Book Review

ചരിത്രത്തോടു സംസാരിക്കുന്ന സ്ത്രീകൾ

'ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിൻ്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓർമകൾ.'

'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന പുസ്തകത്തിൻ്റെ ആമുഖത്തിലൊരിടത്ത് സുധാ മേനോൻ തൻ്റെ എഴുത്തിനെപ്പറ്റി കുറിക്കുന്ന വരികളാണിത്. ചിലപ്പോഴെങ്കിലും അബോധപൂർവവും മിക്കപ്പോഴും ബോധപൂർവവും ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകുന്ന ലോകങ്ങൾ ഏറെ പ്രധാനപ്പെട്ട, അക്കാദമിക് ജാഗ്രതയാവശ്യപ്പെടുന്ന അന്വേഷണമേഖലയാണ്. അത്തരം അന്വേഷണങ്ങളാണ് നമ്മുടെ ചരിത്രരചനാപദ്ധതിയെ കൂടുതൽ ജനാധിപത്യവത്കരിക്കുന്നത്. ആ ജാഗ്രത മുറുകെപ്പിടിച്ചുകൊണ്ട് എഴുതിത്തീർത്ത പുസ്തകമാണ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന് ആദ്യവായനയിൽ ഉറപ്പിച്ചുപറയാം.

'ഞാൻ മുട്ടുകുത്തിയത് നിൻ്റെ മുന്നിലല്ല,

മുഴുവൻ മാനവരാശിയുടെയും അനന്തമായ വ്യഥകൾക്കു മുന്നിലാണ്'

-ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന നോവലിൽ സോണിയയോട് റസ്കോൾ നിക്കോവ് പറയുന്ന വിഖ്യാതമായ വാചകത്തിൽ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്.

2003 മുതലുള്ള ദീർഘകാലയളവിൽ ഗവേഷകയായും പ്രോഗ്രാം മാനേജരായും കൺസൾട്ടൻ്റായും ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഘാനിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ നിർധനരും നിസ്സഹായരുമായ സ്ത്രീകൾക്കിടയിൽ പ്രവർത്തിച്ച കാലത്തിൻ്റെ സൂക്ഷ്മചരിത്രത്തിൽനിന്ന് ചീന്തിയെടുത്ത ഒരേടാണ് ഈ പുസ്തകം. ഇതിൻ്റെ വക്കിൽ രക്തം മാത്രമല്ല; യുദ്ധവും, ക്രൂരതയും, ആണധികാര അഹന്തയും, ലൈംഗികാധിനിവേശവും ഒടുങ്ങാത്ത നീതിനിഷേധവും പ്രതിരോധങ്ങളും അതിജീവനവും പുരണ്ടിട്ടുണ്ട്.

പുസ്തകം ആറുഭാഗങ്ങളിലായി, ആറു രാജ്യങ്ങളിലൂടെ, പദസൂചിയടക്കം 232 പുറങ്ങളിലൂടെ ആറു സ്ത്രീകളുടെ സമാനതകളില്ലാത്ത ജീവിതം പറയുന്നു.

കൊക്കടിച്ചോലയിലെ (ശ്രീലങ്ക) ജീവലത, ബദീനിലെ (പാകിസ്താൻ) സൈറ, അഫ്ഘാനിലെ പർവീൻ, ബംഗ്ലാദേശിലെ സഫിയ, നേപ്പാളിലെ ശ്രേഷ്ഠ തമാംഗ്, ഇന്ത്യയിൽ ജയ്ഗിരിയിലെ രേവമ്മ. ഇതിലെ ഓരോ സ്ത്രീകളും സ്വയം ചരിത്രമാണ്. ഭരണഘടനാപരമായ അവകാശങ്ങളും നിയമസംരക്ഷണവുമുള്ളിടങ്ങളിൽ ജീവിച്ചിട്ടും നീതിയെന്ന വാക്കിൻ്റെ പരിസരങ്ങളിൽക്കൂടിപ്പോലും കടന്നുപോകാനാവാത്ത സ്ത്രീകളുടെ സങ്കടചരിത്രം.

