Around us

ആനക്കൊമ്പിന് ലൈസന്‍സില്ല, മോഹന്‍ലാലിനെ പ്രതിയാക്കി ഏഴ് വര്‍ഷത്തിന് ശേഷം കുറ്റപത്രം

THE CUE

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മോഹന്‍ലാലിന് അനുകൂലമായാണ് വനംവകുപ്പ് ഹൈക്കോടതിയില്‍ മൂന്ന് വട്ടം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ മോഹന്‍ലാലിന് ഏതിരായ കേസില്‍ ബാധകമല്ലെന്ന നിലപാടാണ് ഏഴ് വര്‍ഷത്തിന് ശേഷം വനംവകുപ്പ് മാറ്റിയത്.

ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്നാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 2012ലാണ് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2012ല്‍ ആരംഭിച്ച കേസിന്റെ തുടര്‍നടപടികള്‍ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി അതൃപ്തി അറിയിക്കുകയും എന്തുകൊണ്ട് കേസ് തീര്‍പ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്ന ആദ്യനിലപാട് മാറ്റി വനംവകുപ്പ് മോഹന്‍ലാലിനെതിരെ കുറ്റപത്രം നല്‍കിയത്.

ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നായിരുന്നു ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഹര്‍ജിക്കാരന്‍ എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും വനംവകുപ്പ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് സത്യവാങ്മൂലം നല്‍കിയിരുന്നതുമാണ്.

നാല് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയതായുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യം ഉള്‍പ്പെടെയായിരുന്നു പൗലോസിന്റെ ഹര്‍ജി. ആനക്കൊമ്പ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

തൃപ്പുണിത്തുറ സ്വദേശി കെ കൃഷ്ണകുമാറില്‍ നിന്ന് 65,000 രൂപ കൊടുത്ത് ആനക്കൊമ്പുകള്‍ വാങ്ങിയതാണെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

2012ല്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വനംവകുപ്പ് കേസെടുക്കുകയായിരുന്നു. 2016 ജനുവരിയില്‍ മോഹന്‍ലാലിന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം വനംവകുപ്പ് നല്‍കുകയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മകള്‍ രശ്മി ഗോഗോയിയാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT