അരുന്ധതി റോയിയുടെ പുസ്തകം വെറുപ്പ് എന്ന സംഗതിയുടെ വിപരീതത്തെ, പരസ്പരസ്നേഹത്തെയും അനുതാപത്തെയും സാഹോദര്യത്തെയും ഏറ്റവും വലിയ മൂല്യമെന്ന് ഉയരത്തില്‍ പ്രതിഷ്ഠിക്കുന്ന ഒന്നായി മാറുന്നുവെന്ന് എനിക്ക് തോന്നി. വെറുക്കാന്‍ അനേകം കാരണങ്ങളുണ്ടായിട്ടും ഇതിലെ മനുഷ്യര്‍ ആത്യന്തികമായിട്ട് പരസ്പരം സ്നേഹിക്കുന്നവരുമാണ് എന്നാണ് നമ്മള്‍ പുസ്തക വായന തീര്‍ക്കുമ്പോള്‍ തിരിച്ചറിയുക.
വെറുപ്പ് എന്നതിന്റെ വിപരീതത്തെ ആഘോഷിക്കുന്നൊരു പുസ്തകമാണ് അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മി. എഴുത്തുകാരിയുടെ അമ്മയായ മേരി റോയിയെക്കുറിച്ചുള്ള ഓര്‍മ്മപുസ്തകം എന്ന നിലയ്ക്കാണ് അത് നമ്മള്‍ വായിക്കുന്നത്. അമ്മയെക്കുറിച്ചുള്ള മകളുടെ വളരെ വ്യക്തിപരമായ ഓര്‍മ്മകള്‍ തന്നെയാണ് താനും അതിനകത്തെ പ്രധാന പ്രതിപാദ്യവിഷയം. എന്നാലത് അത് മാത്രമല്ല എന്ന് പുസ്തകം വായിച്ച് തീര്‍ത്താല്‍ നമ്മളറിയും. മനുഷ്യര്‍ മനുഷ്യരെ വെറുക്കുകയും, അങ്ങനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ സംഘങ്ങള്‍ അധികാരികളായി മാറുകയും, അത്തരക്കാര്‍ അധികാരികളായി വന്നത് കൊണ്ട് മനുഷ്യര്‍ വീണ്ടും വീണ്ടും കൂടുതലായിട്ട് പരസ്പരം വെറുക്കുകയും ചെയ്യുന്ന നമ്മുടെ ഈ കാലത്ത് അരുന്ധതി റോയിയുടെ പുസ്തകം വെറുപ്പ് എന്ന സംഗതിയുടെ വിപരീതത്തെ, പരസ്പരസ്നേഹത്തെയും അനുതാപത്തെയും സാഹോദര്യത്തെയും ഏറ്റവും വലിയ മൂല്യമെന്ന് ഉയരത്തില്‍ പ്രതിഷ്ഠിക്കുന്ന ഒന്നായി മാറുന്നുവെന്ന് എനിക്ക് തോന്നി. വെറുക്കാന്‍ അനേകം കാരണങ്ങളുണ്ടായിട്ടും ഇതിലെ മനുഷ്യര്‍ ആത്യന്തികമായിട്ട് പരസ്പരം സ്നേഹിക്കുന്നവരുമാണ് എന്നാണ് നമ്മള്‍ പുസ്തക വായന തീര്‍ക്കുമ്പോള്‍ തിരിച്ചറിയുക.
