പോരാട്ടത്തിന്റെ കഥയല്ല, പോരാടണമെന്ന് പറയുകയാണ് 'ധബാരി ക്യൂരുവി' : പ്രിയനന്ദനന്‍

പോരാട്ടത്തിന്റെ കഥയല്ല, പോരാടണമെന്ന് പറയുകയാണ് 'ധബാരി ക്യൂരുവി' : പ്രിയനന്ദനന്‍

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'ധബാരി ക്യൂരുവി' തിയറ്ററുകളിലേക്ക്. ലോക സിനിമയില്‍ ആദ്യമായി ഗോത്ര വിഭാഗത്തെ അണിനിരത്തി ഒരുക്കിയ ഫീച്ചര്‍ സിനിമ എന്ന സവിശേഷത ഈ ചിത്രത്തിനുണ്ട്. ഇരുള ഭാഷയിലാണ് ചിത്രം. അട്ടപ്പാടി ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടികളുടെ പോരാട്ടത്തിന്റെ കഥയല്ല, പോരാടണം എന്ന് അവരോട് പറയാന്‍ വേണ്ടിയുള്ള കഥയാണ് 'ധബാരി ക്യൂരുവി'എന്ന് പ്രിയനന്ദനന്‍ പറയുന്നു. 'ധബാരി ക്യൂരുവി'യെക്കുറിച്ച് പ്രിയനന്ദനന്‍ ദ ക്യുവിനോട് സംസാരിക്കുന്നു.

Q

ലോക സിനിമയില്‍ ആദ്യമായി ഗോത്ര വിഭാഗത്തെ അണിനിരത്തി ഒരുക്കിയ സിനിമ എന്നാണ് 'ധബാരി ക്യൂരുവി' വിശേഷിപ്പിക്കപ്പെടുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ 'ധബാരി ക്യൂരുവി' എന്ന സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍

A

നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയാണ് ഗോത്ര തലത്തില്‍പ്പെട്ട ആളുകള്‍. എപ്പോഴും നമ്മുടെ കേരളത്തിന്റെ ഒരു ഭാഷയില്‍ പറയുകയാണെങ്കില്‍ നീയൊരു അട്ടപ്പാടിക്കാരനാണ്, അല്ലെങ്കില്‍ എന്താടാ അട്ടപ്പാടിക്കാരനെ പോലെ സംസാരിക്കുന്നത്, നിന്നെ അട്ടപ്പാടിയിലോട്ട് നാട് കടത്തും എന്നൊക്കെ പറയുന്നത് ഏറ്റവും മോശപ്പെട്ട എന്ന് നമ്മള്‍ കാണുന്ന അല്ലെങ്കില്‍ പറയുന്ന ഒരു സ്ഥലത്തെ മനുഷ്യരെ വച്ച് സിനിമ ഉണ്ടാക്കുമ്പോള്‍ ആ സിനിമ നമ്മുടെ ഇന്ത്യന്‍ തലത്തില്‍ വരിക എന്ന് പറയുമ്പോള്‍ അവരും കൂടെ അംഗീകരിക്കപ്പെടുന്നു എന്നുള്ളതാണ്. ആ സിനിമയില്‍ അഭിനയിച്ചത് മുഴുവന്‍ ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ ആയതുകൊണ്ട് ആര്‍ട്ടിസ്റ്റുകള്‍ എന്ന് പറയാന്‍ നമുക്ക് ഒരിക്കലും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ ഇല്ലല്ലോ. അതുകൊണ്ട് വളരെ അഭിമാനവും സന്തോഷവുമാണ്. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഈ സിനിമയെ രേഖപ്പെടുത്തി എന്നുള്ളതില്‍ ഒരു ഉയിര്‍പ്പ് ഉണ്ട്. ഈ സിനിമയില്‍ അഭിനയിച്ച കുട്ടികള്‍ തന്നെ എന്നോട് പറയാറുണ്ട്. ഞങ്ങള്‍ ഒരിക്കലും അട്ടപ്പാടി എന്ന് പറയാറില്ല. എന്നാല്‍ ഇന്ന് അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഇനി ധൈര്യമായി പറയാമല്ലോ ഞങ്ങള്‍ അട്ടപ്പാടിക്കാരാണ് എന്ന്. അതിനുള്ള ഒരു ആര്‍ജവം ഉണ്ടായി എന്നവര്‍ ഈ സിനിമ കഴിഞ്ഞ് പത്രക്കാരോട് പറയുകയുണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം അതിന്റെയൊരു സന്തോഷം ഏറെയാണ്.

