ജോഷിമഠ്‌ ദുരന്തം വിരൽ ചൂണ്ടുന്നത് ആർക്കുനേരെ

ജോഷിമഠ്‌ ദുരന്തം വിരൽ ചൂണ്ടുന്നത് ആർക്കുനേരെ

ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്ന പ്രദേശം ​ഗുരുതര പ്രകൃതി ദുരന്തങ്ങളുടെ പേരിൽ‌ വാർത്തകളിൽ നിറയുകയാണ്. ഭൂമി ഇടിഞ്ഞു താഴുന്നു, കെട്ടിടങ്ങളിലും വീടുകളിലും വിള്ളൽ വീഴുന്നു. പ്രദേശവാസികൾക്ക്‌ സർവ്വതും ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടി വരുന്നു. ജോഷിമഠിൽ ഇപ്പോൾ നടക്കുന്ന പ്രതിസന്ധികൾക്ക് കാരണമെന്താണ്. ജനങ്ങളുടെ ഈ ദുരവസ്ഥക്ക് കാരണക്കാർ ആരാണ്?

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ, സമുദ്രനിരപ്പിൽ നിന്ന് 6150 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന പ്രദേശമാണ് ജോഷിമഠ്. ബദ്രിനാഥിന്റെ കവാടം എന്നറിയപ്പെടുന്ന ഈ പ്രദേശം ഹിമാലയൻ യാത്ര നടത്തുന്നവരുടെയൊക്കെ ബേസ് ക്യാംപ് ആണ്. പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ട പ്രദേശമായ ജോഷിമഠ് ഇപ്പോൾ മുങ്ങുകയാണ്. ഭൂമി ഇടിഞ്ഞു താഴുന്നതും കെട്ടിടങ്ങളിലും വീടുകളികും വലിയ രീതിയിലുള്ള വിള്ളലുകൾ വീഴുന്നതുമാണ് പ്രധാന പ്രശ്നം. ഇതിനോടകം 600ലേറെ വീടുകൾക്കാണ് വിള്ളൽ സംഭവിച്ചത്. ജോഷിമഠിൽ നിന്ന് 80 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കർ‌ണപ്രയാഗിലും ഇപ്പോൾ വീടുകളിൽ വിള്ളലുകൾ കണ്ടുവരുന്നുണ്ട്. ജോഷിമഠിലെ ഒരു ക്ഷേത്രം വിള്ളൽ മൂലം പൂർണമായും തകർന്നു.

ജോഷിമഠ് ഇപ്പോൾ നേരിടുന്നത് അപ്രതീക്ഷിതമായി സംഭവിച്ച ഒരു പ്രകൃതി ദുരന്തമാണെന്ന് പറയാനാകില്ല. ഭൂമിശാസ്ത്രപരമായി ബലക്കുറവുള്ള മണ്ണാണ് ജോഷിമഠിന്റേത് എന്ന് 46 വർഷങ്ങൾക്ക് മുൻപ് തന്നെ പഠനങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്. അന്നത്തെ കമ്മിഷണർ മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ ജോഷിമഠിനെക്കുറിച്ചും അവിടുത്തെ മണ്ണിടിച്ചിലിനെ കുറിച്ചും പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. 1976 ലാണ് ആ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് വരുന്നത്.

ഭൂമിശാസ്ത്രപരമായി ബലക്കുറവുള്ള മണ്ണാണെന്നും ഏറെ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രദേശത്തെ മണ്ണിടിച്ചിലിന്റെ കാരണവും ആ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ചെരിവുകളിൽ കൃഷി ചെയ്യുന്നതും നദികളുടെ അടിയൊഴുക്കും, പാറകൾക്കു സംഭവിക്കുന്ന തേയ്മാനവും മഴയും മഞ്ഞു വീഴ്ചയും മൂലം കുന്നുകളിൽ വെളളം ഇറങ്ങുന്നതും, വെള്ളത്തിന്റെ സാന്നിധ്യം കൂടുന്നത് പാറകളുടെ സ്ഥാനമാറ്റത്തിലേക്ക് നയിക്കുന്നതുമൊക്കെയാണ് മണ്ണിടിച്ചിലിനു കാരണമായി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മണ്ണിൽ നിന്ന് വേർപെടുന്ന പാറകൾ തടഞ്ഞു നിർത്താൻ ആവശ്യമായ മരങ്ങൾ ഇല്ലാത്തതും മണ്ണൊലിപ്പിലേക്കും മണ്ണിടിച്ചിലിലേക്കും നയിക്കുന്ന മറ്റൊരു കാരണമായി ചൂണ്ടികാണിക്കുന്നുണ്ട്.

