'2018 ല്‍ നിവിന്‍ പോളിയുടെ ഒരു മാസ്സ് എന്‍ട്രി ഉണ്ടായിരുന്നു'; ഇഷ്ടപ്പെട്ട സീനായിരുന്നു പക്ഷേ കളയേണ്ടി വന്നെന്ന് ജൂഡ് ആന്തണി ജോസഫ്

'2018 ല്‍ നിവിന്‍ പോളിയുടെ ഒരു മാസ്സ് എന്‍ട്രി ഉണ്ടായിരുന്നു'; ഇഷ്ടപ്പെട്ട സീനായിരുന്നു പക്ഷേ കളയേണ്ടി വന്നെന്ന് ജൂഡ് ആന്തണി ജോസഫ്

2018 ല്‍ കേരളക്കര സാക്ഷിയായ പ്രളയത്തിന്റെ നേര്‍ക്കാഴ്ച വിവരിക്കുന്ന ചിത്രമാണ് ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ മെയ്യ് അഞ്ചിന് പുറത്തിറങ്ങിയ 2018 എവരിവണ്‍ ഈസ് എ ഹീറോ. 2018 സിനിമയില്‍ നിവിന്‍ പോളിക്കായി ഒരു കഥാപാത്രമുണ്ടായിരുന്നു എന്നും പിന്നീട് സ്‌ക്രിപ്റ്റ് എഡിറ്റിങ്ങില്‍ അത് വേണ്ടെന്ന് വയ്ക്കുകയുമായിരുന്നു എന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജൂഡ് പറഞ്ഞത്

'നിവിന്‍ പോളിയുടെ ഒരു മാസ്സ് എന്‍ട്രി ഉണ്ടായിരുന്നു ഈ പടത്തില്‍. ഞാനത് മാറ്റി. ഒരു സീനിനില്‍ മാത്രം ഒതുങ്ങുന്ന ഒരു കഥാപാത്രമായിരുന്നതിനാലാണത്. റോക്കറ്റ് ബസ്സ് എന്നത് സിനിമയില്‍ വലിയൊരു കഥാപാത്രമായിരുന്നു. റോക്കറ്റ് ബസ്സിനെ കാണുമ്പോള്‍ ടൊവിനോ പേടിച്ച് മാറുന്ന സീന്‍ ഒക്കെ ചിത്രത്തിലുണ്ടായിരുന്നു. ഒരു ഓള്‍ഡേജ് ഹോമിലെ ആളുകളെല്ലാം പെട്ട് കിടക്കുന്ന സ്ഥലം, അവിടേക്ക് ബോട്ടിന് എത്താന്‍ കഴിയുന്നില്ല. അങ്ങനെയുള്ള സമയത്ത് ഒരൊച്ച കേള്‍ക്കുന്നു, നോക്കുമ്പോള്‍ ബസ്സിന്റെ മുകളിലേക്ക് സൈലന്‍സര്‍ ഒക്കെ വെല്‍ഡ് ചെയ്ത് വച്ച് വൈപ്പര്‍ അടിച്ചു മാറുമ്പോള്‍ കാണുന്ന വണ്ടിയോടിച്ച് കൊണ്ടുള്ള നിവിന്‍ പോളിയുടെ എന്‍ട്രി. അതെനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട സീനായിരുന്നു. അതൊക്കെ കളയേണ്ടി വന്നു. അത്രയും ഡ്രാമ ചിത്രത്തിന് വേണ്ട. റിയലിസ്റ്റിക്കായി ഷൂട്ട് ചെയ്യാം എന്ന തീരുമാനത്തില്‍ ഒത്തിരി സീനുകള്‍ ഇങ്ങനെ വേണ്ടെന്ന് വച്ചിട്ടുണ്ട്'.

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, തന്‍വി റാം, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, ലാല്‍ നരേന്‍, ശിവദ, സുധീഷ് തുടങ്ങി നീണ്ട താരനിരയുമായിട്ടാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. മലയാള സിനിമയില്‍ ഇടക്കാലത്തുണ്ടായ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ചിത്രം മികച്ച രീതിയില്‍ കളക്ഷനും നേടുകയാണ്.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ജോര്‍ജ്.

Related Stories

No stories found.
logo
The Cue
www.thecue.in