Q

ജീവിതങ്ങളാണ് ഓരോ സിനിമയും അടയാളപ്പെടുത്തുന്നത്. അട്ടപ്പാടി ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടികളുടെ പോരാട്ടത്തിന്റെ കഥയാണ്'ധബാരി ക്യുരുവി'. അങ്ങനെ ഒരു സിനിമ ചെയ്യാം എന്ന ചിന്തയിലേക്ക് എത്തിയത് എങ്ങനെയാണ് ?

A

പോരാട്ടത്തിന്റെ കഥയല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പോരാടണം എന്ന് പറയാന്‍ വേണ്ടിയുള്ള കഥയാണ്. പലപ്പോഴും പല സ്ഥലങ്ങളിലും ഈ അവിവാഹിതരായിട്ടുള്ള അമ്മമാരുണ്ട്. അത് അട്ടപ്പാടി എന്ന് മാത്രമായി നമ്മള്‍ ഒതുക്കേണ്ട കാര്യമില്ല. ആദിവാസി സമൂഹങ്ങളുടെ ഇടയില്‍ പലപ്പോഴും സംഭവിക്കുന്നതാണ് അവിവാഹിതരായിട്ടുള്ള അമ്മമാരുണ്ടാവുക. അത് വിധിയുടെ ഭാഗമാണെന്ന് കണക്കാക്കി അടങ്ങി അതിനോട് ഒന്നും പ്രതികരിക്കാന്‍ കഴിയാതെ ജീവിക്കുക. മറിച്ചൊന്നും ചിന്തിക്കാന്‍ പറ്റില്ല. എല്ലാ ഭാഗത്ത് നിന്നും എതിര്‍പ്പായിരിക്കും. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി അവിചാരിതമായി അവളുടേതല്ലാത്ത ഒരു കുറ്റം കൊണ്ട് അവള്‍ ഗര്‍ഭിണിയാകുമ്പോള്‍ അതിനെതിരെ നടത്തുന്ന, ആ ഗര്‍ഭം ഇല്ലാതാക്കി, അവളുടെ വലിയ സ്വപ്നമാണ് പഠിക്കണം മുന്നേറണം എന്നുള്ളത്. അതിലേക്കുള്ള ഒരു യാത്രയാണ് സിനിമ. ഒരുപക്ഷെ ഇങ്ങനെ ഒരു കാര്യം എന്നത് നാളെ ഒരിക്കല്‍ സംഭവിക്കാന്‍ പോകേണ്ട ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ആളുകള്‍ അത് കാണുകയും ആ ഊര്‍ജം ഉള്‍ക്കൊണ്ട് എനിക്കും അങ്ങനെ പറ്റും എന്നുള്ള ഒരു ബോധ്യം അവര്‍ക്ക് ഉണ്ടാവുകയാണെങ്കില്‍ അത് വളരെ നല്ലതായിരിക്കും.

Q

സിനിമ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുപോലെ ഗോത്ര വിഭാഗക്കാര്‍ മാത്രം അഭിനയിച്ച ഏക ഫീച്ചര്‍ ചിത്രത്തിനുള്ള യുആര്‍ഫ് ലോക റെക്കോര്‍ഡും ചിത്രം ഇതിനകം കരസ്ഥമാക്കി. ഈ അംഗീകാരങ്ങള്‍ ഒക്കെ തന്നെ സിനിമയുടെ വിജയം അല്ലേ ?

