നടനാക്കി മാറ്റിയത് ആ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ എച്ച്.ആര്‍.', ആദ്യം ആഗ്രഹിച്ചത് എഴുത്തുകാരനാകാനെന്ന് ദ ക്യു അഭിമുഖത്തില്‍ അജു വര്‍ഗീസ്

നടനാക്കി മാറ്റിയത് ആ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ എച്ച്.ആര്‍.', ആദ്യം ആഗ്രഹിച്ചത് എഴുത്തുകാരനാകാനെന്ന് ദ ക്യു അഭിമുഖത്തില്‍ അജു വര്‍ഗീസ്

എഴുത്തുകാരനാകാന്‍ ആഗ്രഹിച്ച തന്നെ നടനാക്കി മാറ്റിയത് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ എച്ച്.ആര്‍. ഓഫീസര്‍ എന്ന് നടന്‍ അജു വര്‍ഗീസ്. സതേണ്‍ലാന്‍ഡ് എന്ന കമ്പനിയിലെ മഹേഷ് ബാലകൃഷ്ണന്‍ എന്ന എച്ച്.ആര്‍ ഓഫീസറിന് കീഴില്‍ ജോലിചെയ്തതാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്നും ദ ക്യു അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞു.

'എന്‍ജിനീയറിങ് പഠന കാലത്ത് നിരവധി സിനിമകള്‍ കാണാന്‍ സാധിച്ചു. സുഹൃത്തുക്കളെല്ലാം നല്ല സിനിമാആസ്വാദകരായിരുന്നു. മലയാളം ക്ലാസിക് സിനിമകളുള്‍പ്പടെ കാണാന്‍ അവസരമുണ്ടായത് ആ സമയത്തായിരുന്നു. പത്മരാജന്റെയും ശ്രീനിവാസന്റെയും സിനിമകള്‍ കണുമ്പോള്‍ ഇതെങ്ങനെയാണ് എഴുതുന്നത് എന്ന കൗതുമുണ്ടായി. അങ്ങനെയാണ് എഴുത്തുകാരനാകാം എന്ന ആഗ്രഹമുണ്ടാകുന്നത്. ഇക്കാര്യം പറഞ്ഞപ്പോള്‍ വിനീത് ശ്രീനിവാസന്‍ പത്മരാജന്‍ സാറിന്റെ തിരഞ്ഞെടുത്ത തിരക്കഥകള്‍ എന്ന ഒരു ബുക്ക് തന്നു. അങ്ങനെ തിരക്കഥ വെച്ച് സിനിമ കാണാന്‍ തുടങ്ങി, പക്ഷെ എഴുത്തിനെ കുറിച്ച് ഒരു ഐഡിയയും കിട്ടുന്നുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം', അജു വര്‍ഗീസ് പറഞ്ഞു.

അജുവിന്റെ വാക്കുകള്‍;

'എന്‍ജിനീയറിങ് പഠന ശേഷം സതേണ്‍ ലാന്‍ഡ് എന്ന കമ്പനിയില്‍ അഭിമുഖത്തിനായി പോയി. ആദ്യ റൗണ്ട് ഭാഷയായിരുന്നു, അതെങ്ങനെയോ പാസായി. രണ്ടാമത്തെ റൗണ്ടില്‍ പുറത്തായി. അങ്ങനെ പുറത്തിരിക്കുമ്പോഴാണ് എന്നെ ഇന്റര്‍വ്യൂ ചെയ്ത മഹേഷ് ബാലകൃഷ്ണന്‍ എന്ന എച്ച്.ആറിനെ കാണുന്നത്. ധൈര്യം സംഭരിച്ച് അദ്ദേഹത്തോട് പോയി സംസാരിച്ചു.

താങ്കള്‍ ചെയ്യുന്ന ജോലി എനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്, അത് ചെയ്യാന്‍ എന്ത് ചെയ്യണമെന്നായിരുന്നു ഞാന്‍ ചോദിച്ചത്. അദ്ദേഹമെന്നോട് രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. ആ ജോലിയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. മഹേഷിന്റെ കീഴില്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലായിരുന്നു ജോലി.

കാമ്പസ് റിക്രൂട്ട്‌മെന്റിനായി തമിഴ്‌നാട് മുഴുവന്‍ സഞ്ചരിക്കണം. സതേണ്‍ ലാന്‍ഡിനെ റെപ്രസന്റ് ചെയ്ത് സംസാരിക്കണം. ഇങ്ങനെ അന്‍പതോളം കാമ്പസുകളില്‍ പോയി. പിന്നെ എന്നെ ഒറ്റക്ക് വിടാന്‍ തുടങ്ങി. അന്തര്‍മുഖനായിരുന്ന ഞാന്‍ മാറി തുടങ്ങി, കൂടുതല്‍ ഡിപ്ലോമാറ്റിക് ആയി. ഇതെല്ലാം ആ ജോലിക്ക് ആവശ്യമായിരുന്നു. അങ്ങനെ മഹേഷിന്റെ കീഴില്‍ ഞാന്‍ അറിയാതെ നടനായി തുടങ്ങി.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഭിമുഖത്തിന്റെ പൂര്‍ണരൂപം:

Related Stories

No stories found.
logo
The Cue
www.thecue.in