സേക്രഡ് ഗെയിംസ്, ഡല്‍ഹി ക്രൈം,ലിറ്റില്‍ തിങ്ങ്‌സ്, ഇന്ത്യന്‍ ഒറിജിനല്‍സിന് കാഴ്ച്ചക്കാരേറെ; 3000 കോടി കൂടി മുടക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്

സേക്രഡ് ഗെയിംസ്, ഡല്‍ഹി ക്രൈം,ലിറ്റില്‍ തിങ്ങ്‌സ്, ഇന്ത്യന്‍ ഒറിജിനല്‍സിന് കാഴ്ച്ചക്കാരേറെ; 3000 കോടി കൂടി മുടക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്

ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യന്‍ ഒറിജിനല്‍ കണ്ടന്റുകള്‍ നിര്‍മിക്കാനായി 3000 കോടി ചെലവഴിക്കും. നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യന്‍ കണ്ടന്റുകള്‍ക്കുള്ള സ്വീകാര്യതയെക്കുറിച്ച് സംസാരിക്കവെ കമ്പനി സിഇഒ റീഡ് ഹാസ്റ്റിങ്ങ്‌സാണ് ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി 3000 കോടി ചെലവഴിക്കുമെന്ന് അറിയിച്ചത്. 17-ാമത് ‘ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റി’ലായിരുന്നു റീഡിന്റെ പ്രതികരണം.

നവാസുദ്ദീന്‍ സിദ്ദിഖിയും സെയ്ഫ് അലി ഖാനും ഒന്നിച്ച സേക്രഡ് ഗെയിംസ്, നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഡല്‍ഹി ക്രൈം, മിഥില പാല്‍ക്കറും ധ്രുവ് സേഗാലും ഒന്നിച്ച ലിറ്റില്‍ തിങ്ങ്‌സ് എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതികരണം നേടിയ സീരീസുകള്‍. നെറ്റ്ഫ്‌ലിക്‌സ് മാത്രമല്ല മറ്റ് സ്ട്രീമിങ്ങ് സര്‍വീസുകളും ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നുണ്ട്. ഇന്ത്യന്‍ കണ്ടന്റുകള്‍ക്ക് മറ്റ് രാജ്യങ്ങളിലും സ്വീകാര്യതയുണ്ടെന്നും റീഡ് വ്യക്തമാക്കി.

അനിമേറ്റഡ് സീരീസായ മൈറ്റി ലിറ്റില്‍ ഭീം ഇന്ത്യക്ക് പുറത്തെ 27 മില്യണ്‍ പ്രേക്ഷകരാണ് കണ്ടത്, ഇന്ത്യന്‍ ആശയങ്ങളും കഥാപാത്രങ്ങളും വ്യാപിക്കുകയാണെന്നും റീഡ്് പറഞ്ഞു. നിലവില്‍ 160 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് നെറ്റ്ഫ്‌ലിക്‌സിന് ആഗോളവ്യാപകമായിട്ടുള്ളത്. എങ്കിലും ഇന്ത്യയില്‍ നിന്ന് മാത്രം എത്ര പേര്‍ സബ്‌സ്‌ക്രൈബേഴ്‌സുണ്ടെന്ന് റീഡ് വെളിപ്പെടുത്തിയില്ല.

നെറ്റ്ഫ്‌ലിക്‌സിന്റെ ഭാവിയില്‍ ഇന്ത്യ വലിയൊരു മാര്‍ക്കറ്റാണെന്നും റീഡ് അറിയിച്ചു. രാജ്യത്തെ എല്ലാ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളും നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കുന്ന തരത്തിലേക്കെത്തണം, നെറ്റ്ഫ്‌ലിക്‌സിന്റെ സ്ട്രീമിങ്ങ് മോഡല്‍ വിജയം നേടിയതിനെ തുടര്‍ന്ന് രാജ്യത്തെ പല മുന്‍നിര സ്റ്റുഡിയോകളും സ്വന്തം സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അത് വിപണിയില്‍ മത്സരം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഹാസ്റ്റിങ്ങ് കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in