സാഹോദര്യം, ഫ്രറ്റേണിറ്റി
അരുന്ധതിയുടെ അമ്മ മേരി റോയ് പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടമാണ് സ്വത്ത് തുല്യതയ്ക്കായുള്ള അവകാശത്തിനായിട്ട് നടത്തിയത്. അവര്‍ ഒരു ഭാഗത്തും, അവരുടെ സഹോദരനും അമ്മയും മറുവശത്തുമായിട്ട് നിന്ന ആ പോരാട്ടം രാജ്യത്തെയും രാജ്യത്തെ സ്ത്രീ അവകാശങ്ങളുടെ ചരിത്രത്തിലെയും സുപ്രധാനമായ ഒന്നായിട്ട് മാറി. നിയമ പോരാട്ടം തുടങ്ങുന്നതിന് അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ശത്രുതയ്ക്ക് തുടക്കമായിരുന്നു എന്ന് അരുന്ധതിയുടെ പുസ്തകത്തിലൂടെ നമ്മളറിയുന്നു. ഭര്‍ത്താവിനെ വിട്ട്, അയാള്‍ തേയിലത്തോട്ട മാനേജരായിരുന്ന അസമില്‍ നിന്ന് രണ്ടരയും മൂന്നും വയസ്സുളള കുഞ്ഞുങ്ങളുമായിട്ട് മേരി റോയ് ഊട്ടിയില്‍ താമസിക്കാന്‍ വരുന്ന കാലം തൊട്ട് എന്ന് അരുന്ധതി വിശദീകരിക്കുന്നു. ഊട്ടിയിലെ ആ വീട് മേരി റോയിയുടെ അമ്മയുടേതാണ്. മകള്‍ക്ക് പിതൃസ്വത്തില്‍ അവകാശമില്ലാത്തത് കൊണ്ട് തന്നെ പക്ഷെ മേരി റോയ്ക്ക് അവിടെ താമസിക്കാനവകാശമില്ല. അവിടേക്ക് സഹോദരനും അമ്മയും വന്ന് കൊച്ച് കുഞ്ഞുങ്ങളോടൊപ്പമുള്ള മേരി റോയിയെ ഇറക്കിവിടാന്‍ ശ്രമിക്കുകയാണ്. അന്ന് തൊട്ട് അതികഠിനമായ ശത്രുത ഉണ്ട് അവര്‍ക്കിടയില്‍. പിന്നീട് അനേക വര്‍ഷങ്ങളിലെ പോരാട്ടത്തിന് ശേഷം മേരി റോയ് കോടതിയില്‍ വിജയിക്കും. സ്വത്തില്‍ തനിക്ക് കൂടെയുള്ള അവകാശം നിയമപരമായിട്ട് സ്ഥാപിച്ചെടുക്കും. അത്ര കഠിനമായ വെറുപ്പ് പരസ്പരമുണ്ടെന്ന് വിവരിക്കുന്ന ചില അധ്യായങ്ങള്‍ക്ക് ശേഷമാണ് എന്ത് കൊണ്ടാണ് ജി.ഐസക് എന്ന ചേട്ടന്‍ അനിയത്തിയായ മേരിയെ വിളിക്കുന്ന പേര് എന്ന് സാധാരണമട്ടില്‍ പറഞ്ഞ് പോകുന്ന ഒരു ഭാഗം വരുന്നത്. മാര്‍ട്ട് എന്നാണ് മേരിയെ ചേട്ടന്‍ ജീവിതകാലം മുഴുവന്‍ വിളിക്കുന്നത് എന്ന് നമ്മളറിയും, എന്ത് കൊണ്ടാണ് അങ്ങനെ എന്നും. മേരി എന്ന പേര് കുഞ്ഞുന്നാളില്‍ എഴുതുമ്പോള്‍ അവസാന അക്ഷരമായ വൈ കുട്ടിക്കാലത്ത് ടി എന്ന മട്ടിലാണ് മേരി എഴുതാറ്. അങ്ങനെ കുട്ടിക്കാലത്ത് അത് കാരണം ചേട്ടന്‍ അനിയത്തിയെ വിളിച്ച് തുടങ്ങിയതാണ് മാര്‍ട്ട് എന്ന്. ആ പേരിലാണ് ചേട്ടന്‍ ദീര്‍ഘജീവിതകാലം മുഴുവന്‍ വിളിച്ചിരുന്നതും, അനിയത്തി വിളി കേട്ടിരുന്നതും എന്ന് നമ്മളറിയും. പരസ്പരം പോരാടി, കഠിനരോഗങ്ങളുടെ വാര്‍ധക്യകാലത്ത് അവര്‍ പരസ്പരം കാണുന്നത് വേറൊരു വിധത്തിലാണ്. അരുന്ധതിയുടെ തന്നെ വാക്കുകളില്‍ ഇങ്ങനെയാണ് അത്.