ശ്രീലങ്ക: മീൻ പാടും തേൻ രാജ്യം,

പാകിസ്താൻ: അപഹരിക്കപ്പെട്ട ആകാശങ്ങൾ,

അഫ്ഘാനിസ്ഥാൻ: കൊടുങ്കാറ്റിൽ ഉലയാത്ത ഒറ്റമരങ്ങൾ,

ബംഗ്ലാദേശ്: ഷർട്ടുകളുടെ ഗാനം,

നേപ്പാൾ: അതിർത്തികടന്നെത്തുന്ന ചിലന്തികൾ,

ഇന്ത്യ: മരണഗന്ധമുള്ള പരുത്തിപ്പാടങ്ങൾ എന്നിങ്ങനെ മേൽസൂചിപ്പിച്ചതുപോലെ ആറ് അധ്യായങ്ങളിലൂടെ ആറ് സ്ത്രീകൾ വഴി യുദ്ധവും കലാപവും പ്രകൃതിദുരന്തങ്ങളും വർഗീയ വിഭജനങ്ങളും ആണധികാരവും ലോകമെമ്പാടുമുള്ള സത്രീകളെ കൂടുതൽ നിസ്സഹായരാക്കുന്നത് എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. ദീർഘനാളത്തെ വംശീയയുദ്ധത്തിന് ഇരകളായ സ്ത്രീകളുള്ള ശ്രീലങ്കയിലെ ജാഫ്നയും ബാട്ടിക്കളോവയും താലിബാൻ അധിനിവേശം നടത്തിയ അഫ്ഘാനിലെ കാബുൾ, സറൂബി മേഖലകളും കൊടുംവരൾച്ചയും വെള്ളപ്പൊക്കവും മതപൗരോഹിത്യവും ചേർന്ന് ജീവിതം ദുസ്സഹമാക്കിയ പാകിസ്താനിലെ കറാച്ചി, സിന്ധ് പ്രദേശങ്ങളും ഭൂകമ്പം മനുഷ്യജീവിതങ്ങളെ കുലുക്കിയെറിഞ്ഞ നേപ്പാളിലെ സിന്ധുപാൽ ചൗക്കും കോഖനയും പരമ്പരാഗത തൊഴിലായ നെയ്ത്തും കൃഷിയും തകർന്നതോടെ ബംഗ്ലാദേശിലെ കരാട്ടിയ തുടങ്ങിയ പ്രദേശങ്ങളും അതിൻ്റെ ഭൂമിശാസ്ത്രവും അവിടങ്ങളിലെ അദൃശ്യരാകാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ സമാനതകളില്ലാത്ത ദുരിതങ്ങളും പീഡകളും ഈ പുസ്തകത്തിലൂടെ നമ്മെ അസ്വസ്ഥപ്പെടുത്തുന്നു.

ചരിത്രം അദൃശ്യമാക്കിയവരുടെ പ്രതിനിധികളാണീ പേരുകാരൊക്കെ.

നിശ്ചയമായും അവർ ആറുപേർ മാത്രമല്ല, അവരിലൂടെ ആ രാജ്യങ്ങളിലെ സ്ത്രീകളുടെ, പെൺകുഞ്ഞുങ്ങളുടെ അവർ നേരിട്ട/നേരിട്ടുകൊണ്ടിരിക്കുന്ന അവസാനിക്കാത്ത അനീതിയുടെ ഡോക്യുമെന്റായാണ് ഈ പുസ്തകം പൂർത്തിയാകുന്നത്.

