'നന്‍പകല്‍ നേരത്ത് മയക്കം' ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ്: മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളിലൊന്നാണ് സിനിമയെന്ന് ടിനു പാപ്പച്ചന്‍

'നന്‍പകല്‍ നേരത്ത് മയക്കം' ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ്: മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളിലൊന്നാണ് സിനിമയെന്ന് ടിനു പാപ്പച്ചന്‍

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടിക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കും ഈ സിനിമയെന്ന് ചിത്രത്തിന്റെ സഹസംവിധായകനായ ടിനു പാപ്പച്ചന്‍ പറയുന്നു. ചിത്രം ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണെന്നും ടിനു പാപ്പച്ചന്‍ ദ ക്യുവിനോട് പറഞ്ഞു.

ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. അതേ എനിക്ക് ഇപ്പോ പറയാന്‍ പറ്റു. ഡ്രാമയാണ്. പിന്നെ മികച്ച ഒരു സിനിമയായിരിക്കും. ഞാന്‍ മമ്മൂക്കയുമായി അഞ്ചാമത്തെ സിനിമയാണ് സഹസംവിധായകനായി വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത നാല് സിനിമകളും മനോഹരമാണ്. പക്ഷെ ഇത് പ്രേക്ഷകരുടെ കാത്തിരിപ്പിനും പ്രതീക്ഷക്കും ഒത്ത സിനിമയാണ്. മമ്മൂക്കയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന് ഈ സിനിമയില്‍ ഉണ്ടാവും.- എന്നാണ് ടിനു പാപ്പച്ചന്‍ പറഞ്ഞത്.

ഡിസംബര്‍ ആദ്യ വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായിരുന്നു. ഒറ്റ ഷെഡ്യൂളിലാണ് ലിജോ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പഴനി, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.

Related Stories

No stories found.
logo
The Cue
www.thecue.in