A

തീര്‍ച്ചയായും. ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷം എന്ന് പറയുന്നത് നമ്മള്‍ തള്ളി കളയുന്ന മനുഷ്യരുടെ ഉള്ളില്‍ ആര്‍ട്ട് ഉണ്ട് എന്ന് നമുക്ക് ബോധ്യപ്പെടുത്താന്‍ പറ്റിയല്ലോ എന്നതാണ്. നമ്മള്‍ അവഗണിക്കുന്ന മനുഷ്യരാണ്. ആ മനുഷ്യരെയാണ് നമ്മള്‍ ചേര്‍ത്ത് പിടിച്ച് സിനിമയിലേക്ക് കൊണ്ടുവന്നത്. അവരുടെ ഉള്ളില്‍ കല ഉണ്ടെന്നുള്ളതാണ്. ആര്‍ട്ടിസ്റ്റുകളേക്കാള്‍ മികച്ച അര്‍ത്ഥത്തില്‍ പെര്‍ഫോം ചെയ്യാന്‍ ആദ്യമായിട്ടാണ് എങ്കില്‍ പോലും അവര്‍ക്ക് സാധ്യമായിട്ടുണ്ട് എന്നുള്ളതാണ്. പല പല തൊഴിലുകള്‍ ചെയ്യുന്ന, ഒരിക്കലും സിനിമ കാണാത്ത, കേരളത്തിന്റെ പുറത്തേക്ക് ഒരിക്കലും യാത്ര ചെയ്യാത്ത, ഒരുപക്ഷെ പാലക്കാട് കടന്ന് പോകാത്ത മനുഷ്യരെയൊക്കെ ചേര്‍ത്ത് വച്ച് ഒരു സിനിമ ഉണ്ടാക്കാന്‍ കഴിയുന്നു, അതിങ്ങനെ അംഗീകാരങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെടുന്നു എന്നുള്ളത് എന്നോടൊപ്പം തന്നെ അവരും ഏറെ സന്തോഷിക്കുന്നവരാണ്. അവര്‍ക്കും ഒരു ആത്മ ബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഒക്കെ ഒരു വഴി ഇതിലൂടെ കൈവരിക്കും എന്നുള്ള വലിയ സന്തോഷമാണ് അവരുടെ ഒപ്പം എനിക്കുള്ളത്.

Q

ഇരുള ഭാഷയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭാഷയായി മലയാളം വേണ്ട എന്ന തീരുമാനത്തിന് പിന്നില്‍...

A

ഇവരുടെ ഭാഷ എന്ന് പറയുന്നത് മുടുക, കുറുമ്പ, ഇരുള എന്നിവയാണ്. അതാണ് അവരുടെ തനത് ഭാഷ എന്ന് പറയുന്നത്. അതില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണ് ഇരുള. അത് ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങള്‍ക്കും അറിയാം. അവരും കേരളത്തില്‍ തന്നെ ജീവിക്കുന്ന മനുഷ്യരാണ്, ഭാഷ കൊണ്ട് വേര്‍തിരിച്ച് നിര്‍ത്തേണ്ട കാര്യമില്ലല്ലോ. അതിനാല്‍ അവരുടെ ഭാഷയില്‍ തന്നെ മതി, അതാകുമ്പോള്‍ അവര്‍ക്ക് കുറേ കൂടി ആഴത്തില്‍ സംസാരിക്കാന്‍ പറ്റും. ഓരോ വാക്കുകളും അതിന്റെ അര്‍ത്ഥത്തില്‍ അവര്‍ക്ക് എത്തിക്കാനാകും. അതിനാലാണ് അവരുടെ ഭാഷ തന്നെ തെരഞ്ഞെടുത്തത്. അതല്ലാതെ നമ്മള്‍ ബോധപൂര്‍വം ചെയ്തതല്ല. അവര്‍ക്കത് ആശയവിനിമയവും അവര്‍ പറയുമ്പോഴുള്ള വികാരങ്ങള്‍ ആ അര്‍ത്ഥത്തില്‍ തിരിച്ച് കിട്ടാന്‍ വേണ്ടിയായിരുന്നു ആ തീരുമാനം.