ചരിത്രമോ ഭൂമിശാസ്ത്രമോ രാഷ്ട്രീയവും വർഗ-വർണ വ്യത്യാസങ്ങളെ അതിർലംഘിക്കുന്ന ഏകത ലോകത്തെ അടിച്ചമർത്തപ്പെടുന്ന സ്ത്രീകൾ പങ്കിടുന്നുണ്ടെന്ന് ഈ പുസ്തകം ഉറക്കെപ്പറയുന്നു. രാജ്യചരിത്രവും ദേശചരിത്രവും രാഷ്ടീയചരിത്രവും യുദ്ധചരിത്രവുമൊക്കെ ആൺ ഉന്മാദങ്ങളുടെ രേഖപ്പെടുത്തലാണെന്ന വിമർശനത്തെ ഈ പുസ്തകവും അതിലെ സ്ത്രീകളും അവരനുഭവിച്ച വേദനകളും മുറിവുകളും കൂടുതൽ ശരിവെക്കുന്നു. അതിർത്തികൾക്കപ്പുറത്ത് ഒരേവേദനകളും ഒരേസങ്കടങ്ങളും ഒരേ മുറിവുകളും സ്ത്രീകൾക്ക് നൽകുന്ന ദുരിതകാലത്തിൻ്റെ രേഖപ്പെടുത്തൽ. നിശ്ചയമായും നമ്മുടെ അക്കാദമിക മേഖലകളിൽ, മാധ്യമപഠനരംഗത്തൊക്കെ കൂടുതൽ വായിക്കപ്പെടേണ്ട സാന്നിധ്യമാകണം ഈ പുസ്തകമെന്ന് കരുതുന്നു. യുദ്ധ-കലാപനന്തര രേഖപ്പെടുത്തൽ എന്നനിലയിൽ പ്രത്യേകിച്ചും.

അസ്വസ്ഥതകളുടെ ദീർഘചരിത്രം പറയാനുള്ളവർ സംസാരിച്ചുതുടങ്ങിയാൽ കേൾക്കുകയെന്നതാണ് നല്ലതെന്ന് ഈപുസ്തകത്തിൽ പലസന്ദർഭങ്ങളിലും സുധാമേനോൻ ബോധ്യപ്പെടുത്തുന്നുണ്ട്. പാകിസ്താനിലെ സൈറ പറയുന്ന വാക്കുകൾ ഉദാഹരണമാണ്.

''എന്തിനാണ് നമ്മൾക്ക് അതിർത്തികൾ? പട്ടിണിയും അധ്വാനവും തീരാരോഗവും വരൾച്ചയും പെൺകുട്ടികളെ സ്വാതന്ത്ര്യം നൽകാതെ തളച്ചിടലും ഒക്കെ രണ്ടിടത്തും ഇല്ലേ? പിന്നെ ആർക്കുവേണ്ടിയാണീ യുദ്ധങ്ങൾ? ആരു ജയിച്ചാൽ എനിക്കെന്തുകാര്യം? എൻ്റെ വെള്ളം ഞാൻ തന്നെ കോരണം, എനിക്ക് ഉണ്ണാൻ ഞാൻ തന്നെ വയലിൽ പണിയണം, ബദീനിലെ കടലിൽ ഞാൻതന്നെ ഇറങ്ങി മീൻപിടിക്കണം. അല്ലാതെ, പാകിസ്താൻ പട്ടാളവും ടാങ്കുകളും മിസൈലുകളും ഒക്കെ എന്താണെനിക്ക് ഉരുട്ടിത്തരുന്നത്''. (പേജ്-90)

നോക്കൂ,

എന്തിനാണ് അതിർത്തികൾ?

എന്തിനാണ് യുദ്ധങ്ങൾ? എന്ന ചോദ്യം മനുഷ്യാവകാശ സഭകളിലോ, അക്കാദമിക് സെമിനാറുകളിലോ രാഷ്ട്രീയജാഥകളിലോ അല്ല ഉയരുന്നത്. യുദ്ധവും പുരുഷനും സ്ത്രീയോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ അതിക്രമങ്ങൾ മുഴുവൻ ഏറ്റുവാങ്ങിയ ഒരു പ്രതിനിധിയുടെ ശബ്ദമായാണ്, അവരുടെ പ്രതിരോധപ്പറച്ചിലാണ്. അതിന് ചെവികൊടുക്കാൻ തയ്യാറാകുന്നു എന്നതാണ് ഇതിലെ കുറിപ്പുകളുടെ പ്രധാന സവിശേഷത.

സുധാ മേനോൻ ലഭ്യമായ വിവരങ്ങളുടെയോ രേഖപ്പെടുത്തപ്പെട്ട അറിവുകളുടെയോ പിന്നാലെപോയി എഴുതിയതല്ല ഈ രാഷ്ട്രീയക്കുറിപ്പുകൾ.

