What is Bundibugyo, Ebola strain outbreak in Congo, Uganda; WHO and Indian Govt declared restriction 
Health and Wellness

ബുണ്ടിബുഗ്യോ, പുതിയ എബോള വൈറസ്; ഭയപ്പെടേണ്ടതുണ്ടോ? അറിയേണ്ടത് എന്തൊക്കെ?

കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ അപൂർവ എബോള  വൈറസ്  വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്നു ബുണ്ടിബുഗ്യോ എന്ന് വിളിക്കപ്പെടുന്ന എബോള വൈറസ്. കഴിഞ്ഞ മേയ് 16ന് ലോകാരോഗ്യസംഘടന (WHO) പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (Public Health Emergency of International Concern - PHEIC) ആയി പ്രഖ്യാപിച്ചു. കേസുകൾ വ്യാപകമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ വൈറസ്  വാസ്തവത്തിൽ എന്താണ്? ഇത് എത്രത്തോളം അപകടകാരിയാണ്? അറിയേണ്ടത് എന്തൊക്കെ?

കണക്കുകൾ ഇങ്ങനെ

രോഗബാധിതരുടെ സംഖ്യ ഇനിയും കൂടാനുള്ള സാധ്യത കാണുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് മേയ് 16ന് രേഖപ്പെടുത്തിയത് രോഗം സംശയിക്കുന്ന 246 കേസുകൾ. മേയ് 21ന്  746 സംശയാസ്പദ കേസുകളും 176 മരണങ്ങളും. ഇവയിൽ 10 മരണങ്ങളും 85 കേസുകളും ഈ വൈറസ് കാരണമാണെന്ന് പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ വൈറസ് എങ്ങനെ വ്യാപിക്കുന്നു എന്നതിൻ്റെ കാരണം വ്യക്തമല്ല. പരിശോധനകൾ കൂടിയതുകൊണ്ടോ? ടെസ്റ്റുകൾ വൈകുന്നതുകൊണ്ടോ? അതോ വൈറസ് പകരുന്നതിന്റെ വ്യാപ്തി ശരിക്കും കൂടിയതുകൊണ്ടോ?

"നിലവിലെ അവസ്ഥ പകർച്ചവ്യാധി എമർജൻസി പുറപ്പെടുവിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിലും, അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണ്." 
ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ്

ബുണ്ടിബുഗ്യോ; അത്യന്തം അപൂർവവും അപകടകാരിയും

എബോള  വൈറസിന് ആറ് വകഭേദങ്ങളാണുള്ളത്. എന്നാൽ അവയിൽ അധികവും വലിയ കുഴപ്പങ്ങൾ ഉണ്ടാക്കാറില്ല. ബുണ്ടിബുഗ്യോ അവയിലെ ഏറ്റവും അപൂർവവും വിനാശകാരിയുമായ ഇനങ്ങളിൽ ഒന്നാണ്. ഇതിന്റെ വലിയ തോതിലുള്ള വ്യാപനം രണ്ടുതവണ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2007ൽ ഉഗാണ്ടയിലും, 2012ൽ കോംഗോയിലും. ഇത്തവണ കാര്യങ്ങൾ വലുതാകാൻ കാരണം എന്താണ്? പരിശോധനകൾ വൈകിയതോ? അതോ കേസുകൾ ഗൗരവമായി കാണാതെ പോയതുകൊണ്ടോ?

30 മുതൽ 50 ശതമാനം മരണനിരക്ക്

ലോകാരോഗ്യസംഘടനയുടെ സൂചനയനുസരിച്ച്, ബുണ്ടിബുഗ്യോയുടെ മരണനിരക്ക് (Case Fatality Rate) 30 മുതൽ 50 ശതമാനം വരെയാണ്. ഇതിനർത്ഥം, സാധാരണ അസുഖങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ അപകടകാരിയാണ്. ഇത് പോലെ തന്നെ ഉയർന്നതാണ് 2014 മുതൽ 2016 വരെ പടർന്ന സൈരെ (Zaire) എബോളയുടെ മരണനിരക്കും. കോംഗോയിലും ഉഗാണ്ടയിലും നില ആശങ്കാജനകമാണ്. 

