അവയവം നൽകാൻ അവൾ മാത്രം മതിയോ? അവയവ ദാനത്തിലെ ലിംഗ അനീതി

അവയവം നൽകാൻ അവൾ
മാത്രം മതിയോ?
അവയവ ദാനത്തിലെ ലിംഗ അനീതി
Summary

അവയവ മാറ്റ ശസ്ത്രക്രിയയില്‍ കടുത്ത ലിംഗ വിവേചനം നടക്കുന്നുവെന്നത് കേരളത്തിലെ ആശുപത്രികളിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കുകളില്‍ അപൂര്‍വമായി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവയവ മാറ്റ ശസ്ത്രക്രിയയില്‍ ദാതാക്കളാവുന്നത് കൂടുതലും സ്ത്രീകളാണോയെന്നതായിരുന്നു രണ്ടാഴ്ച നീണ്ട അന്വേഷണം. കേട്ടറിഞ്ഞ സാക്ഷ്യപ്പെടുത്തലുകള്‍, സാധൂകരിക്കുന്ന കണക്കുകള്‍. ലിംഗ അനീതിയുടെയും ആശുപത്രി വരാന്തകളിലെ ഉപേക്ഷിക്കപ്പെടലിന്റെയും അനുഭവങ്ങള്‍

വൃക്കകള്‍ തകരാറിലായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വാര്‍ഡില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് അറിഞ്ഞത് അവയവമാറ്റം ചെയ്ത രോഗിയില്‍ നിന്നായിരുന്നു. അന്വേഷിച്ച് ചെന്നപ്പോള്‍ ആ പെണ്‍കുട്ടി ജീവിച്ചിരിപ്പില്ലെന്നറിഞ്ഞു. രോഗാവസ്ഥയില്‍ അവള്‍ കടന്നു പോയ അനുഭവങ്ങള്‍ ഒപ്പമുണ്ടായിരുന്ന രോഗി വിവരിച്ചത് ഇങ്ങനെയാണ്.

'വൃക്കകള്‍ ചുരുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന ആ 23കാരിയെ തിരക്കി പിന്നീട് ഒരിക്കല്‍ പോലും ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയിയിരുന്നില്ല. കുട്ടികളുണ്ടാകാത്തതിന് പലതരം സമാന്തര ചികിത്സകള്‍ക്ക് പെണ്‍കുട്ടി വിധേയയായിരുന്നു. ഇതായിരിക്കാം വൃക്ക രോഗത്തിലേക്ക് നയിച്ചതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായിരുന്നു. അമ്മയും അച്ഛനും നിസഹായരായതോടെ ആശുപത്രി അധികൃതര്‍ തന്നെ മരുന്ന് വാങ്ങാനുള്ള കാശ് ഉള്‍പ്പെടെ പല സഹായങ്ങളും നല്‍കി. ഭയവും ആശങ്കയും രോഗത്തിനൊപ്പം പെണ്‍കുട്ടിയില്‍ പിടിമുറുക്കിയിരുന്നു. ആത്മവിശ്വാസം നല്‍കാന്‍ പോലും കൂട്ടിനാരുമുണ്ടായില്ല. ഡയാലിസിസ് ചെയ്യുമ്പോള്‍ മരണം സംഭവിച്ചതുള്‍പ്പെടെയുള്ള ഭയപ്പെടുത്തുന്ന കഥകള്‍ ഈ പെണ്‍കുട്ടിക്ക് മുന്നിലിരുന്ന് പലരും വിവരിച്ചു. ഇതോടെ പൂര്‍ണമായും മാനസികമായി തകര്‍ന്നു. അമ്മയ്ക്ക് അസുഖമുള്ളതിനാല്‍ അച്ഛനാണ് വൃക്ക നല്‍കിയത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്‍കുട്ടി തിരിച്ച് പോയി. മാസം പന്ത്രണ്ടായിരത്തോളം രൂപ വേണമായിരുന്നു തുടര്‍ ചികിത്സയ്ക്ക്. മരുന്നിന് പോലും വകയില്ലാതായപ്പോള്‍ ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന രോഗികളെയും അവരുടെ ബന്ധുക്കളെയും ഫോണില്‍ വിളിച്ച് ഈ പെണ്‍കുട്ടി കരയുമായിരുന്നു. പതിയെ അതും ഇല്ലാതായി. വിഷാദത്തിലായി. അവയവം മാറ്റിവെച്ചിട്ടും ജീവന്‍ മുന്നോട്ട് കൊണ്ടു പോകാനാകാതെ ആ പെണ്‍കുട്ടിയുടെ ജീവിതം അവസാനിച്ചു'.

