വയനാട് ഉരുൾ പൊട്ടലിന് ഇരയായവർക്ക് ആദരം അർപ്പിച്ച് ചിത്രം നായകൻ പൃഥ്വി. പ്രസാദ് എഡ്വേർഡ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'നായകൻ പൃഥ്വി'. ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് തിരുവനന്തപുരത്തെ അമ്പൂരിയിൽ ചിത്രീകരിച്ച സിനിമയാണ് ഇത്. വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി ബി മാത്യു നിർമ്മിച്ച് ഈ ചിത്രം വയനാട് ഉരുൾ പൊട്ടലിന് ഇരയായവർക്ക് ആദരവായാണ് അണിയറ പ്രവർത്തകർ സമർപ്പിക്കുന്നത്. ചിത്രം ഒക്ടോബർ 18 ന് തിയറ്ററുകളിലെത്തും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും, വൻകിട പദ്ധതികളുടെ മറവിൽ നിസ്സഹായരായിത്തീരുന്ന ഒരു ജനതയുടെ അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് ചിത്രം പറയുന്നത്.
മലയോര ഹൈവേ പദ്ധതിയുമായി കുയുലുമാലയിലെത്തുന്ന സ്പെഷ്യൽ തഹസീൽദാർ രതീഷാണ് കഥയിലെ കേന്ദ്രബിന്ദു. പദ്ധതിക്കെതിരെ ശക്തമായ സമരം നടക്കുന്ന സ്ഥലം. സമരം നിർത്താനായി സമരസമിതി നേതാവിനെ കാണാൻ വീട്ടിൽ എത്തുന്നു. അപ്രതീക്ഷിതമായി അവിടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ‘നായകൻ പ്രിഥ്വി’.ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച ശ്രീകുമാർ ആർ നായരാണ് നായകൻ പൃഥ്വിയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഷൈജു,അഞ്ജലി പി സുകുമാർ,സുകന്യ ഹരിദാസ്,പ്രിയ ബാലൻ, ബിജു പൊഴിയൂർ പിനീഷ്,പ്രണവ് മോഹൻ,രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, പുളിയനം പൗലോസ്, വിനോദ് വാഴച്ചാൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാനപ്പെട്ട അഭിനേതാക്കൾ. ഇവരോടൊപ്പം ഓഡിഷനിലൂടെ തിരഞ്ഞെടുത്ത അഭിനേതാക്കളും അണിനിരക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗ് വഴി സ്വരൂപിച്ച പണം കൊണ്ടു ചിത്രീകരിച്ച ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിലോ പിന്നിലോ ഉള്ളവർ പ്രതിഫലം പറ്റാതെയാണ് വളരെ ചുരുങ്ങിയ ബജറ്റിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
വയനാട്ടിലെ ഉരുൾ ദുരന്തത്തിന്റെ അവശേഷിപ്പുകളും വേദനയും ഇന്നും നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ചിത്രത്തിന്റെ പ്രമേയത്തിന് പ്രസക്തിയേറുകയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ ടി. ശശി ആണ്, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സതീഷ് രാമചന്ദ്രനാണ്. ഗാനങ്ങൾ ചെയ്തിരിക്കുന്നത് ബിടി അനിൽകുമാർ, ആർട്ട് - സനൽ ഗോപിനാഥ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷിജി വെമ്പായം, പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഷെരോൺ റോയ് ഗോമസ്, അസോസിയേറ്റ് ഡയറക്ടർ : സന്ദീപ് അജിത്കുമാർ ,ഗ്രീഷ്മ മുരളി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.