Q

ഗോത്ര വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രമാണ് സിനിമയിലെ അഭിനേതാക്കള്‍, എങ്ങനെയായിരുന്നു ആ ഒരു തെരഞ്ഞെടുപ്പ് ? അവരെ സിനിമയ്ക്ക് വേണ്ടി എങ്ങനെയൊക്കെ ട്രെയ്ന്‍ ചെയ്യേണ്ടി വന്നു?

A

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനതയ്ക്ക് പിന്നോട്ട് പോകുന്ന അല്ലെങ്കില്‍ ഒതുങ്ങി പോകുന്ന, ഭയപ്പെടുന്ന ഒരവസ്ഥ എപ്പോഴും ഉണ്ട്. ഒരുതരം അപകര്‍ഷതാബോധം. ആ അപകര്‍ഷതാബോധത്തെ കളയുക എന്നതായിരുന്നു നമ്മുടെ ആദ്യത്തെ പണി. നമ്മള്‍ ചെല്ലുമ്പോള്‍ പോലും സംശയത്തോടെ നോക്കുന്ന ആളുകളാണ് അവിടെ ഉണ്ടാവുക. അതിനൊരു മാറ്റത്തിനായി എന്ത് ചെയ്‌തെന്ന് പറഞ്ഞാല്‍ കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം വന്നിരുന്നു. അന്ന് ഞങ്ങള്‍ എല്ലാവരും ഒരേ സ്ഥലത്ത് കൂട്ടം ചേരുകയുണ്ടായി. ഒരേ സ്ഥലത്ത് നമ്മള്‍ ഒന്നിച്ച് നില്‍ക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തതോടുകൂടി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ നമ്മളും ഒരു അന്യരല്ല എന്ന ബോധം വരികയും നമ്മളോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തു. അതാണ് അതില്‍ സംഭവിച്ച ഒരു കാര്യം. അവരൊക്കെ നമ്മളോട് ഒരു വീട്ടിലെ ആളുകളെ പോലെ കൂട്ടായി. ആ കെട്ട് വിട്ട് പോയി. അതാണ് ഏറ്റവും പ്രധാനമായ കാര്യം. അവര്‍ക്ക് നമ്മളേയും നമുക്ക് അവരേയും മനസിലാക്കാന്‍ പറ്റി.

Q

സിനിമയുടെ ചിത്രീകരണം എപ്രകാരമായിരുന്നു ? ക്രൂ എത്രത്തോളം ഫ്‌ളെക്‌സിബിള്‍ ആയിരുന്നു ?

A

സിനിമ ചെയ്യാന്‍ ഒരു തരത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. അവിടുത്തെ ആളുകള്‍ നമ്മുടെ ഒപ്പം ഉണ്ടായിരുന്നു. പിന്നെ കൊറോണയുടെ ഒരു പീരിയഡ് ആയിരുന്നതു കൊണ്ട് കോളനികള്‍ക്കും അതിന്റെ അകത്തേക്കും കയറി പോകാനുള്ള ഒരു ബുദ്ധിമുട്ടായിരുന്നു ഉണ്ടായിരുന്നത്. പിന്നെ വമ്പന്‍ യൂണിറ്റുകളൊന്നും നമുക്ക് ഉണ്ടായിരുന്നില്ല. പരിമിതമായ ലൈറ്റുകള്‍ ഉപയോഗിച്ചാണ് പല സ്ഥലങ്ങളിലും സഞ്ചരിക്കേണ്ടി വന്നത്. അതുകൊണ്ട് വലിയ സിനിമാ ക്രൂ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ശബ്ദം നമ്മള്‍ ലൈവായിരുന്നു ചെയ്തത്. പക്ഷെ, എല്ലാ സിനിമയ്ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇവിടെയും ഉണ്ടായിരുന്നു. ജീപ്പും വണ്ടികളും ഒന്നും പോകാത്ത സ്ഥലങ്ങളില്‍ പോലും നമ്മള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതിനെല്ലാം തന്നെ ക്രൂ സഹകരിച്ചിട്ടുണ്ട്. അതിപ്പോള്‍ കാമറാമാന്‍ ആയാലും എഡിറ്റര്‍ ആയാലും എല്ലാവരുടെയും ഒത്തൊരുമയാണ് ഈ സിനിമ. അതുപോലെ ആദിവാസി സമൂഹത്തിലെ പറങ്കി മൂപ്പന്‍ പോലുള്ള ആളുകളും ഉണ്ടായിരുന്നു. നമ്മളെ സഹായിക്കാനായി കുപ്പുസ്വാമി എന്ന സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച ഒരാളും ഉണ്ടായിരുന്നു. ഇവരൊക്കെ ഉള്ളതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷനും ഞങ്ങള്‍ക്ക് എളുപ്പമായിരുന്നു. കാരണം അവരുടെ നാട്, അവരുടെ സംസ്‌കാരം ഒക്കെ ആകുമ്പോള്‍ എല്ലാം എളുപ്പമായിരുന്നു. അങ്ങനെ തന്നെയുള്ള ഒരു സംഘം നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഈ സിനിമ വളരെ പ്രധാനപ്പെട്ടതാണെന്ന ബോധ്യത്തോടെ നമ്മുടെ കൂടെ നിന്നതുകൊണ്ടാണ് ഈ സിനിമ സാധ്യമായത്.