ഇങ്ങനെ ആശുപത്രി വരാന്തയില്‍ ഉപേക്ഷിക്കപ്പെടുന്നത് ഒരാള്‍ മാത്രമല്ല. ടിബി ബാധിതയായ യുവതിയെ ക്രിയാറ്റിന്‍ കൂടിയതോടെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസം അമ്പതിനായിരത്തോളം രൂപ ആശുപത്രിയില്‍ ആവശ്യമായി വന്നു. ചികിത്സക്കായി വലിയ തുക സഹായം ലഭിച്ചിരുന്നു. ആശുപത്രിയിലെ ബില്ലുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് കുട്ടികളെയും ഒപ്പം കൂട്ടി ആശുപത്രി വിട്ടു. രോഗിയായ സഹോദരനും ഉമ്മയും മാത്രമായിരുന്നു യുവതിക്ക് കൂട്ടിനുണ്ടായിരുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഭക്ഷണം നല്‍കാനോ ലബോറട്ടറിയിലേക്ക് സ്രവങ്ങള്‍ പരിശോധനയ്ക്ക് എത്തിക്കാനോ ആരുമുണ്ടായിരുന്നില്ല. നേഴ്സുമാരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയായിരുന്നു ആശുപത്രിയില്‍ കഴിഞ്ഞത്. മാതാവ് വൃക്ക നല്‍കി യുവതിയുടെ ജീവന്‍ രക്ഷിച്ചു.

വര്‍ഷങ്ങളോളം വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞ് അവയവ മാറ്റത്തിനായി കാത്തിരുന്ന മറ്റൊരു യുവതി. ബന്ധുക്കളിലാരെങ്കിലും വൃക്ക നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ അന്വേഷിച്ചു. സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് സംസാരിച്ചെങ്കിലും എല്ലാവര്‍ക്കും ഭയമായിരുന്നു. ഒടുവില്‍ യുവതി മരണത്തിന് കീഴടങ്ങി.

ഈ പെണ്ണനുഭവങ്ങള്‍ ഇവിടെ വിവരിച്ചത് സംസ്ഥാനത്തെ അവയവ ദാനത്തില്‍ സംഭവിക്കുന്ന ഗുരുതരമായ ലിംഗവിവേചനം ചൂണ്ടിക്കാണിക്കുന്നതിനായാണ്. ആരോഗ്യമേഖലയിലെ കേരളാ മോഡലില്‍ ഇത്തരം ചില സ്ത്രീ അനുഭവങ്ങള്‍ കൂടിയുണ്ട്. ജീവന്‍രക്ഷാ ശസ്ത്രക്രിയയില്‍ പോലും പിന്‍തള്ളപ്പെടുന്നവര്‍. രോഗികളാകുന്ന സ്ത്രീകള്‍ ഇങ്ങനെ ആശുപത്രി വരാന്തകളില്‍ ഉപേക്ഷിക്കപ്പെടുകയോ മരിക്കുകയും ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ക്ക് അവയവം നല്‍കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നു. അമ്മ, ഭാര്യ, സഹോദരി, മകള്‍ ഏത് റോളിലുള്ള സ്ത്രീയും അവയവം പകുത്ത് നല്‍കുന്നു.സ്‌നേഹത്തിന്റെയും കരുതലിന്റെയും വൈകാരികതയുടെയും പേരില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത് സാമൂഹിക- സാമ്പത്തിക കാരണങ്ങള്‍ കൂടിയുണ്ട്. ഇതിലേക്ക് ഞങ്ങള്‍ എത്തിയത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്നാണ്.

2011 മുതല്‍ സംസ്ഥാനത്ത് നടന്ന അവയവ മാറ്റ ശസ്ത്രക്രിയയുടെ കണക്കുകള്‍ ഞങ്ങള്‍ പരിശോധിച്ചു. ജീവിച്ചിരിക്കുന്ന വ്യക്തികളില്‍ നിന്നും വൃക്ക സ്വീകരിച്ചിട്ടുള്ള 7915 ശസ്ത്രക്രിയകളാണ് 2022 ഡിസംബര്‍ വരെ സംസ്ഥാനത്ത് നടന്നിട്ടുള്ളത്. ഇതില് 5089 വൃക്കകളും നല്‍കിയിരിക്കുന്നത് സ്ത്രീകളാണ്. 2826 പുരുഷന്‍മാര്‍ മാത്രമാണ് വൃക്ക പകുത്ത് നല്‍കാന്‍ തയ്യാറായിട്ടുള്ളത്. ഇതില്‍ മറ്റൊരു കണക്ക് കൂടി പരിശോധിക്കാം. ബന്ധുക്കളല്ലാത്തവര്‍ക്ക് വൃക്ക നല്‍കിയിട്ടുള്ളത് 3606 പേരാണ്. 1854 പുരുഷന്‍മാരും 1752 സ്ത്രീകളും. ഇതുവരെയുള്ള എണ്ണത്തിലെ 2826 പുരുഷന്‍മാരില്‍ 1854 പേരും ബന്ധുക്കളല്ലാത്തവര്‍ക്കാണ് വൃക്ക നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ അവയവം സ്വീകരിച്ചവരുടെ കണക്ക് കൂടി പരിശോധിക്കാം. 7915 ല്‍ 6161 ശസ്ത്രക്രിയയിലൂടെയും വൃക്ക ലഭിച്ചത് പുരുഷന്‍മാര്‍ക്കാണ്. 1754 സ്ത്രീകള്‍ മാത്രമാണ് സ്വീകര്‍ത്താക്കളായുള്ളത്. വൃക്ക രോഗികളായ സ്ത്രീകളുടെ എണ്ണം കുറവല്ലെന്നാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണാനന്തര അവയവ ദാനത്തിലൂടെ വൃക്കയ്ക്കായി 2296 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ പട്ടികയിലുള്ളത്. ഇതില്‍ 1695 പുരുഷന്‍മാരും 601 സ്ത്രീകളുമുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ഡോക്ടര്‍ എം. ശ്രീലതയുടെ വാദങ്ങള്‍ ഈ കണക്കിനെ സാധൂകരിക്കുന്നതാണ്.

'വൃക്ക നല്‍കുന്ന ഡോണര്‍മാരുടെ കാര്യം നോക്കിയാല്‍ 100 കിഡ്നി മാറ്റി വെച്ചാല്‍ 90ഉം സ്ത്രീകളായിരിക്കും. പത്ത് ശതമാനം സാഹചര്യത്തില്‍ മാത്രമാണ് ആണുങ്ങള്‍ വൃക്ക നല്‍കുന്നത്. ഭാര്യയും ഭര്‍ത്താവും നല്‍കുന്നത് പരിശോധിച്ചാല്‍ 90 ശതമാനവും ഭാര്യ ഭര്‍ത്താവിന് നല്‍കുന്നതാണ്. പത്ത് ശതമാനം മാത്രമാണ് തിരിച്ചുള്ളത്. അവയവ ദാനത്തിനായി സ്ത്രീകളില്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുന്നുണ്ടോയെന്നതാണ് പരിശോധിക്കേണ്ടത്'.

അതിജീവനത്തിന് വേണ്ടി വൃക്ക നല്‍കിയേ മതിയാകുവെന്ന സമ്മര്‍ദ്ദം സ്ത്രീകളുടെ മേല്‍ കുടുംബത്തില്‍ നിന്നുണ്ടാകുന്നുണ്ടോയെന്ന് നോക്കണം. പത്ത് സഹോദരങ്ങളില്‍ ആറ് പുരുഷന്‍മാരും നാല് സ്ത്രീകളുമാണെങ്കില്‍ ആ സ്ത്രീകളില്‍ ആരെങ്കിലുമേ കൊടുക്കുകയുള്ളു. ആണുങ്ങള്‍ കൊടുക്കില്ല.
ഡോക്ടര്‍ എം. ശ്രീലത

കരള്‍ പകുത്തും ജീവന്‍ കാക്കാന്‍ സ്ത്രീകള്‍ തന്നെ

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് വലിയ വാര്‍ത്തയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയില്‍ തൃശൂര്‍ സ്വദേശിക്ക് കരള്‍ നല്‍കിയത് ഭാര്യയായിരുന്നു. അതേ മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ ശസ്ത്രക്രിയയില്‍ രോഗിക്ക് കരള്‍ നല്‍കിയത് സഹോദരി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമപോരാട്ടത്തിലൂടെ് പിതാവിന് പതിനേഴുകാരിയായ മകള്‍ കരള്‍ പകുത്ത് നല്‍കിയത് മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് അവയവ ദാനം നടത്താന്‍ കഴിയുകയുള്ളു. അച്ഛനോടുള്ള ഇഷ്ടമാണ് കരള്‍ നല്‍കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അന്ന് മകള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അതിനോട് ചേര്‍ന്ന വര്‍ഷങ്ങളില്‍ തന്നെയുണ്ടായ മറ്റൊരു സംഭവം പരിശോഘിക്കാം. മഞ്ഞപ്പിത്തം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി. കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നാട്ടുകാരുടെ സഹായത്തോടെ പണം കണ്ടെത്തി. കരള്‍ നല്‍കാന്‍ അമ്മ തയ്യാറായി. പരിശോധനയില്‍ അമ്മയുടെ കരള്‍ ഉപയോഗിക്കാനാവില്ലെന്ന് കണ്ടെത്തിയപ്പോള്‍ അമ്മയുടെ സഹോദരിയാണ് തയ്യാറായത്.

2011നും 2022 ഡിസംബറിനും ഇടയില്‍ സംസ്ഥാനത്ത് നടന്ന 1725 കരള്‍ മാറ്റ ശസ്ത്രക്രിയകളില്‍ സ്വീകര്‍ത്താക്കളായിട്ടുള്ളത് 1430 പുരുഷന്‍മാരും 295 സ്ത്രീകളുമാണ്. കരള്‍ നല്‍കിയതാകട്ടെ 1098 സ്ത്രീകളും 627 പുരുഷന്‍മാരും. ബന്ധുക്കളല്ലാത്തവര്‍ക്ക് കരള്‍ നല്‍കിയതിലും പുരുഷന്‍മാരാണ് കൂടുതല്‍. 205 പുരുഷന്‍മാര്‍ ഇതിന് തയ്യാറായപ്പോള്‍ 169 സ്ത്രീകളാണ് കരള്‍ നല്‍കിയിരിക്കുന്നത്.

ഞാനിത്ര കാലം ജീവിച്ചില്ലേ, എന്റെ കുഞ്ഞിന് ഞാനല്ലാതെ വേറെയാരാണ് കൊടുക്കുക

പുരുഷന്‍മാര്‍ രോഗികളാകുകയും അവയവ മാറ്റം മാത്രം ജീവന്‍രക്ഷാ വഴിയാവുകയും ചെയ്യുമ്പോള്‍ അമ്മയോ ഭാര്യയോ മകളോ സഹോദരിയോ തയ്യാറാകുമ്പോള്‍ സ്ത്രീകള്‍ ഇതേ അവസ്ഥയില്‍ ഓപറേഷന്‍ ടേബിളിലേക്ക് നയിക്കപ്പെടുമ്പോള്‍ ബഹുഭൂരിപക്ഷം കേസുകളിലും അമ്മമാരോ ഉമ്മമാരോ മാത്രമേ ഉണ്ടാകുന്നുള്ളു. വൃക്ക മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ മറ്റൊരു യുവതിയുടെ അനുഭവം.

രോഗക്കിടക്കയില്‍ അനുഭവിച്ചതും ചുറ്റുപാടും കണ്ടതുമായ കാര്യങ്ങള്‍ വ്യാജ ഫേസ്ബുക്ക് അകൗണ്ട് ഉണ്ടാക്കി എഴുതിയിടണമെന്ന് കരുതിയിരുന്നു. ലോകം അറിയണം സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍. ഇനി നിങ്ങളിലൂടെ എല്ലാവരും അറിയുമല്ലോ. ആമുഖമായി ആ യുവതി ഇങ്ങനെ പറഞ്ഞു. പുരുഷന്‍മാര്‍ക്ക് അസുഖം വന്നാല്‍ സ്ത്രീകള്‍ അവയവം കൊടുക്കും. ഫീമെയിലിനാണ് വന്നതെങ്കില്‍ ഉപേക്ഷിച്ച് പോകുന്ന ധാരാളം സംഭവമുണ്ട്. അവര്‍ക്ക് അവയവം കൊടുക്കാനും നോക്കാനും അമ്മമാരേയുണ്ടാകൂ.