വാക്സിനും പ്രത്യേക ചികിത്സയും ഇല്ല

ഇതാണ് യഥാർത്ഥ പ്രശ്നം. സൈരെ എബോക്കെതിരെ വാക്സിനുകൾ (എർവെബോ, സബ്‌ദെനോ/എംവാബിയ) നിലവിലുണ്ടെങ്കിലും, ബുണ്ടിബുഗ്യോയ്ക്കെതിരെ ഒരു വാക്സിനോ പ്രത്യേക ചികിത്സയോ ഇപ്പോൾ കണ്ടെത്തിയിട്ടില്ലെന്ന് പകർച്ചവ്യാധികൾ തടയുന്നതിനുള്ള പുതിയ വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ ഗവേഷകർക്ക് ധനസഹായം നൽകുന്ന ആഗോള സംഘടനയായ  സെപി (CEPI - Coalition for Epidemic Preparedness Innovations) വ്യക്തമാക്കി. 

രോഗ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയാൽ, ഫ്ലൂയിഡ്സ് നൽകുക, ശരീരത്തിലെ ലവണാംശം നിലനിർത്തുക, ഓക്സിജൻ കൊടുക്കുക എന്നീ സാധാരണ പരിചരണം മാത്രമാണ് നിലവിലുള്ളത്. മരുന്നുകൾ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്.

ടെസ്റ്റുകളിലെ കാലതാമസം

വൈറസ് ഏപ്രിൽ അവസാനം കോംഗോയിൽ കണ്ടെത്തിയെങ്കിലും, ആദ്യ പരിശോധനകൾ നെഗറ്റീവായി വന്നു. കാരണം പരിശോധനകൾ സൈരെ എബോള വൈറസിന് വേണ്ടിയുള്ളതായിരുന്നു. ബുണ്ടിബുഗ്യോയ്ക്കുള്ള പരിശോധനാ കിറ്റുകൾ ഉണ്ടെങ്കിലും വ്യാപകമായി ഉപയോഗത്തിലില്ല. ഇതിന്റെ ഫലമായി രോഗം ആഴ്ചകളോളം കണ്ടെത്തപ്പെടാതെ തുടർന്നു. ഇതായിരിക്കാം ഒരുപക്ഷെ വൈറസ് വേഗത്തിൽ വ്യാപിച്ചതിന്റെ കാരണവും. 

ഇന്ത്യയുടെ തയ്യാറെടുപ്പ് 

ആരോഗ്യ മന്ത്രാലയം മേയ് 24ന് കോംഗോ, ഉഗാണ്ട, തെക്കൻ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാണമെന്ന് ജനങ്ങളോട് നിർദ്ദേശിച്ചു. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഈ പ്രദേശങ്ങൾ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സൂക്ഷ്മമായി നിരീക്ഷിക്കാൻ തീരുമാനിച്ചു. പനിയും ചൂടുമുള്ള ആളുകളെ പ്രത്യേകമായി നിരീക്ഷിക്കുവാനുള്ള നിർദ്ദേശവും നൽകി. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) ഈ പരിശോധനകൾക്കായുള്ള പ്രധാന കേന്ദ്രമായി നിയമിച്ചു. ഇന്ത്യയിൽ  ഇതുവരെ ഒരു കേസും സ്ഥിരീകരിച്ചിട്ടില്ല.

എത്രത്തോളം ഗുരുതരമായി കാണണം?

ആഫ്രിക്കയിൽ സ്ഥിതി ഗുരുതരമാണെങ്കിലും, നിലവിൽ ഈ വൈറസ് ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വാക്‌സിനിന്റെ അഭാവം സ്ഥിതിഗതികൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.  ഭയം വേണ്ട ജാഗ്രത മതി എന്ന് ഒരിക്കൽ കൂടി നമ്മളെ ഓർമിപ്പിക്കുകയാണ് ഈ പുതിയ വൈറസ് ബുണ്ടിബുഗ്യോയും.

ഇന്ധന വിലക്കയറ്റം കാരണമെന്ത്? യുദ്ധമാണോ അതോ നികുതിയും കമ്മീഷനുമോ?

I am coming to save Malayalam Cinema... കിടിലൻ ടീസറുമായി 'മോളിവുഡ് ടൈംസ്'

യുഎഇ സ്വദേശികളോടുള്ള ആദരം; 25 ലക്ഷം ദിര്‍ഹത്തിന്‍റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

A ഫോർ ആക്ഷൻ! ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാളന്' 'എ' സർട്ടിഫിക്കറ്റ്

മതതീവ്രവാദി, ജിഹാദി എന്ന് വിളിച്ചു; ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി അൻസിബ ഹസ്സൻ

SCROLL FOR NEXT