ആര്‍ക്കും പ്രവചിക്കാനാകാതിരുന്ന, സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിക്കാത്ത വിധം അക്കാലത്തുണ്ടായ ഒരു മാറ്റം ജി ഐസക്കും മൂപ്പര്‌ടെ കുഞ്ഞുപെങ്ങള്‍ മാര്‍ട്ട് റോയിയും വേര്‍പെടുത്താനാകാത്ത ചങ്ങായ്മാരായി എന്നുള്ളതായിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ജി ഐസക് അവരെ സന്ദര്‍ശിക്കാന്‍ തുടങ്ങി. കിടക്കക്കടുത്തിരുന്ന്, ജി ഐസക് അവരുടെ കൈ പിടിച്ചിരുന്നും അവര് അവരുടെ മൂക്കിലെ ട്യൂബോടെയും പഴയ പാട്ടുകള്‍ ഒന്നിച്ച് പാടും. അവര്‍ക്ക് ശരിക്കും പാടാനൊന്നും പറ്റില്ലായിരുന്നു, എന്നാലും ശ്രമിക്കും. കേസ് നടത്തി പപ്പാതിയായിട്ട് കിട്ടിയ, അച്ഛന്റെ സ്വത്ത് -വന്‍ വീടും മറ്റും- വിറ്റ് കിട്ടിയ പണം രണ്ട് പേരും അവരവരുടെ നിലയ്ക്ക് പൊട്ടിച്ച് തീര്‍ത്തിരുന്നു. മൂപ്പര് മൂപ്പര്‌ടെ വമ്പന്‍ കടം തീര്‍ക്കാനായിട്ടും, അവര് സ്‌കൂളിന് വേണ്ടി നിറയെ ഭൂമി വാങ്ങിക്കൂട്ടാനായിട്ടും, സ്‌പോര്‍ട്‌സ് ഗ്രൗണ്ടിനായിട്ടും ഒക്കെ. അവര് ജീവിതകാലം മുഴുവന്‍ നീണ്ട ഇത്രയ്ക്ക് വലിയ പോരാട്ടം പരസ്പരം നടത്തിയത് എതിരാളികളെന്ന നിലയ്ക്ക് പരസ്പരം മതിക്കുന്നത് കൊണ്ട് മാത്രമാണെന്ന് ഇതൊക്കെ കാണുമ്പോള്‍ തോന്നുമായിരുന്നു. പക്ഷെ, മറ്റുള്ളവര്‍ക്കാര്‍ക്കും ആ പോരാട്ടം അത്രയ്ക്ക് വിനോദകരമൊന്നും ആയിരുന്നില്ല എന്നോര്‍ക്കണം.(പേജ് 348)
അമ്മയും സഹോദരനും തമ്മിലുള്ള ഈ ബന്ധത്തെക്കാള്‍ തീവ്രതയാര്‍ന്നതാണ്, പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന അരുന്ധതിയും സ്വന്തം സഹോദരനും തമ്മിലുള്ള ബന്ധം. അച്ഛന്‍ എന്നൊരാളേ ജീവിതത്തിലില്ല, അമ്മയാണെങ്കില്‍ അക്രമകാരിയാണ്. അസാധാരണമാം വിധത്തിലുള്ള ഈ സഹോദരീ-സഹോദര ബന്ധമാണ് പുസ്തകത്തിലെ ഏറ്റവും ഹൃദയഹാരിയായ സംഗതി എന്ന് എനിക്ക് തോന്നി. മറ്റെല്ലാവര്‍ക്കും ആരാധ്യയായ മേരി റോയ് ഈ സഹോദരന് മുന്നില്‍ ഏറ്റവും ക്രൂരയായിരുന്നു എന്ന് നമ്മള്‍ വായിച്ചറിയുന്നു. പുരുഷലോകത്തിന് നേരെയുള്ള കഠിനവിദ്വേഷം മേരി റോയ് സ്വന്തം മകന് നേര്‍ക്ക് കെട്ടഴിച്ച് വിട്ടതോ എന്ന് അരുന്ധതി തന്നെ സംശയിക്കുന്നുണ്ട്. നല്ല മാര്‍ക്ക് വാങ്ങുന്ന അരുന്ധതിയെ അഭിനന്ദിച്ച ശേഷം, അടുത്ത മുറിയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മകന്റെ കൈ അടിച്ച് പൊട്ടിക്കുന്ന മിസിസ് റോയിയെ നമ്മള്‍ക്ക് അരുന്ധതി കാണിച്ച് തരുന്നു. എപ്പോഴൊക്കെ അഭിനന്ദിക്കപ്പെടുന്നോ, എപ്പോഴൊക്കെ എനിക്കായി കൈയ്യടികള്‍ ഉയരുന്നോ അപ്പോഴൊക്കെയും മറ്റൊരു മുറിയില്‍ ആര്‍ക്കോ മര്‍ദ്ദനമേല്‍ക്കുന്നുവല്ലോ എന്ന് ചിന്തിക്കേണ്ടി വരുന്നതരം മനോനില അന്ന് തൊട്ട് തനിക്കൊപ്പം വന്ന് ചേര്‍ന്നു എന്ന് അരുന്ധതി എഴുതുന്നു. (അത് നിങ്ങളെന്റെയീ വരിയില്‍ വായിക്കുമ്പോള്‍ തോന്നിക്കും വിധത്തിലുള്ള സ്വയം മഹത്വവല്‍ക്കരിക്കല്‍ ടോണില്‍ അല്ല)
സാഹോദര്യം ഈ പുസ്തകത്തിലെ സുപ്രധാനമായിട്ടുള്ള തീം ആണ്. പരസ്പരം വെറുത്താലും വെറുപ്പിന്റെയൊടുക്കം പരസ്പരം തന്നെ ചെന്ന് ചേരുന്ന സാഹോദര്യം എന്ന മഹദ്മൂല്യം പുസ്തകം അതിന്റെ ആകെത്തുകയായിട്ട് പോസിറ്റീവായിട്ട് അതിനെ സമീപിക്കുന്ന ഒരു വായനക്കാരനുള്ളില്‍ നിക്ഷേപിക്കുന്നു. ഈ സാഹോദര്യം പക്ഷെ, അരുന്ധതിയുടെ ജീവിതത്തില്‍ അവരുടെ കുടുംബത്തിനകത്ത് മാത്രമായിട്ടല്ല നമ്മള് കാണുന്നത്. സാഹോദര്യം അതിരുകള്‍ക്കതീതമായ സഹജീവികളോടുള്ള കോമ്രേഡറി ആയും, അനുകമ്പയും എമ്പതിയും ആയിട്ട് വികസിക്കുന്നു. അല്ലെങ്കിലെന്തിനാണ് വന്‍വിജയം നേടിയ ഒരെഴുത്തുകാരി, അതീവസമ്പന്നയായ ഒരു എലീറ്റ് ലിറ്റററി സൂപ്പര്‍ സ്റ്റാര്‍ മാവോയിസ്റ്റുകളെ കോമ്രേഡ്സ് എന്ന് കണ്ട് കാട്ടിലൂടെ കഠിനനടപ്പ് നടക്കുന്നത്.
അരുന്ധതി റോയ് ബൂര്‍ഷ്വാസീ ജീവിതം കിട്ടിയ ഒരാളാണ് എന്ന് ഞാന്‍ വായനക്കൊടുവില്‍ വിലയിരുത്തി. അവരുടെ ദാരിദ്ര്യം പോലും ബൂര്‍ഷ്വാസിയുടെ ദാരിദ്ര്യമാണ്. എല്ലാത്തരം ദാരിദ്ര്യങ്ങളെയും മറികടക്കാനുള്ള ആ ബൂര്‍ഷ്വാസി ജീന്‍ അവരുടെ രക്തത്തില്‍ ഉള്ളത് കൊണ്ട് കൂടെയാണ് ഇത്രയ്ക്ക് ഡ്രമാറ്റിക് ആയ വിജയജീവിതം അവര്‍ക്കും അവരുടെ ചുറ്റുമുള്ളവര്‍ക്കും സാധ്യമാകുന്നത് എന്ന് വിലയിരുത്തിയാല്‍ ഒരിഞ്ച് തെറ്റാവുകയില്ല അത്.