30 വയസ്സിലാണ് വൃക്ക രോഗിയാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം രാത്രി പെട്ടെന്ന് കഠിനമായ വയറു വേദനയും ഛര്‍ദ്ദിയും വന്നു. വീടിന് അടുത്തുള്ള ആശുപത്രിയില്‍ പോയി. ആര്‍ത്തവ സമയമായിരുന്നെങ്കിലും അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സ്‌കാന്‍ ചെയ്തു. അപ്പോഴാണ് വൃക്കയ്ക്ക് തകരാറുണ്ടെന്ന് മനസിലാകുന്നത്. എന്നോട് ഇക്കാര്യം പറഞ്ഞില്ല. സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡയാലിസിസ് ആരംഭിച്ചു. വൃക്ക നല്‍കാന്‍ തയ്യാറല്ലേയെന്ന് അമ്മയോട് ചോദിക്കുന്നത് കേട്ടപ്പോഴാണ് അവയവം മാറ്റിവെക്കണമെന്ന കാര്യം ഞാന്‍ അറിയുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാകില്ല. രണ്ട് കുഞ്ഞുങ്ങളാണ്. അതില്‍ ഇളയ കുഞ്ഞിന്റെ മുലകുടി മാറിയിട്ടില്ലായിരുന്നു. കുട്ടികളെ പിരിഞ്ഞിരിക്കാനൊന്നും കഴിയുന്നില്ലായിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വലിയ മാനസിക പിന്തുണയായിരുന്നു നല്‍കിയത്. ആളുകളുടെ മുന്നില്‍ നിന്നും കരയാന്‍ മടിയായതിനാല്‍ ഡയാലിസിസിന് പോകുമ്പോഴായിരുന്നു സങ്കടം തീര്‍ത്തത്. വാര്‍ഡില്‍ എന്നെ പോലെ നിരവധി പേരുണ്ടായിരുന്നു. അവരുടെ അനുഭവങ്ങളൊക്കെ കേട്ടതോടെ എല്ലാത്തിനോടും പൊരുത്തപ്പെട്ടു. ഞങ്ങള്‍ എല്ലാം കുടുംബം പോലെയായി. സങ്കടങ്ങള്‍ എല്ലാരും പരസ്പരം പങ്കുവെച്ചു. ആറുമാസത്തോളം ഡയാലിസിസ് ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള സമയമായപ്പോള്‍ ആശുപത്രി അധികൃതര്‍ വീട്ടുകാരോട് സംസാരിച്ചു. ഉടനെ തന്നെ 49 കാരിയായ അമ്മ വൃക്ക തരാന്‍ തയ്യാറായി. ഞാനിത്ര കാലം ജീവിച്ചില്ലേ, എന്റെ കുഞ്ഞിന് ഞാനല്ലാതെ വേറെയാരാണ് കൊടുക്കുക എന്നായിരുന്നു അമ്മയുടെ ചോദ്യം. അമ്മയുടെ അനിയത്തിയും സന്നദ്ധത അറിയിച്ചിരുന്നു.

സര്‍ജറി കഴിഞ്ഞതോടെ സ്ഥിതി പതുക്കെ മാറി തുടങ്ങി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ചികിത്സ പദ്ധതികള്‍ ആശ്വാസമാകുന്നുണ്ടെങ്കിലും വലിയ സാമ്പത്തിക ബാധ്യതയാണ് ഇത്തരം രോഗങ്ങള്‍ കുടുംബങ്ങള്‍ക്കുണ്ടാക്കുന്നത്. സര്‍ജറി സര്‍ക്കാര്‍ പദ്ധതി പ്രകാരം നടക്കുമെങ്കിലും തുടര്‍ ചികിത്സയ്ക്ക് വലിയ തുക ചിലവാകും. കൂടെ നില്‍ക്കാനോ ഭക്ഷണം തയ്യാറാക്കി നല്‍കാനോ ആരുമില്ലാത്ത സ്ഥിതിയായിരിക്കും മിക്ക സ്ത്രീകള്‍ക്കും. പലരും വിഷാദത്തിലേക്ക് എത്തുന്നു.

രോഗമാണെന്നറിഞ്ഞപ്പോള്‍ പഴയ സഹപാഠികളും സുഹൃത്തുക്കളും ഉള്‍പ്പെടെ സാമ്പത്തികമായി സഹായിച്ചിരുന്നു. എനിക്ക് ഒരു അപേക്ഷയുള്ളത് രോഗി ആണായാലും പെണ്ണായാലും സാമ്പത്തിക സഹായങ്ങള്‍ അവരുടെ അകൗണ്ടിലേക്ക് നല്‍കണം. കുറച്ച് കഴിഞ്ഞാല്‍ ഭാര്യയായാലും ഭര്‍ത്താവായാലും കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങും. മരുന്നിന് ചിലവാകുന്ന കണക്ക് പോലും നിരത്തുമ്പോള്‍ നമ്മള്‍ നിസഹായരായി പോകും. മനുഷ്യരുടെ കാര്യമാണ്. എപ്പോഴാണ് മനസ് മാറുകയെന്ന് പറയാന്‍ കഴിയില്ല. ഒട്ടുമിക്ക സ്ത്രീകളുടെയും അനുഭവമാണിത്. ആറായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ വരും ഒരു മാസത്തെ മരുന്നിന്റെ വില. സാമ്പത്തിക പ്രയാസം വരുമ്പോള്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. കുടുംബത്തില്‍ നിന്നും വലിയ പിന്തുണ കിട്ടില്ല. സര്‍ജറി കഴിഞ്ഞാല്‍ പൂര്‍ണ ആരോഗ്യം തിരിച്ച് കിട്ടിയെന്നാണ് എല്ലാവരുടെയും ധാരണ.

