വടചെന്നൈയിലെ പഴയ ഗ്യാങ്‌സ്റ്ററായി സുരേഷ് ഗോപി; SG251 സെക്കന്റ് ലുക്ക്

വടചെന്നൈയിലെ പഴയ ഗ്യാങ്‌സ്റ്ററായി സുരേഷ് ഗോപി; SG251 സെക്കന്റ് ലുക്ക്

രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്ത് എത്തീറിയൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തിയൊന്നാമത് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സമീൻ സലീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിന്റേജ് ലുക്കിൽ ഒരു ഗ്യാങ്സ്റ്ററിനെ പോലെ ഇരിക്കുന്ന സുരേഷ്‌ഗോപിയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്ററിൽ അറുപതുകാരനായ വാച്ച് മെക്കാനിക്ക് ആയിട്ടായിരുന്നു സുരേഷ് ഗോപി കഥാപാത്രം.

സുരേഷ് ഗോപിയുടെ 251മത് ചിത്രം ഒരു ഡ്രാമയായിരിക്കുമെന്നും, സിനിമയിൽ 40 മിനുട്ടിനടുത്ത് ദൈർഖ്യം വരുന്ന ഫ്ലാഷ്ബാക്ക് സീനുകളിൽ 34 വർഷം മുന്നേ വടചെന്നൈയിൽ ഉണ്ടായിരുന്ന ഒരു ഗാംഗ്സ്റ്ററായി സുരേഷ് ഗോപിയെ കാണാൻ കഴിയുമെന്നും സംവിധായകൻ രാഹുൽ രാമചന്ദ്രൻ ദ ക്യുവിനോട് പറഞ്ഞു. വാച്ച് മെക്കാനിക്ക് ആയിട്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്ററാണ് ആദ്യം പുറത്തു വന്നത്. എന്നാൽ ഇന്ന് റിലീസ് ചെയ്‌ത പോസ്റ്റർ 30 വർഷം മുന്നേയുള്ള അയാളുടെ ഭൂതകാലമാണ് കാണിക്കുന്നതെന്നും രാഹുൽ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ റിലീസ്.

രാഹുൽ രാമചന്ദ്രന്റെ വാക്കുകൾ

സുരേഷ് ഗോപിയുടെ 2 പ്രായത്തിലുള്ള ഗെറ്റപ്പുകൾ സിനിമയിൽ കാണാൻ സാധിക്കും. ആദ്യം പുറത്തുവന്ന പോസ്റ്ററിൽ നിന്ന് 30 വർഷം പുറകോട്ട് പോയ കാലഘട്ടത്തിലുള്ള സുരേഷ് ഗോപിയുടെ കഥാപാത്രത്തെയാണ് സെക്കന്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. 64 വയസ്സുള്ള ഒരു വാച്ച് മെക്കാനിക്കായിട്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റർ ആയിരുന്നു ആദ്യം പുറത്തു വന്നത്. ഇതേ വാച്ച് മെക്കാനിക്ക് 1989ൽ ആരായിരുന്നു എന്നതാണ് സെക്കന്റ് ലുക്ക് പോസ്റ്ററിലൂടെ നമ്മൾ പറയുന്നത്. സുരേഷ് ഗോപിയുടെ ഇടത്തെ സൈഡിൽ 1989ലെ കലണ്ടറും കാലഘട്ടം കാണിക്കുവാൻ നമ്മൾ ഉപയോഗിച്ചിട്ടുണ്ട്. വടചെന്നൈയിലെ ഗ്യാങ്സ്റ്ററുകളുടെ കൂട്ടത്തിൽ ഒരാളായിട്ടാണ് ഈ വാച്ച് മെക്കാനിക്കിനെ അയാളുടെ ഭൂതകാലത്തിൽ പ്ലെയ്സ് ചെയ്യുന്നത്.

പോസ്റ്ററിൽ പുറകിൽ കാണുന്ന 'സ്കാർഫേസ്' സിനിമയുടെ പോസ്റ്റർ അന്നത്തെ കാലത്തെ വടചെന്നൈയിലുള്ള ഗാംഗ്സ്റ്റേഴ്സിനു ഹോളിവുഡ് ആക്ഷൻ സിനിമകളോടുള്ള ഇഷ്ടം കാണിക്കുവാൻ വേണ്ടി വെച്ചതാണ്. അമാനുഷികത നിറഞ്ഞ നായക സങ്കല്പങ്ങളാണ് അവരെല്ലാം ആസ്വദിച്ചിരുന്നത്. അതുകൊണ്ട് തന്നെ അൽ പച്ചിനോയുടെയും, അർണോൾഡിന്റെയും, സിൽവസ്റ്റർ സ്റ്റാലന്റെയും സിനിമകളൊക്കെ ആയിരുന്നു അവരുടെ പ്രിയപ്പെട്ട സിനിമകൾ. അവർ ആരാധിച്ചിരുന്നതും അത്തരം ഗാംഗ്സ്റ്ററുകൾ തന്നെ. പോസ്റ്ററിൽ പുറകിൽ തമിഴിൽ എഴുതിയിരിക്കുന്നത് 'അയോധ്യകുപ്പം' എന്ന വടചെന്നൈയിലെ പ്രധാനപ്പെട്ട ഗാംഗ്സ്റ്ററുകൾ ഉണ്ടായിരുന്ന സ്ഥലമാണ്. സുരേഷ് ഗോപിയുടെ പുറകിലായി ഇരിക്കുന്ന പെട്ടികളിൽ കാണുന്ന 'സ്കോർപിയോൺ സിംബൽ' പലരും പറയുന്ന പോലെ വിക്രമിൽ നിന്നോ, കൈതിയിൽ നിന്നോ അല്ല, എൺപതുകൾ മുതലുള്ള ഡ്രഗ് മാഫിയകൾ ഉപയോഗിച്ചിരുന്ന ഒരു സിംബലാണത്. 1995ൽ പുറത്തിറങ്ങിയ മാന്ത്രികത്തിലും ഈ സിംബൽ കാണാൻ കഴിയും.

SG251 ഒരു മുഴുനീള ഗ്യാങ്‌സ്റ്റർ സിനിമയല്ല. 35 - 40 മിനുട്ട് മാത്രം വരുന്ന ഒരു ഫ്ലാഷ്ബാക്ക് സീക്വൻസ് മാത്രമാണത്. സിനിമ മുഴുവനായും ഒരു ഡ്രാമയായിരിക്കും. സുരേഷ് ഗോപി കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ചെയ്തതിൽ നിന്നും മുഴുവനായും വ്യത്യസ്തമായ സിനിമയാണ് SG251. ഒട്ടും ലൗഡ് അല്ലാത്ത വളരെ സൈലന്റ് ആയ സുരേഷ് ഗോപിയെ ഈ സിനിമയിൽ കാണാൻ കഴിയും. ഡിസംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും. വിക്രം സിനിമക്ക് ഉണ്ടായിരുന്നത് പോലെ തന്നെ ഒരു കൺസെപ്റ്റ് ട്രെയ്‌ലർ നമ്മുടെ സിനിമയ്ക്കുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in