കോമ്രേഡറി, അനുകമ്പ, എമ്പതി
എമ്പതി എന്നാല്‍ സഹാനുഭൂതി. നമ്മളല്ലാത്ത മറ്റൊരാളിന്റെ വികാരങ്ങളുമായിട്ട് താദാത്മ്യം പ്രാപിക്കല്‍ എന്നൊക്കെ വിശദീകരിച്ചും പറയാം. അരുന്ധതി റോയ് ബൂര്‍ഷ്വാസീ ജീവിതം കിട്ടിയ ഒരാളാണ് എന്ന് ഞാന്‍ വായനക്കൊടുവില്‍ വിലയിരുത്തി. അവരുടെ ദാരിദ്ര്യം പോലും ബൂര്‍ഷ്വാസിയുടെ ദാരിദ്ര്യമാണ്. എല്ലാത്തരം ദാരിദ്ര്യങ്ങളെയും മറികടക്കാനുള്ള ആ ബൂര്‍ഷ്വാസി ജീന്‍ അവരുടെ രക്തത്തില്‍ ഉള്ളത് കൊണ്ട് കൂടെയാണ് ഇത്രയ്ക്ക് ഡ്രമാറ്റിക് ആയ വിജയജീവിതം അവര്‍ക്കും അവരുടെ ചുറ്റുമുള്ളവര്‍ക്കും സാധ്യമാകുന്നത് എന്ന് വിലയിരുത്തിയാല്‍ ഒരിഞ്ച് തെറ്റാവുകയില്ല അത്. ക്ലാസ് പ്രിവലേജ് തനിക്ക് കിട്ടിയിട്ടുണ്ട് എന്ന് അരുന്ധതി തന്നെയും സ്വയം വിലയിരുത്തുന്നത് കൊണ്ടും വായനക്കാരന്റെ ഈ ജഡ്ജ്മെന്റ് തെറ്റായി കണക്കാക്കപ്പെടില്ല എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ, ഈ ബൂര്‍ഷ്വാ ജീവിതത്തെ സ്വയം ചവിട്ടിത്താഴ്ത്തിയെടുത്ത് ഇതരമനുഷ്യരോടുള്ള തന്റെ സാഹോദര്യം കോമ്രേഡ്ഷിപ്പായിട്ട് വികസിപ്പിക്കുന്ന, അതിനായി ഏത് കഠിനതകളിലേക്കിറങ്ങാനും മടിയില്ലാതിരിക്കുന്ന അരുന്ധതിയോടുള്ള ആദരവ് തന്നെയാണ് ഇങ്ങനെ ചിന്തിച്ചാലും പോസിറ്റീവായിട്ട് വായിക്കുന്ന ഒരു വായനക്കാരന് ബാക്കിയാവുക.
ഒരു നോവലെഴുതിയാല്‍ ഇത്ര വലുപ്പത്തിലുള്ള പണം കിട്ടുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് അരുന്ധതി റോയ് പുസ്‌കത്തിലൊരിടത്ത് പറയുന്നുണ്ട്. അത്രയ്ക്ക് പണം, അത്രയ്ക്ക് വലുതായ പ്രശസ്തി, അനേക രാജ്യങ്ങളിലേക്കുള്ള യാത്രകള്‍, അനേകതരം വായനക്കാരുടെ ആദരവും സ്നേഹവും. ആദ്യ നോവലായ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് അരുന്ധതിയ്ക്ക് ഇതൊക്കെ നല്‍കി. ഇതൊക്കെ തുടരാനാകും വിധം സാഹിത്യത്തിന്റെ ആ വിജയലോകത്ത് തുടരുകയല്ല അവര്‍ ചെയ്തത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അരുന്ധതി പ്രയാസപ്പെടുന്ന മനുഷ്യര്‍ക്കിടയിലേക്കാണ് ചെന്നത്. അസാധാരണമാം വിധം വെറുക്കപ്പെടുന്ന, കൊല്ലാന്‍ പാകത്തിന് വലുപ്പത്തിലുള്ള ശത്രുക്കളെ ഉണ്ടാക്കുന്ന അതികഠിനമായ വഴിയിലേക്കാണ് അവര് പിന്നീട് നടന്നത്. കഷ്ടപ്പെടുന്നവരോടുള്ള സാഹോദര്യവും കോമ്രേഡറിയുമാണ് അതിനവരെ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ വായനക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് സംശയമുണ്ടായതേ ഇല്ല. മറ്റെന്ത് കാരണത്താലാണ്, വിജയകരമായ ബൂര്‍ഷ്വാ ജീവിതം നയിക്കാന്‍ തടസ്സങ്ങളൊന്നുമില്ലാത്ത അവര്‍ക്ക് ദണ്ഡകാരണ്യത്തിലെ നക്സലുകള്‍ക്കിടയിലേക്ക്, കാട്ടിലേക്ക് കഠിനമായ കാര്യങ്ങളിലേക്ക് നടക്കാന്‍ പ്രേരകമാകുന്ന സംഗതികള്‍ ഉണ്ടാകുന്നത്. വാക്കിംഗ് വിത്ത് കോമ്രേഡ്സ് എന്ന ലേഖനമെഴുത്ത് അവരെ ഭരിക്കുന്നവരുടെ വലിയ ശത്രുവാക്കിയിട്ട് മാറ്റുകയാണല്ലോ. അതെത്തുടര്‍ന്നുണ്ടാകുന്ന വലിയ കോടതിസംഘര്‍ഷങ്ങള്‍ അവര്‍ വിശദമായിട്ട് തന്നെ എഴുതുന്നുണ്ട്. അഫ്സല്‍ ഗുരുവിനെക്കുറിച്ചെഴുതുന്നതും ഇത് പോലെ തന്നെ. നമ്മള്‍ ജീവിക്കുന്ന കാലത്ത് മറ്റേതൊരു സെലിബ്രിറ്റി ആണ് ഇത്രയ്ക്ക് സംഘര്‍ഷാത്മകമായ വഴികള്‍ തെരഞ്ഞെടുക്കുക എന്നാലോചിച്ചപ്പോള്‍ അവരോടുള്ള ആദരവ് കൂടും. എന്തായിരിക്കും അവരെ നയിച്ചിട്ടുണ്ടാവുക എന്നോര്‍ത്താല്‍ ജീവിതം തനിക്ക് തന്ന സൗഭാഗ്യങ്ങള്‍ക്കപ്പുറത്ത് നില്‍ക്കുന്ന മനുഷ്യരോടുള്ള സാഹോദര്യവും ഇതരജീവിതങ്ങളോടുള്ള എമ്പതിയും അല്ലാതെ മറ്റെന്ത് എന്ന് നമുക്ക് തോന്നും. അരുന്ധതിയില്‍ എതിര്‍ക്കാന്‍ തോന്നുന്ന പലതും ക്രിട്ടിക്കലായ ഒരു രണ്ടാം ആലോചനയില്‍ എനിക്കും തോന്നിയിട്ടില്ല എന്നല്ല, പക്ഷെ അതിനെ വളരെ ചെറിയ വിയോജിപ്പുകളായിട്ട് തോന്നിക്കുന്ന സംഗതികളായിട്ട് ഈ സാഹോദര്യ, അനുകമ്പാ മൂല്യങ്ങള്‍ മാറുന്നുണ്ട്.
ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് പ്രകാശനം ചെയ്യപ്പെടുന്ന കാലത്തെ കേരളം ഭരിക്കുന്ന മാര്‍ക്സിസ്റ്റ് സര്‍ക്കാരിന് തന്നോട് അതൃപ്തി ഉണ്ടായിരുന്നു എന്ന കാര്യം അവരെഴുതുന്നുണ്ട്. പാര്‍ട്ടിക്കും, ഇഎംഎസ് നമ്പൂതിരിപ്പാടിനും എതിരായ വിമര്‍ശത്തെ പ്രതിയായിരുന്നു ആ അതൃപ്തി എന്നും പറയുന്നിടത്ത് പക്ഷെ, അവാസ്തവമായ ഒരു കാര്യം നോവലില്‍ ഇഎംഎസിനെപ്പറ്റി ഉണ്ടായിരുന്നു എന്ന സംഗതിയെ സ്പര്‍ശിക്കുന്നില്ല. ഫിക്ഷനെഴുത്തിലെ സ്വാതന്ത്ര്യമാണ് അതെന്ന് എങ്കിലും അവര് പറയേണ്ടതായിരുന്നല്ലോ എന്ന വിമര്‍ശം എനിക്ക് അവിടെ ഉണ്ടായി. ഐ വാസ് ആന്‍ അഡ്മൈറര്‍, ബട് നോട് എ ഡിവോട്ടീ (എനിക്ക് ബഹുമാനമുണ്ടായിരുന്നു, എന്നാല്‍ ഭക്തി ഉണ്ടായിരുന്നുമില്ല - പേജ് 238) എന്ന് അവിടെ അവരെഴുതുന്നുണ്ട്. ഇഎംഎസിനെക്കുറിച്ചാണോ, പാര്‍ട്ടിയെക്കുറിച്ചാണോ അതോ രണ്ടും ചേര്‍ന്നാണോ എന്ന് നമ്മുടെ സന്ദേഹത്തിന് അവിടെ മറുപടി കിട്ടുന്നുമില്ല.