സ്നേഹമുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ടെന്നായിരിക്കും ഭര്‍ത്താവിന്റെ ഉത്തരം. കാശിന്റെ കാര്യം വരുമ്പോള്‍ അതെല്ലാം മറക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നേരിട്ട് ലഭിച്ചത് കൊണ്ടാണ് എന്റെ തുടര്‍ ചികിത്സ ഇതുവരെ മുടങ്ങാതിരുന്നത്. മറ്റ് വഴികളിലൂടെ കിട്ടിയ കാശ് എന്ത് ചെയ്തുവെന്ന് ഭര്‍ത്താവിനോട് ചോദിക്കാന്‍ അവകാശമില്ല. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്ലാത്ത കുടുംബത്തില്‍ ജനിച്ച് ജീവിക്കുന്ന എനിക്ക് ഇത്രയേറെ പ്രയാസം നേരിടേണ്ടി വരുന്നുണ്ടെങ്കില്‍ ദരിദ്രരായ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ചികിത്സയുടെ പേരില്‍ കണക്ക് പറയുന്നത് മാനസികമായി ഒരുപാട് തകര്‍ക്കും.

ആര് സഹായം നല്‍കുകയാണെങ്കിലും രോഗിക്ക് നേരിട്ട് കിട്ടുന്ന രീതിയിലാണെന്ന് ഉറപ്പാക്കണം. ഈ കാര്യം വാര്‍ത്തയില്‍ കൃത്യമായി എഴുതണമെന്നും ആ പെണ്‍കുട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വൃക്ക മാറ്റിവെച്ചവര്‍ക്കും ജോലി സംവരണം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ആ പെണ്‍കുട്ടി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഡോണര്‍മാരായി കുടുംബങ്ങള്‍ പൊതുവെ തെരഞ്ഞെടുക്കുന്നത് സ്ത്രീകളെയാണെന്ന് കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടര്‍ അഞ്ജന അശോകന്‍ ആശുപത്രിയിലെ അനുഭവം തുറന്ന് പറയുന്നു. അച്ഛനും അമ്മയും ഉണ്ടെങ്കില്‍ പുരുഷന്‍മാര്‍ അവയവ ദാനത്തിന് മടി കാണിക്കാറുണ്ട്. ജോലിക്ക് പോകാനുണ്ടെന്നതായിരിക്കും കാരണമായി പറയുക. കുടുംബത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും പുരുഷന്‍മാരായതിനാല്‍ അമ്മമാരെയും സഹോദരിമാരെയോ ഭാര്യമാരെയും ഡോണര്‍മാരാക്കും. ഇതിനായി പലപ്പോഴും സ്ത്രീകളെ നിര്‍ബന്ധിക്കുന്നുണ്ട്. സ്ത്രീകള്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയാല്‍ പോലും രോഗ ബുദ്ധിമുട്ടുകള്‍ പുറത്ത് പറയില്ല. അവശതകള്‍ മറച്ച് വെച്ച് വീട്ടുജോലികളൊക്കെ ചെയ്യും. ചെറുപ്രായത്തില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമായാലും ശ്രദ്ധിക്കില്ല. ഡയാലിസിസ് ചെയ്ത് വീട്ടില്‍ പോയാലും വിശ്രമിക്കാന്‍ കഴിയില്ല. പുരുഷന്‍മാരായ രോഗികള്‍ വിശ്രമിക്കുന്നു. ചെറുപ്പക്കാരികളായ രോഗികള്‍, കുട്ടികളൊന്നും ആയിട്ടില്ലെങ്കില്‍ വിവാഹമോചനത്തിലേക്ക് എത്തിപ്പെടുന്നു. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ മാത്രമാകും പിന്നീട് സഹായത്തിനുണ്ടാകുകയെന്നും ഡോക്ടര്‍ അഞ്ജന പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in