'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം'; പ്രശംസിച്ച് സൂര്യ

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം'; പ്രശംസിച്ച് സൂര്യ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് നടന്‍ സൂര്യ. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് പത്ത് ലക്ഷം രൂപ നല്‍കി സൂര്യ സഹായം ചെയ്തിരുന്നു. സഹായം ചെയ്ത വിവരം അറിയിച്ച പ്രസ്താവനയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് സൂര്യ പറഞ്ഞത്. ഇതിന് പിന്നാലെ സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎമ്മും രംഗത്തെത്തി. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍വതി അമ്മാളിന്റെ വിഷയത്തില്‍ സൂര്യയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും സിപിഐഎം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിപിഐമ്മിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'തമിഴ് നടന്‍ സൂര്യ സിപിഐഎമ്മിനെ പ്രശംസിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗത്തിനൊപ്പമാണെന്നും പറഞ്ഞു. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് കെ ബാലകൃഷ്ണനോട് രാജാകണ്ണിന്റെ ഭാര്യയായ പാര്‍വതിയെ സഹായിക്കാമെന്ന് പറഞ്ഞിരുന്നു. സൂര്യ പാര്‍വതിയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കി. ഇതിന് മുമ്പ് കെ ബാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞ് സൂര്യക്ക് കത്തയച്ചിരുന്നു.

1995ല്‍ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഇരുള വംശജര്‍ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയാക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് ജയ് ഭീം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനെതിരെ നിയമപരമായി പോരാടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചും ജസ്റ്റിസ് ചന്ദ്രുവിനെ കുറിച്ചുമാണ് സിനിമയില്‍ പറഞ്ഞുവെക്കുന്നത്.'

സൂര്യ പത്ത് ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ സ്ഥിര നിക്ഷേപമായി ഇട്ടത് വാര്‍ത്തയായിരുന്നു. അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് മുമ്പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമായി സൂര്യ ഒരു കോടി രൂപ നല്‍കിയിരുന്നു.

പാര്‍വതി അമ്മാളിന്റെ ജീവിതം ജയ് ഭീമില്‍ സെങ്കണി എന്ന കഥാപാത്രമായാണ് എത്തിയത്. എന്നാല്‍ ചെന്നൈയിലെ പോരൂരില്‍ ഓലമേഞ്ഞ കുടിലില്‍ താമസിക്കുന്ന പാര്‍വതി അമ്മാളിന്റെ ജീവിതം ദുരിതം നിറഞ്ഞതാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പാര്‍വതി അമ്മാളിന് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് രാഘവ ലോറന്‍സ് ഉറപ്പ് നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in