ബോളിവുഡും ഹോളിവുഡും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇതൊക്കെയാണ്, പ്രിയങ്ക ചോപ്ര പറയുന്നു

ബോളിവുഡും ഹോളിവുഡും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇതൊക്കെയാണ്, പ്രിയങ്ക ചോപ്ര പറയുന്നു
Published on

ബോളിവുഡും ഹോളിവുഡും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. പ്രധാന വ്യത്യാസം പേപ്പർ വർക്കുകളുടെ കാര്യത്തിലാണ് എന്ന് നടി പറഞ്ഞു. ഹോളിവുഡിൽ കൃത്യമായി പേപ്പറിൽ ഉണ്ടാകേണ്ട ഒരുപാട് ജോലികളുണ്ട്. അടുത്ത ദിവസത്തിനു മുൻപേ തന്നെ 100 ഈ മെയിലുകൾ നിങ്ങൾക്ക് വരും. സമയത്തിന്റെ കാര്യവും വളരെ കൃത്യമായിരിക്കും. എന്നാൽ ഇതുമായി താരതമ്യം ചെയ്യുമ്പോൾ അയഞ്ഞ മട്ടിലാണ് ബോളിവുഡ് സിനിമകൾ നിർമ്മിക്കുന്നത്. ഇതുപോലുള്ള വ്യത്യാസങ്ങൾ മാറ്റി നിർത്തിയാൽ ലോകത്തുള്ള എല്ലാ സിനിമകളുടെയും ഘടന ഒന്നാണെന്ന് ഫോബ്‌സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞു. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി വലിയ വിജയം നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. 6 വർഷത്തോളമായി ഹോളിവുഡ് സിനിമകളിൽ നടി സജീവമാണ്. ഹിന്ദി സിനിമകളിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം ഇപ്പോൾ.

പ്രിയങ്ക ചോപ്ര പറഞ്ഞത്:

പൊതുവെ നോക്കുമ്പോൾ എല്ലാ രാജ്യങ്ങളും തന്നെ വ്യത്യസ്തമല്ലേ. ജോലിയുടെ കാര്യത്തിൽ ആയാലും നമുക്ക് നമ്മുടേതായ ഒരു സംസ്കാരമുണ്ട്. ഹോളിവുഡും ബോളിവുഡും തമ്മിൽ ഒരു പ്രധാന വ്യത്യാസം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പേപ്പർ വർക്കിന്റെ കാര്യമാണ് അത്. ഹോളിവുഡിൽ പേപ്പറിൽ വരുന്ന ഒരുപാട് ജോലികളുണ്ട്. അടുത്ത ദിവസത്തിനു മുൻപേ തന്നെ 100 ഈ മെയിലുകൾ നിങ്ങൾക്ക് വരും. സമയത്തിന്റെ കാര്യവും വളരെ കൃത്യമായിരിക്കും. നിങ്ങളുടെ കാൾ ടൈം എന്ന് പറയുന്ന 7:32 pm ഒക്കെ ആകും. തലേ ദിവസം നിങ്ങൾ എപ്പോഴാണ് ഷൂട്ടിങ് അവസാനിപ്പിച്ചത് എന്നെല്ലാം നോക്കി ആയിരിക്കും പിന്നീടുള്ള കാര്യങ്ങൾ ക്രമീകരിക്കുക. സിനിമകളുടെ പ്രൊഡക്ഷൻ എന്ന് പറയുന്നത് വളരെ കൃത്യമായി സംഘടിപ്പിക്കുന്നതാകും.

ബോളിവുഡിലെ കാര്യങ്ങൾ അങ്ങനെയല്ല. നമ്മൾ വളരെ അയഞ്ഞ മട്ടിലാണ് കാര്യങ്ങൾ ചെയ്യുക. രണ്ടു തരത്തിലുള്ള ജോലി രീതികളാണ് ഇത്. നമ്മളുടെ ക്രിയേറ്റിവിറ്റി എന്ന് പറയുന്നത് വളരെ സ്വാഭാവികം ആയിട്ടാകും വരിക. ഇതൊക്കെയാണ് ഞാൻ കണ്ടിട്ടുള്ള വ്യത്യാസങ്ങൾ. ഇതെല്ലം മാറ്റി നിർത്തിയാൽ ലോകത്തുള്ള എല്ലാ സിനിമകളും സംസാരിക്കുന്നത് ഒരേ ഭാഷയിൽ തന്നെയാണ്. സ്ക്രിപ്റ്റ്, പ്രൊഡ്യൂസർമാർ എന്നിവയെല്ലാം ഒരേ പോലെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in