Q

സിനിമയ്ക്ക് കല്‍പ്പിച്ച് നല്‍കുന്ന ഒരു ചട്ടകൂടിന്റെ പൊളിച്ചെഴുത്ത് കൂടിയാകുമോ ഈ സിനിമ ?

A

അത് സിനിമ കണ്ട് പ്രേക്ഷകന്‍ പറയേണ്ടതാണ്. ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളവും അവന്റെ ഉള്ളില്‍ ആര്‍ട്ട് ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്ന ഒരു കാര്യം. ഈ അജിത് വിനായകയും വിഷ്വല്‍ മാജിക്കും തയ്യാറായിരുന്നില്ല എങ്കില്‍ എനിക്ക് ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇന്ന ആളുകളെ വച്ച് കൊണ്ട് സിനിമ ചെയ്യാം എന്ന് പറയുമ്പോള്‍ ഒട്ടും അതിന്റെ ഒരു കൊമോഴ്‌സ്യല്‍ വശം ആലോചിക്കാതെ നമ്മുടെ ഒപ്പം നില്‍ക്കുന്ന നിര്‍മാതാവിന്റെയും കൂടിയാണ് ഈ സിനിമ. കാരണം ഇതൊരു ബിസിനസ് മാത്രമാണ്, അപ്പോള്‍ ഇത് വിറ്റഴിക്കപ്പെടേണ്ടതാണ്, അതുകൊണ്ട് താരങ്ങള്‍ ഇല്ലല്ലോ എന്ന ചോദ്യം ഇല്ലാതിരുന്നു എന്നുള്ളതാണ് ഈ സിനിമ ഉണ്ടാകുന്നതിലെ ഒരു പ്രധാന കാര്യം. അതൊരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. അങ്ങനെ മാത്രേ നമുക്ക് ധൈര്യം ഉണ്ടാവുകയുള്ളു. ഞാന്‍ മാത്രം വിചാരിച്ചതുകൊണ്ട് പറ്റില്ലല്ലോ. നമ്മളെ വിശ്വസിക്കുന്ന ഇത്തരം സിനിമകള്‍ക്ക് വേണ്ട് പൈസ ഇറക്കാന്‍ പറ്റുന്ന ഒരാളുകൂടി ഉണ്ടാകുമ്പോഴല്ലേ ഇതൊക്കെ സംഭവിക്കൂ.

Q

'ധബാരി ക്യൂരുവി' എന്ന ടെറ്റില്‍ വേറിട്ട് നില്‍ക്കുന്നു. എന്താണ് അത് ഉള്‍ക്കൊള്ളുന്ന ആശയം ?

A

ധബാരി ക്യൂരുവി എന്ന് പറയുന്നത് ഈ ഗോത്ര വര്‍ഗക്കാരുടെ ഇടയിലുള്ള ഒരു മിത്താണ്. അതിന് പിന്നില്‍ വലിയ കഥ ഉണ്ട്. അതൊരു പക്ഷിയാണ്. ആ പക്ഷിയെ പറയുന്നത് ആ പക്ഷിക്ക് അച്ഛന്‍ ആരെന്ന് പറയാന്‍ പറ്റില്ല എന്നാണ്. അച്ഛനാരെന്ന് അറിയാത്ത പക്ഷി എന്നാണ് ധബാരി ക്യൂരുവി എന്ന് പറഞ്ഞാല്‍ ആ ഗോത്ര വര്‍ഗക്കാരുടെ ഇടയിലുള്ള മിത്ത്. അങ്ങനെയാണ് ആ പേര് തെരഞ്ഞെടുത്തത്.

Q

2002 ല്‍ 'നെയ്ത്തുകാരന്‍' ആയിരുന്നു ആദ്യ സിനിമ. രണ്ടാം സിനിമ ആയ 2006 ല്‍ പുറത്തിറങ്ങിയ 'പുലിജന്മം' എന്ന സിനിമയ്ക്ക് മികച്ച ഫീച്ചര്‍ സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കുന്നു. തുടര്‍ന്ന് ഇങ്ങോട്ട് നിരവധി വേറിട്ട സിനിമകള്‍. സംവിധാനം ചെയ്യാനുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് എങ്ങനെയാണ് ?

A

നമ്മളെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന പ്രമേയങ്ങള്‍ സിനിമ ആക്കുക എന്നുള്ളതാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ മറച്ച് പിടിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടാകും. അതൊക്കെ എങ്ങനെ എങ്കിലും പുറത്ത് കൊണ്ടുവരിക, അത്തരം ജീവിതങ്ങളെ കാണിക്കാന്‍ പറ്റുക എന്നതാണ്. അവര്‍ക്കും ഉണ്ട് കല, അവര്‍ക്കും ഉണ്ട് പൊളിറ്റിക്‌സ് എന്നൊക്കെ പറയുന്നതുപോലെ അത്തരം ഒരു രീതീയിലൂടെ, 'പുലിജന്മം' ഒക്കെ അങ്ങനെയാണ്. നമ്മള്‍ മരിച്ചതിന് ശേഷം മാത്രം നമ്മളെ വലിയ ദൈവമാക്കി മാറ്റുന്നതിനിടയില്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു ദളിതനായതുകൊണ്ട് തിരിച്ചറിയപ്പെടാതെ പോകുന്ന കാര്യഗുരുക്കന്മാര്‍ നമുക്ക് ഒരുപാട് ഉണ്ട്. എത്ര വലിയ കഴിവ് ഉണ്ടായാലും അവരെ ഇല്ലാതാക്കുക എന്ന് പറയുന്ന കാര്യങ്ങളുണ്ടല്ലോ. അതാണ് നമ്മള്‍ ഇങ്ങനെ അന്വേഷിക്കുന്നത്. പലപ്പോഴും ഒക്കെ ഓരോ പ്രമേയങ്ങളും വന്ന് ചേരുന്നതാണ്. എത്രയോ കാര്യങ്ങള്‍ നമുക്ക് ഇനിയും ഈ മെയ്ന്‍സ്ട്രീമില്‍ വരാനുണ്ട്. അതൊക്കെ സിനിമ ആക്കാന്‍ പറ്റുകയാണെങ്കില്‍ സാഹചര്യങ്ങള്‍ കൂടി ഒത്ത് വരികയാണെങ്കില്‍ സിനിമ ഒരു മാധ്യമം എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നതുകൊണ്ട് അതും സിനിമ ആക്കണം എന്നാണ് എന്റെ ആഗ്രഹം.

Q

ഒരു ജനത നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. അത് എത്രത്തോളം തുറന്ന് കാണിക്കാന്‍ അല്ലെങ്കില്‍ എത്രത്തോളം അവരുടെ ശബ്ദമാകാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് തോന്നുന്നത് ?

A

ലൈവ് സൗണ്ട് ആയിരുന്നു നമുക്ക്. അതുകൊണ്ട് പലപ്പോഴും അഭിനേതാക്കളെ ഈ സിനിമ കാണിക്കാന്‍ പറ്റിയിരുന്നില്ല. അവരുടെ ഒരു അഭിപ്രായത്തില്‍ മാധ്യമങ്ങളോടൊക്കെ അവര്‍ക്ക് പറയാനുള്ളത്, ഈ സിനിമ മുഴുവന്‍ കോളനികളിലും കൊണ്ട് ചെന്ന് കാണിക്കണം, ഞങ്ങളുടെ സാഹചര്യം മനസിലാക്കണം. ഞങ്ങളെ ഇങ്ങനെ തള്ളി കളയാതിരിക്കണം. ഞങ്ങളും മനുഷ്യരാണെന്ന് ഒരു ബോധ്യം വേണം എന്നെല്ലാമാണ്. ആ ഒരു പറച്ചില്‍ തന്നെ ആയിരിക്കും ഇതിന്റെയൊക്കെ വലിയ കാര്യമെന്ന് ഞാന്‍ വിചാരിക്കുന്നു. മീനാക്ഷി ആയാലും ശ്യാമിനി ആയാലും അവര്‍ തന്നെ അതിങ്ങനെ അവരുടെ ഉള്ളില്‍ നിന്ന് പറയുമ്പോള്‍ ആ വികാരം തന്നെ ആയിരിക്കില്ലേ സിനിമ കാണുന്ന ഓരോ ആള്‍ക്കും ഉണ്ടാവുക എന്നാണ് എനിക്ക് തോന്നുന്നത്. അട്ടപ്പാടി എന്നൊരു സ്ഥലം മാത്രമല്ല, ശബ്ദമാകാന്‍ പറ്റാതെ ഇരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അവര്‍ക്കൊക്കെ ഏതെങ്കിലും തരത്തില്‍ മറിച്ച് ചിന്തിക്കാന്‍ കഴിയും എങ്കില്‍ അതായിരിക്കും എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാന്‍ കരുതുന്നു.

Q

സിനിമ എന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക ?

A

തിയേറ്ററുകളില്‍ എന്നാണ് സിനിമ റിലീസ് ചെയ്യുക എന്ന ചിന്തയിലാണ് ഞാന്‍. അത് സംഭവിക്കട്ടെ എന്ന് തന്നെയാണ്. കാരണം, അവാര്‍ഡുകളോ മറ്റ് അംഗീകാരങ്ങളോ കിട്ടി കഴിഞ്ഞാല്‍ ഈ വരുന്ന സിനിമകള്‍ മുഴുവന്‍ അവഗണനയോടെ തള്ളിക്കളയുന്ന ആളുകളാണ് കൂടുതലും. അത്തരം സിനിമകള്‍ ഒന്നിനും കൊള്ളില്ല എന്ന് കണക്കാക്കുകയാണ് ആളുകള്‍. അംഗീകാരം നമ്മുടെ കേരളത്തില്‍ ഭയങ്കര പ്രശ്‌നമാണ്. മറ്റ് സംസ്ഥാനങ്ങളിലൊക്കെ ആണെങ്കില്‍ നമ്മള്‍ അംഗീകരിക്കപ്പെട്ടതിന്റെ പേരില്‍ എങ്കിലും സിനിമ കാണാന്‍ ആഗ്രഹിക്കും എന്നാണ് പലരും പറയാറ്. കേരളത്തില്‍ നമ്മളെ ഏറ്റവും മോശപ്പെട്ട ആളുകളാക്കി മാറ്റി നിര്‍ത്തുക എന്നുള്ള ഒരു കാര്യമുണ്ട്. ഇത്തരം സിനിമകള്‍ അങ്ങനെ വലിയ ഒരു പ്രശ്‌നം നേരിടേണ്ടി വരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in