ഈ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ മേൽപറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ നടപടികൾ കൈക്കൊള്ളണമെന്നും എന്തൊക്കെ നിയന്ത്രണങ്ങൾ നടത്തണമെന്നും കൃത്യമായി തന്നെ പറഞ്ഞിരുന്നു. മണലും കല്ലും നിറഞ്ഞ ഒരു പ്രദേശമാണ് ജോഷിമഠ്. അതുകൊണ്ട് തന്നെ ആ പ്രദേശം ന​ഗര നിർമ്മാണത്തിന് അനുയോജ്യമല്ല. വലിയ നിർമാണ പ്രവർത്തനങ്ങൾക്കും ചെരിവുകളിൽ നടത്തുന്ന കൃഷിക്കും മരം മുറിക്കലിനുമെല്ലാം അവിടെ നിയന്ത്രണങ്ങൾ വേണം. മഴവെള്ളം ഒലിച്ചിറങ്ങുന്നതു തടയാൻ ട്രെയിനേജ് , ശരിയായ മലിനജല സംവിധാനം മണ്ണൊലിപ്പ് തടയാൻ നദീതീരത്ത് ചെയ്യേണ്ട മുൻകരുതലുകൾ ഇതെല്ലാം തന്നെ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ 1962ന് ശേഷം ജോഷിമഠിൽ നടന്ന നിർമ്മാണപ്രവർത്തനങ്ങൾ ഈ നിർദേശങ്ങളെയെല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു. പ്രദേശത്ത് ഉയർന്ന റിസോർട്ടുകളും ഹോട്ടലുകളും ജോഷിമഠിന്റെ മണ്ണിന് താങ്ങാനാകുന്നവയായിരുന്നില്ല. ഇത് വെള്ളം ഊറി വരുന്നതിലേക്കും മണ്ണിടിച്ചിലിലേക്കും നയിച്ചു. എന്നിട്ടും വിഷയം ​ഗൗരവമായി എടുക്കാൻ അധികാരികൾ‌ തയാറായില്ല.

എല്ലാ മുന്നറിയിപ്പുകളെയും അവ​ഗണിച്ച് സർക്കാർ നടത്തിയ നിരുത്തരവാദപരമായ നടപടികളാണ് ജോഷിമഠിനെ നിലവിലെ അവസ്ഥയിലേക്ക് നയിച്ചത്.

ജോഷിമഠിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. NTPC യുടെ വൈദ്യുതി പദ്ധതിക്കുള്ള തുരങ്ക നിർമ്മാണവും ഭീതി കൂട്ടുന്നുണ്ട്. എങ്ങോട്ട് പോകുമെന്നറിയാതെ ജനം പെരുവഴിയിലാണ്. പുനരധിവാസത്തെ പറ്റി സർക്കാരിന് തന്നെ ഒരു തീരുമാനവുമില്ല. താത്കാലിക കെട്ടിടങ്ങൾ നിർമിക്കും എന്നാണ് സർക്കാർ പറയുന്നത്.. എന്നാൽ ഇതിൽ കാലതാമസം നേരിടേണ്ടി വരുമ്പോൾ ജനങ്ങളുടെ ജീവനാണ് വീണ്ടും ഭീഷണിയിൽ ആവുന്നത്. ഇനി മാറ്റി പാർപ്പിച്ചാൽ തന്നെ എത്ര കാലം. എല്ലാ മുന്നറിയിപ്പുകൾക്കും നേരെ ഒരിക്കൽ അധികാരികൾ കണ്ണടച്ചതാണ് ഒരു ജനതയെ ആകെ പെരുവഴിയിലിറക്കിയിരിക്കുന്നത്. ഇനി സർക്കാർ വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നും ജോഷിമഠിന്റെ ഭാവി എന്താകുമെന്നും കണ്ടറിയണം.

Related Stories

No stories found.
logo
The Cue
www.thecue.in