അക്ഷയ് കുമാര്‍ കഥാപാത്രത്തിന് വേണ്ടി മീശ പോലും വളര്‍ത്തിയില്ല: സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തില്‍ നിര്‍മാതാവ് ആദിത്യ ചോപ്ര

അക്ഷയ് കുമാര്‍ കഥാപാത്രത്തിന് വേണ്ടി മീശ പോലും വളര്‍ത്തിയില്ല: സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തില്‍ നിര്‍മാതാവ് ആദിത്യ ചോപ്ര

ബോളിവുഡ് ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ ബോക്‌സ് ഓഫീസ് പരാജയത്തിന് നടന്‍ അക്ഷയ് കുമാര്‍ കാരണമായെന്ന് നിര്‍മാതാവ് ആദിത്യ ചോപ്ര. ചരിത്രപരമായി വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്. എന്നിട്ടും ഈ സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റ് സിനിമകളും അക്ഷയ് കുമാര്‍ ചെയ്യുകയായിരുന്നു. നാഷണല്‍ ഹറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

'അക്ഷയ് ഒന്നും പറഞ്ഞാല്‍ കേള്‍ക്കുന്നില്ലായിരുന്നു. ഈ സിനിമയ്ക്ക് പൂര്‍ണ്ണമായ ശ്രദ്ധ ആവശ്യമായിരുന്നു. പക്ഷെ ഒരു മീശ വളര്‍ത്താന്‍ പോലും അക്ഷയ് തയ്യാറായില്ല. ഈ സിനിമയ്‌ക്കൊപ്പം തന്നെ മറ്റ് സിനിമകളും അക്ഷയ് കുമാര്‍ ചെയ്യുന്നുണ്ടായിരുന്നു. ചരിത്രപരമായ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഈ സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ശ്രമിച്ചില്ലെന്ന് യഷ് രാജ് ഫിലിംസ് സോഴ്‌സ് നാഷണല്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

സാമ്രാട്ട് പൃഥ്വിരാജി'ന്റെ പരാജയം നിര്‍മാതാക്കളെ ഏത് രീതിയിലാണ് ബാധിക്കുക എന്ന് സംവിധായകന്‍ ചന്ദ്രപ്രകാശ് ദ്വിവേദി നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഒരു സിനിമ പരാജയപ്പെട്ടാല്‍ അത് നിര്‍മാതാക്കളെ തീര്‍ച്ചയായും പ്രശ്നത്തിലാക്കും. യഷ് രാജ് ഫിലിംസിന്റെ ആദ്യ ചരിത്ര സിനിമയാണിത്. അത് വിജയമായിരുന്നെങ്കില്‍ അവര്‍ ഇത്തരത്തിലുള്ള കൂടുതല്‍ സിനിമകള്‍ നിര്‍മിക്കും. അല്ലെങ്കില്‍ അവര്‍ മുന്‍പ് എന്താണോ ചെയ്തത് അത് തന്നെ തുടരും', എന്ന് നവ്ഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രപ്രകാശ് പറഞ്ഞിരുന്നു.

ജൂണ്‍ 3നാണ് പൃഥ്വിരാജ് സാമ്രാട്ട് തിയേറ്ററില്‍ റിലീസ് ചെയ്തത്. 300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് വെറും 86 കോടിയാണ് നേടിയത്. തിയേറ്ററില്‍ ആള്‍ക്കാര്‍ കയറാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ പല ഷോകളും നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. സിനിമയുടെ ബജറ്റ് കൂടാന്‍ കാരണം അക്ഷയ് കുമാറിന്റെ പ്രതിഫലവും വിഎഫ്എക്സുമാണ്. സിനിമ റിലീസ് ദിവസം മുതല്‍ തന്നെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ കുറവായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in