ഏറ്റവുമടുത്തയാളിനെ അയാളുടെ ഏറ്റവും നെഗറ്റീവായ വശങ്ങളെല്ലാം അതിന്റെ തീവ്രവെളിച്ചത്തില്‍ തന്നെ തുറന്ന് കാണിക്കുമ്പോഴും, മനുഷ്യര്‍ അങ്ങനെയൊക്കെയാണ് എന്ന് കണ്ട്, സ്നേഹത്തിലേക്ക് തന്നെ അതിനെ ആത്യന്തികമായിട്ട് തിരികെയെത്തിക്കുന്ന എഴുത്താണ് അവരെഴുതിയിരിക്കുന്നത്. വിചിത്രത കലര്‍ന്ന പരസ്പരസ്നേഹം ആണ് മനുഷ്യരെ ഇതരജീവികളില്‍ നിന്ന് വ്യത്യസ്തരാക്കുന്ന സംഗതികളിലൊന്ന് എന്ന് തന്നെ ഈ പുസ്തകം വിശദീകരിക്കുന്നു എന്ന് എനിക്ക് തോന്നി
അമ്മ, മകള്‍
ഒരാള്‍ തന്റെ മാതാപിതാക്കളെക്കുറിച്ചെഴുതുമ്പോള്‍ തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചാണ് എഴുതുക. കാള്‍ഓവ് നോസ്ഗാര്‍ഡ് അച്ഛനെക്കുറിച്ചെഴുതിയത് പോലുള്ള കയ്പുറ്റ വിവരണങ്ങള്‍ നിറയെ ഉണ്ട് പുസ്തകത്തില്‍. എന്നും അമ്മയോടുള്ള സ്നേഹം അരുന്ധതി നിലനിര്‍ത്തിയെങ്കിലും അതിന് വേണ്ടി കടന്ന് വന്ന വഴികളിലെ കയ്പും, ആ അമ്മ കുട്ടികള്‍ക്ക് മേല്‍ വെച്ച ക്രൂരതയുടെ വലുപ്പവും നമ്മളെ സങ്കടത്തിലാക്കുക തന്നെ ചെയ്യും. അങ്ങനെയൊരു കുട്ടിക്കാലം ഈ എഴുത്തുകാരിയെ സൃഷ്ടിച്ചത് എങ്ങനെയെന്നതാണ് പുസ്തകത്തിന്റെ മുക്കാല്‍ ഭാഗത്തോളവും. ബാക്കി അവരുടെ സാമൂഹ്യജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചിത്രീകരണമാണ്. അവരുടെ കൂട്ടുകാരും പ്രണയിതാക്കളും ഭര്‍ത്താവും സഹപ്രവര്‍ത്തകരും, പ്രത്യേകിച്ചും പുരുഷസുഹൃത്തുക്കള്‍, പുസ്തകത്തില്‍ സവിശേഷവെളിച്ചത്തിലും ആദരവാലും സ്നേഹത്താലും ചിത്രീകരിക്കപ്പെടുന്നുണ്ട്. എങ്കിലും അമ്മയോടുള്ള ബന്ധം തന്നെയാണ് ഇതിലെ സുപ്രധാന സംഗതി. അതില്‍ ആഴത്തില്‍ മുറുകി നില്‍ക്കുന്ന വെറുപ്പും അകാരണമായ പകയും, അത് കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളും തന്നെ ഇതിന്റെ ആകെത്തുക. അതെല്ലാം മറികടന്നും പക്ഷെ പരസ്പരം സ്നേഹിക്കാനാകും എന്ന് തന്നെ അരുന്ധതി എഴുതിത്തീര്‍ക്കുന്നു. ഏറ്റവുമടുത്തയാളിനെ അയാളുടെ ഏറ്റവും നെഗറ്റീവായ വശങ്ങളെല്ലാം അതിന്റെ തീവ്രവെളിച്ചത്തില്‍ തന്നെ തുറന്ന് കാണിക്കുമ്പോഴും, മനുഷ്യര്‍ അങ്ങനെയൊക്കെയാണ് എന്ന് കണ്ട്, സ്നേഹത്തിലേക്ക് തന്നെ അതിനെ ആത്യന്തികമായിട്ട് തിരികെയെത്തിക്കുന്ന എഴുത്താണ് അവരെഴുതിയിരിക്കുന്നത്. വിചിത്രത കലര്‍ന്ന പരസ്പരസ്നേഹം ആണ് മനുഷ്യരെ ഇതരജീവികളില്‍ നിന്ന് വ്യത്യസ്തരാക്കുന്ന സംഗതികളിലൊന്ന് എന്ന് തന്നെ ഈ പുസ്തകം വിശദീകരിക്കുന്നു എന്ന് എനിക്ക് തോന്നി. ഏത് വിധത്തിലെങ്കിലും, ഏത് കാരണത്താലെങ്കിലും ഇതരമനുഷ്യരെ വെറുക്കൂ എന്ന് പ്രേരിപ്പിക്കുന്ന, വെറുപ്പ് എന്നതാണ് വിജയമുണ്ടാക്കിത്തരുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് തെളിയിച്ച് തരുന്ന, ഈ മോശം കാലത്തിരുന്ന് ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്കതിന്റെ മൂല്യമായിട്ട് ഉള്ളിലെടുത്ത് വെക്കാന്‍ ഈ സംഗതി തന്നെ മതി എന്ന് ഞാന്‍ വിചാരിച്ചു.
അരുന്ധതിയെ വിമര്‍ശിക്കേണ്ടുന്ന സംഗതികളില്ല എന്നല്ല. എന്നെ സ്വതന്ത്രയായി വിടാന്‍ പാകത്തിന് അമ്മ എന്നെ സ്നേഹിച്ചു എന്ന ഗോഡ് ഓഫ് സ്മോള്‍ തിംഗ്സിലെ സമര്‍പ്പണവാക്യത്തെ കള്ളം എന്ന മട്ടില്‍ അരുന്ധതി തള്ളിപ്പറയുന്നുണ്ട്. ഫിക്ഷനകത്ത് അല്ല ആ തിരുത്തല്‍ എന്ന് നമ്മളോര്‍ക്കും. സമര്‍പ്പണവാക്യത്തില്‍ ഫിക്ഷനെന്ന് കല്‍പനാ വാചകമെഴുതിയ അരുന്ധതി ഈ ഓര്‍മക്കുറിപ്പിലും അതിസുന്ദരമായ ഭാഷയില്‍ അവാസ്തവങ്ങഴെുതിയിട്ടുണ്ടാകുമോ എന്ന് വായനക്കാരായ നമ്മള് സംശയിക്കുക തന്നെ ചെയ്യും. എന്നാല്‍ ക്രൂരപാരന്റിംഗിന് വിധേയയായ അരുന്ധതിക്ക് അത് കൊണ്ട് ലോകത്തോട് വിദ്വേഷകരമായ ബന്ധമുണ്ടായി എന്ന വിലയിരുത്തലുകളെ അതിശക്തമായിട്ട് എതിര്‍ക്കാന്‍ വായനക്കാരെന്ന നിലയ്ക്ക് നല്ല ഉറപ്പ് നമുക്കുണ്ടാവുകയും ചെയ്യും. അത്, അരുന്ധതിയാല്‍ ഹിംസിക്കപ്പെട്ട, ഇപ്പോഴും ഹിംസിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഭരണ-രാഷ്ട്രീയ ശക്തികളുടെ ആരാധകര്‍ നടത്തുന്ന പ്രചാരണങ്ങളാണ് എന്ന് നമുക്ക് എളുപ്പം മനസ്സിലാക്കാനുമാകും. ബിജെപി അണികളായ വായനക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസ്സുകാരായ വായനക്കാര്‍ പോലും അരുന്ധതിയെ ഈ മട്ടില്‍ ചിത്രീകരിക്കുന്നത് ചിലയിടത്ത് കണ്ടപ്പോള്‍ എനിക്കീ തോന്നലുണ്ടായി. മോദി സര്‍ക്കാര്‍ കാലത്ത് മാത്രമല്ല, മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തും അരുന്ധതി എഴുതി ഭരണകൂടത്തെ വേദനിപ്പിച്ചിരുന്നല്ലോ എന്ന് നമ്മളോര്‍ക്കും.
അസാധാരണമായ ഭാഷയാണ് അരുന്ധതിയുടേത്. അതിലളിതമെന്ന് തോന്നിക്കുന്നത്. കാല്‍പ്പനികതയുടെ അതിപ്രസരമൊന്നുമില്ലാത്ത എന്നാല്‍ അങ്ങേയറ്റം ആര്‍ദ്രമായ ഈ ഭാഷയും അവരുടെ അനേകം പുസ്തകങ്ങള്‍ ഇനിയുമുണ്ടാകട്ടെ എന്ന് കാത്തിരിപ്പിലേക്ക് വായനക്കാരന്‍ എന്ന നിലയില്‍ എന്നെ എത്തിച്ചിട്ടുണ്ട്. ഈ പുസ്തകം വായിക്കും മുമ്പുണ്ടായിരുന്നതിനെക്കാള്‍ വലിയ ആരാധകനായിട്ട് അടുത്ത എഴുത്തിനായിട്ട് കാത്തിരിക്കുന്ന നിലയിലേക്ക്.