യുദ്ധവും കലാപവും വർഗീയലഹളകളും വംശഹത്യയും മനുഷ്യക്കടത്തും ലൈംഗികാതിക്രമവും കൃഷിനാശവും പ്രകൃതിദുരന്തങ്ങളും സംഭവിച്ചിടങ്ങളിൽ നേരിട്ടെത്തി, മേൽപ്പറഞ്ഞവയ്ക്കൊപ്പം ആണധികാരത്തിൻ്റെ ദുഷിപ്പുകൾകൂടി ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീകൾക്കൊപ്പം നിന്ന് എഴുതിയതാണ്. മിക്കപ്പോഴും അവരുടെ മുന്നിൽ നിശ്ശബ്ദയായി, ഒപ്പം കരഞ്ഞ്, താമസിച്ച്, തലകുമ്പിട്ട്, അവരുടെ അതിജീവനശ്രമങ്ങളെ കൂടുതൽ ബലമുള്ളതാക്കി അങ്ങനെ അപഹരിക്കപ്പെട്ടവയൊക്കെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിന്ന കരുണയുടെ, സ്നേഹത്തിൻ്റെ ഓർമകൂടിയാണ് 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ'.

എന്നാൽ, അനന്തമായ അസ്വസ്ഥതകളുടെയും അവസാനിക്കാത്ത പ്രതീക്ഷാനഷ്ടങ്ങളുടെയും എല്ലാം ഉപേക്ഷിച്ചിറങ്ങിപ്പോകുന്ന സ്ത്രീകളുടെയും ജീവിതം മാത്രമല്ല ഈ പുസ്തകം സംസാരിക്കുന്നത്. കടന്നുപോയ കഠിനജീവിതാനുഭവങ്ങളിൽ നിന്ന് അവരുടെ കൈപിടിച്ച് പതിയെപ്പതിയെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ അതിജീവനവഴികളിലേക്ക് നയിച്ചതിൻ്റെ സൂക്ഷ്മവിവരണങ്ങളുമുണ്ട്. കമ്യൂണിറ്റി സെൻ്ററുകളും സഹകരണസംഘങ്ങളും രൂപവത്കരിച്ച്, അവർക്ക് സംരംഭകത്വ പരിശീലനം നൽകിയശേഷം, കൈത്തൊഴിലുകൾ പുനരുജ്ജീവിപ്പിച്ച് പുതിയകാല കമ്പോളത്തിനനുസൃതമായി നിർമാണമേഖലയെ പുനക്രമീകരിക്കുകയും സ്ത്രീകളെ തന്നെ സഹകരണസംഘത്തിൻ്റെ ഉടമകളും മാനേജർമാരുമാക്കുന്ന സ്വയംപര്യാപ്ത സ്ഥാപനങ്ങളെക്കുറിച്ചും എഴുത്തുകാരി സൂചിപ്പിക്കുന്നുണ്ട്. ദുരിതപാതകൾ ക്രമേണയെങ്കിലും അതിജീവനപാതകളാകുന്നതിൻ്റെ സാക്ഷ്യംപറച്ചിലുകളാണ് ഈ സന്ദർഭങ്ങളൊക്കെയും.

'ചരിത്രമെന്നത് മഹാദുരിതത്തിൽനിന്ന് ആശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ഓരോ സാധുമനുഷ്യൻ്റെയും നിത്യമായ, അഭയംകിട്ടാത്ത നീണ്ട യാത്രയും പ്രവാഹവു'മാണെന്ന ആനന്ദിൻ്റെ വരികൾ ആമുഖത്തിൽ സുധാ മേനോൻ എഴുതുന്നുണ്ട്.

ഈ പുസ്തകം അത്തരത്തിലുള്ള സ്ത്രീകളുടെ നിത്യമായ, അഭയംകിട്ടാത്ത, നീണ്ടയാത്രയും പ്രവാഹവുമാണ്. അവരുടെ അനന്തമായ വ്യഥകൾക്കുമുന്നിലുള്ള മുട്ടുകുത്തൽ

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT