'ഐറ്റം ഡാന്‍സ്' എന്ന ടേം തന്നെ സ്ത്രീവിരുദ്ധമാണ്

ഐറ്റം ഡാന്‍സ് എങ്ങനെയാണ് സ്ത്രീവിരുദ്ധതയാകുന്നതെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നാണ് നടന്‍ പൃഥ്വിരാജ് ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യമേ തന്നെ പറയട്ടെ, ഐറ്റം ഡാന്‍സ് എന്ന ടേം തന്നെ സ്ത്രീവിരുദ്ധമാണ്.

ഐറ്റം എന്നാല്‍ എന്താണ്? വസ്തു അഥവാ ഒബജക്റ്റ് അല്ലെങ്കില്‍ സാധനം, ഒരു സ്ത്രീയുടെ മുഖത്ത് നോക്കി നല്ല ഐറ്റം എന്ന് പറഞ്ഞാല്‍ അടി കിട്ടില്ലേ അറ്റ്‌ലീസ്റ്റ് തിരിച്ച് മുഖമടച്ചുള്ള മറുപടിയെങ്കിലും കിട്ടും. അതുകൊണ്ട് തന്നെ നിങ്ങളൊരു സ്ത്രീയുടെ ഡാന്‍സിനെ ഐറ്റം ഡാന്‍സ് എന്ന് വിളിക്കുന്നുണ്ടെങ്കില്‍ പിന്നീട് അതില്‍ സ്ത്രീവിരുദ്ധത കണ്ടുപിടിക്കാന്‍ ഭൂതക്കണ്ണാടി വെക്കേണ്ട കാര്യമില്ല.

സിനിമകളിലെ സ്ത്രീവിരുദ്ധതയും ഒബ്ജക്റ്റിഫിക്കേഷനുമെല്ലാം മലയാളി ഓപ്പണായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടും അതിനെക്കുറിച്ച് പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങിയിട്ടും വളരെ കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളൂ. ഒബ്്ജക്റ്റിഫിക്കേഷന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പൃഥ്വിരാജ് പറഞ്ഞതുപോലെ ആര്‍ട്ട് എന്നത് തന്നെ ഒബ്ജക്റ്റിഫിക്കേഷനാണല്ലോ. അതുകൊണ്ട് തന്നെ ഏത് രൂപത്തിലുള്ള ആര്‍ട്ടിലും സ്ത്രീകളുടെ ഒബ്ജക്റ്റിഫിക്കേഷന്‍ ഉണ്ടായിട്ടുണ്ട്. സിനിമയിലേക്ക് വരുമ്പോള്‍ അത് ഒന്ന് കൂടി കൂടുന്നു. ആണ്‍നോട്ടത്തിലൂടെ മാത്രം സിനിമകള്‍ സൃഷ്ടിച്ചിരുന്നത് കൊണ്ട് അത്തരം ഒബ്ജക്റ്റിഫിക്കേഷന്‍ നോര്‍മലാണെന്ന് എല്ലാവരും കരുതി. അതില്‍ സൃഷ്ടിക്കപ്പെട്ടതാണ് സിനിമയിലെ 'ഐറ്റം ഡാന്‍സും'.

ലൂസിഫറിലെ ഡാന്‍സില്‍ ഫെമിനൈന്‍ ബ്യൂട്ടിയെ ഒബ്ജക്റ്റിഫൈ ചെയ്യുകയാണ് ചെയ്തതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. താന്‍ അഭിനയിക്കുന്ന സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാകില്ലെന്ന പൃഥ്വിരാജിന്റെ തന്റെ സ്റ്റേറ്റ്‌മെന്റ് മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ക്കായിരുന്നു തന്റെ സിനിമയിലെ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ലെന്നുള്ള താരത്തിന്റെ മറുപടി. ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ലെന്ന് വാദിക്കുവാന്‍ പൃഥ്വിരാജ് ഉപയോഗിച്ചതാകട്ടെ സല്‍മാന്‍ ഖാന്‍ ഷര്‍ട്ടൂരിയാലും അത് ഒബ്ജക്റ്റിഫിക്കേഷനാണെന്ന വാദവും.

സല്‍മാന്‍ ഖാന്‍ ഷര്‍ട്ടൂരി മസില് കാണിക്കുന്ന ഡാന്‍സിനെയോ അല്ലെങ്കില്‍ ഷാറൂഖ് ഖാന്റെയോ പൃഥ്വിരാജിന്റെയോ മോഹന്‍ലാലിന്റെയോ ഡാന്‍സിനെ ഐറ്റം ഡാന്‍സ് എന്ന് എപ്പോഴെങ്കിലും വിളിച്ച് കേട്ടിട്ടുണ്ടോ സ്ത്രീകള്‍ കളിക്കുന്ന ഡാന്‍സിനെ മാത്രമാണല്ലോ ഐറ്റം ഡാന്‍സ് എന്ന് പേരിട്ട് വിളിക്കുന്നത്. ഒരു മിനി സ്‌കേര്‍ട്ടും ബ്ലൗസുമിട്ടാല്‍ സ്ത്രീകള്‍ ഐറ്റം ആവുന്ന ലോജിക് സ്ത്രീവിരുദ്ധതയില്‍ നിന്നുണ്ടായതാണ്. സിനിമ നടിമാര്‍ ഇപ്പോഴും ഇത്തിരി കാല് കാണിച്ചാല്‍ അവസരം കുറഞ്ഞെന്നും, തുണിയഴിക്കാന്‍ തയ്യാറായെന്നും കമന്റുകള്‍ കൊണ്ട് നിറയുന്നതും അവരെ വെറും ഐറ്റങ്ങളായി മാത്രം നോക്കിക്കാണുന്നത് കൊണ്ടാണ്.

ഒരു സിനിമയുടെ കഥയ്ക്ക് ചേരുന്ന രീതിയില്‍, അല്ലെങ്കില്‍ സാഹചര്യത്തിന് നെസസ്സറി ആകുന്ന ഒരു ഡാന്‍സ് ഒരിക്കലും തെറ്റല്ല. ഒരു സ്ത്രീയെ സിനിമയില്‍ പുരുഷന്‍ തല്ലിയാലോ റേപ്പ് ചെയ്താലോ സിനിമ സ്ത്രീവിരുദ്ധമാകുന്നില്ല, അവിടെയെല്ലാം ഗ്ലോറിഫിക്കേഷനുണ്ടെങ്കിലേ സ്ത്രീവിരുദ്ധത ഉണ്ടാകുന്നുള്ളൂ, അതുപോലെ തന്നെയാണ് ഈ ഡാന്‍സുകളുടെ കാര്യവും. ഒരു വലിയ ഹൈക്ലാസ് ക്ലബ്ബില്‍ അല്ലെങ്കില്‍ ബാറില്‍ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ആ ഡാന്‍സ് സംവിധായകന്റെ ക്യാമറ കണ്ണിലൂടെ ഓഡിയന്‍സിന് മുന്നിലെത്തുമ്പോള്‍ ഡാന്‍സിന് പകരം അത് കളിക്കുന്ന സ്ത്രീകളുടെ തുടകളും മാറിടവും വയറുമെല്ലാം മാത്രമാകുമ്പോഴാണ് അതില്‍ ഒബ്ജക്റ്റിഫിക്കേഷനുണ്ടാകുന്നത്. കാരണം അവിടെ വിഷ്വലില്‍ ഡാന്‍സിന് പകരം മെയില്‍ ഗെയ്‌സും കച്ചവടമൂല്യവും മാത്രമാണ് പുറത്തുവന്നിട്ടുണ്ടാവുക. അവിടെയാണ് സ്ത്രീകള്‍ വെറും ഐറ്റമാകുന്നത്.

സിനിമയുടെ കഥയ്ക്ക് ആവശ്യമില്ലെങ്കില്‍ പോലും ഇത്തരം ഡാന്‍സ് നമ്പറുകള്‍ നിര്‍ബന്ധപൂര്‍വ്വം കുത്തി നിറക്കുന്നത്തിന്റെ ലോജിക്കും ഇത് തന്നെയാണ്. ഈ സിനിമയില്‍ ഒരു സ്ത്രീ ചെറിയ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നുണ്ട് എന്ന് മാര്‍ക്കറ്റ് ചെയ്ത്, പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഒരു ചീപ്പ് പരിപാടി കൂടിയാണിത്.

അന്തരിച്ച ബോളിവുഡ് നടി സ്മിത പാട്ടീല്‍ സിനിമയില്‍ സ്ത്രീകളുടെ നഗ്‌നത കച്ചവട ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നതിനെ കുറിച്ച് ദുരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 1981ല്‍ പുറത്തിറങ്ങിയ ചക്ര എന്ന സിനിമയില്‍ സ്മിത പകുതി വസ്ത്രം മാത്രം ധരിച്ച് ഇരുന്ന് കുളിക്കുന്ന ഒരു സീനുണ്ട്. ആ സീന്‍ അന്ന് സിനിമയുടെ പോസ്റ്ററുകളിലും ഉണ്ടായിരുന്നു.

ബോംബയിലെ ചേരിയില്‍ ജീവിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് ചിത്രത്തില്‍ സ്മിത പാട്ടീലിന്. താമസിക്കാന്‍ പോലും മര്യാദയ്ക്ക് സ്ഥലമില്ലാത്ത അവര്‍ പുറത്തിരുന്ന് കുളിക്കുന്നത് സ്വാഭാവികമായിരുന്നു. അത് ആരും നോക്കി നില്‍ക്കുകയില്ല. പക്ഷെ സിനിമയിലേക്ക് വരുമ്പോള്‍ കൊമേര്‍ഷ്യലി ആ കാര്യത്തിന് പ്രാധാന്യം വരും. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അതിനെ കച്ചവടമാക്കും. പ്രേക്ഷകരോട് സിനിമ കാണാന്‍ വരൂ എന്ന് പറയുന്നത് തന്നെ അങ്ങനെയാണ്. ഈ സിനിമയില്‍ കുളിക്കുന്ന സീനുണ്ട്, സെക്സ് ഉണ്ട്, സ്ത്രീകളുടെ ശരീരം ഉണ്ട്... അതുകൊണ്ട് സിനിമ കാണാന്‍ വരൂ എന്നാണ് പറഞ്ഞ് വെക്കുന്നത്. ഈ തെറ്റായ പ്രവണതയായിരുന്നു സ്മിത പാട്ടീല്‍ ചൂണ്ടിക്കാട്ടിയത്. സ്ത്രീശരീരം ക്ലിക്ക് ബെയ്റ്റാക്കുന്ന ഈ കച്ചവടം സിനിമകളിലൊതുങ്ങുന്നതല്ല, പരസ്യങ്ങള്‍, പോസ്റ്ററുകള്‍, മാധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ക്ക് നല്‍കുന്ന ചിത്രങ്ങള്‍, ടൈറ്റിലുകള്‍, എന്നിവയിലെല്ലാം അത് തുടരുന്നു.

ഇത്തരം പ്രൊബ്ലമാറ്റിക്കായ പാട്ടുകളില്‍ മിക്കപ്പോഴും ബാറില്‍ ഡാന്‍സ് കളിക്കുന്ന സ്ത്രീകള്‍, അല്ലെങ്കില്‍ താന്‍ പുരുഷന് വേണ്ടിയുള്ള വസ്തുവാണെന്ന് പാടുന്ന സ്ത്രീകള്‍, അതും അല്ലെങ്കില്‍ പ്രോസ്റ്റിറ്റിയൂട്ടുകള്‍ ഇത്തരത്തിലൊക്കെയായിരിക്കും ചിത്രീകരിക്കുക.

ഡാന്‍സ് നമ്പറെ ഐറ്റം ഡാന്‍സാക്കുവാന്‍ നേരത്തെ പറഞ്ഞ വിഷ്വല്‍ ട്രീറ്റ്മെന്റ് കൂടാതെ മറ്റൊരു കാര്യം കൂടി സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. അത് പാട്ടുകളുടെ വരികളാണ്. പല ഡാന്‍സ് നമ്പറുകളിലും സ്ത്രീകളെ പുരുഷന്റെ സെക്ഷ്വല്‍ പ്ലെഷറിനുള്ള വസ്തുവായാണ് കാണിക്കുന്നതും വിവരിക്കുന്നതും. നമ്മള്‍ പാടി നടക്കുന്ന പല ഹിറ്റ് സോങ്ങുകളുടെയും വരികളില്‍ സ്ത്രീവിരുദ്ധത നിറഞ്ഞു നിക്കുന്നുണ്ട്. അത് നമ്മുടെ സിനിമക്കാര്‍ ഡാന്‍സ് ചെയ്യുന്ന സ്ത്രീയെക്കൊണ്ട് തന്നെ പാടിപ്പിക്കുകയും ചെയ്യുന്നു. ഇത് ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഒരേ പോലെ തന്നെയാണ്.

പുഷ്പയിലെ ഊ ആണ്ടവ എന്ന പാട്ടിലെ വരികള്‍ പുരുഷവിരുദ്ധമാണ് എന്ന് പറഞ്ഞ് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. ആ പാട്ടില്‍ സമാന്തയെ ഒബജക്റ്റ്ഫൈ ചെയ്യുന്നുണ്ട്. എന്നാല്‍ വരികളില്‍ സാധാരണ സ്ത്രീ ആപ്പിളാണ്, എന്നെ അങ്ങനെ ചെയ്യൂ, എന്നൊക്കെ പറയുന്നതിന് പകരം പുരുഷന്മാരെ കുറിച്ചായിരുന്നു ആ പാട്ട്. അത് ഉടനെ തന്നെ പ്രശ്നമാവുകയും ചെയ്തു. അതേ സിനിമയിലെ സാമി എന്ന പാട്ടും അതേ പോലെ തന്നെ പ്രോബ്ലമാറ്റിക്കാണ്. ഒരുപക്ഷെ ഊ ആണ്ടവയെക്കാള്‍ പ്രശ്നം സാമി എന്ന പാട്ടിന്റെ വരികളാണ്.

ഇത്തരം പാട്ടുകളിലൂടെ കാണിക്കുന്നത് സ്ത്രീ സൗന്ദര്യമാണ് എന്നൊക്കെ സംവിധായകര്‍ക്ക് വേണമെങ്കില്‍ പറയാം. എന്നാല്‍ ഒരു പെണ്ണിനെക്കുറിച്ച് ,നല്ല ഈണത്തില്‍ താളമിട്ട്, കേള്‍ക്കുന്നവനെ ഡാന്‍സ് ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട്, പച്ചയ്ക്ക് അസഭ്യവും വൃത്തികേടും പറഞ്ഞു എന്ന് കരുതി അത് വൃത്തികേടാവാതിരിക്കില്ലല്ലോ, അതേ പോലെ തന്നെ ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് നല്ല കളര്‍ഫുള്ളായി പൊതിഞ്ഞ് സ്ത്രീ ശരീരം ചൂണ്ടയിലെ ഇര പോലെ എറിഞ്ഞുകൊടുത്താല്‍ അത് ആര്‍ട്ടും ആവില്ല. അത് രണ്ടും സ്ത്രീവിരുദ്ധത തന്നെയാണ്, അങ്ങനെയെങ്കില്‍ പിന്നെ ഞങ്ങള്‍ സ്ത്രീ സൗന്ദര്യമാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതില്‍ എന്താണ് കാര്യം ഈ 2022ല്‍ സംവിധായകന്‍ പൃഥ്വിരാജിനിത് ഇത് ശരിക്കും മനസിലായിട്ടില്ലെന്നാണ് പറയുന്നതെങ്കില്‍ , അഭിനയിക്കുന്ന സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന തന്റെ വാഗ്ദാനം വെറുതെ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടാനുള്ളൊരു പൊള്ളവാക്കായിട്ടേ കാണാന്‍ കഴിയു.

Related Stories

No stories found.
logo
The Cue
www.thecue.in