ആദ്യം പൊലീസുകാരനായപ്പോള്‍ അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു, ജോണ്‍ ലൂഥറില്‍ അതില്ല : ജയസൂര്യ

ആദ്യം പൊലീസുകാരനായപ്പോള്‍ അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു, ജോണ്‍ ലൂഥറില്‍ അതില്ല : ജയസൂര്യ

ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണ്‍ ലൂഥര്‍. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ജയസൂര്യയെത്തുന്നത്. ആദ്യമായി പൊലീസ് വേഷത്തിലെത്തിയപ്പോള്‍ മുതല്‍ ആ കഥാപാത്രങ്ങളാകാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച് താരം 'ദ ക്യു'വിനോട് സംസാരിച്ചു.

ആദ്യമായി പോസിറ്റീവ് എന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തിയപ്പോള്‍ അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിരുന്നതിനാല്‍ അത് എങ്ങനെയാകുമെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്ന് ജയസൂര്യ പറഞ്ഞു. അപ്പോള്‍ പൊലീസുകാരനാണ് എന്ന് മറ്റുള്ളവരെയും വിശ്വസിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമുണ്ടായിരുന്നു. പിന്നീട് മുംബൈ പൊലീസ് എന്ന ചിത്രത്തിലെത്തിയപ്പോള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

മുംബൈ പൊലീസിലെ കഥാപാത്രം ജോലിയോട് പാഷണേറ്റ് ആയിരുന്നില്ല, ