വാള്‍ട്ടര്‍ വൈറ്റ് തിരിച്ചുവരില്ലെന്ന് സൂചന നല്‍കി പുതിയ ടീസര്‍; ‘ബ്രേക്കിംഗ് ബാഡ്’ ചിത്രം ഒക്ടോബര്‍ 11ന്

വാള്‍ട്ടര്‍ വൈറ്റ് തിരിച്ചുവരില്ലെന്ന് സൂചന നല്‍കി പുതിയ ടീസര്‍; ‘ബ്രേക്കിംഗ് ബാഡ്’ ചിത്രം ഒക്ടോബര്‍ 11ന്

എഎംസിയുടെ ജനപ്രിയ ടെലിവിഷന്‍ സീരീസായ ബ്രേക്കിംഗ് ബാഡ് ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ബ്രയാന്‍ ക്രാസ്റ്റന്‍ അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റ് എന്ന പ്രധാന കഥാപാത്രം സീക്വലിലുണ്ടാകില്ലെന്ന സൂചനയാണ് പുതിയ ടീസര്‍ നല്‍കുന്നത്.

സീരീസിലെ ആരോണ്‍ പോള്‍ അവതരിപ്പിച്ച 'ജെസി പിങ്കമാന്‍' എന്ന കഥാപാത്രത്തിന്റെ പിന്നീടുള്ള കഥയാണ് സിനിമയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സീരീസിന് തുടര്‍ച്ചയാണ് സിനിമ എന്ന് ടീസര്‍ സൂചിപ്പിക്കുന്നു. സീരീസിന്റെ ക്ലൈമാക്‌സിലെ വെടിവെയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടുവെന്ന റേഡിയോ വാര്‍ത്ത കേള്‍ക്കുന്ന ജെസിയാണ് ടീസറില്‍. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു എന്നത് സത്യമാണെങ്കില്‍ വാള്‍ട്ടര്‍ വൈറ്റ് അതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ സീരീസിലെ അവസാന സീസണില്‍ കൊല്ലപ്പെടുന്ന മൈക്ക് എന്ന കഥാപാത്രം അവതരിപ്പിച്ച ജൊനാഥന്‍ ബാങ്ക്‌സ് സിനിമയില്‍ താനുണ്ടെന്ന സൂചന കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ ചിത്രത്തില്‍ ഒരു ഫ്‌ളാഷ്ബാക്കുണ്ടാകാനും വാള്‍ട്ടര്‍ വൈറ്റ് തന്നെയുണ്ടാകാനും സാധ്യതയുണ്ട്.

സീരീസിലെ മറ്റ് ഏതെല്ലാം കഥാപാത്രങ്ങള്‍ സിനിമയിലുണ്ടാകുമെന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. 'വാള്‍ട്ടര്‍ വൈറ്റ്' ഏതെങ്കിലും രീതിയില്‍ സിനിമയിലുമുണ്ടാവുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

എല്‍ കാമിനോ എ ബ്രേക്കിംഗ് ബാഡ് മൂവി എന്നാണ് ചിത്രത്തിന്റെ പേര്. സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു നെറ്റ്ഫ്ലിക്സ് സിനിമ ഉടനെത്തുമെന്ന് നേരത്തെ അറിയിച്ചത്. സീരീസിന്റെ ക്രിയേറ്ററായ വിന്‍സ് ഗില്ലിഗന്‍ തന്നെയാണ് സിനിമയും സംവിധാനം ചെയ്യുന്നത്.

ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ മികച്ച റേറ്റിംഗ് നേടിയ ഷോയാണ് ബ്രേക്കിംഗ് ബാഡ്. 2008 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെ അഞ്ച് സീസണുകള്‍ സീരീസിന്റേതായി പുറത്തിറങ്ങി. അര്‍ബുദം ബാധിച്ച വാള്‍ട്ടര്‍ വൈറ്റ് എന്ന രസതന്ത്ര അധ്യാപകന്‍ ജെസി പിങ്ക്മാന്‍ എന്ന തന്റെ വിദ്യാര്‍ഥിയുമായി ചേര്‍ന്ന് പണത്തിനായി മെതഫെറ്റമൈന്‍ എന്ന ലഹരിമരുന്ന് നിര്‍മിക്കാന്‍ തുടങ്ങുന്നതും പിന്നീടുള്ള ജീവിതമാറ്റങ്ങളുമാണ് സീരീസ്. സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്നുണ്ട്

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in