ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മുറയുടെ ട്രെയ്ലർ പുറത്തുവിട്ടു. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് മുറ എന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. യുവതാരങ്ങളുടെ ആക്ഷൻ രംഗങ്ങൾ ട്രെയ്‌ലറിൽ കൗതുകമുണ്ടാകുന്നുണ്ട്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. വിജയ് സേതുപതി, എസ് ജെ സൂര്യ, ടൊവിനോ തോമസ്, നസ്രിയ, ദുഷാര വിജയൻ തുടങ്ങി നിരവധി താരങ്ങൾ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നവംബർ 8 ന് മുറ തിയേറ്ററുകളിലെത്തും.
നാല് യുവാക്കൾ ഏറ്റെടുക്കുന്ന ദൗത്യവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. കാനില്‍ അംഗീകാരം നേടിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റര്‍ ഒരുക്കിയ തഗ്‌സ്, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍, ആമസോണ്‍ പ്രൈമില്‍ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷം മലയാളി കൂടിയായ ഹൃദു ഹാറൂണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.
തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റേതായി മുമ്പ് പുറത്ത വന്ന ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലായാണ് മുറ ചിത്രീകരണം നടന്നത്.
ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍: പി.സി. സ്റ്റണ്ട്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ പ്രതീഷ് ശേഖര്‍.