും നന്ദി പറയുന്നു.

നാടകനടനായും പാട്ടുകാരനായും പേരാമ്പ്ര മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന കലാകാരനാണ് മോഹനന്‍. കല്‍പ്പത്തൂര്‍ സിഎംവൈസി ട്രൂപ്പിന്റെ ഭാഗമായി നാടക നടനായി നിരവധി വേദികളിലെത്തിയിട്ടുണ്ട്.ആഗ്രഹങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇനിയും പാട്ടെഴുതണം പാടണം നാടകത്തിലഭിനയിക്കണം എന്ന് മോഹനന്‍ പറയുന്നു. ആറാംക്ലാസില്‍ പഠനമവസാനിപ്പിക്കേണ്ടി വന്നതിന്റെ വിഷമം മാറ്റിയ വര്‍ഷമാണ് മോഹനന് ഇത്. തന്റെ 54ാംവയസ്സില്‍ ഏഴാംതരം തുല്യതാ പരീക്ഷ പാസായി. അതോടൊപ്പം സാക്ഷരതാമിഷന്റെ സംസ്ഥാനതല മത്സരത്തില്‍ മാപ്പിളപ്പാട്ട് കവിത,ലളിതഗാനം എന്നിവയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും നേടി. ഉറപ്പായും എസ്എസ്എല്‍സി എഴുതിയെടുക്കുമെന്ന് ചൂട്ട് മോഹനന്‍ പറയുന്നു. ശേഷം പ്ലസ്ടുവും ഡിഗ്രിയും എഴുതിയെടുക്കണമെന്ന് ദൃഢനിശ്ചയത്തോടെയുള്ള ആഗ്രഹവും പങ്കുവെയ്ക്കുന്നു. ഭാര്യയും ബിഎഡ് പ്രവേശനത്തിന് കാത്തുനില്‍ക്കുന്ന മകളുമടങ്ങുന്നതാണ് മോഹനന്റെ കുടുംബം.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT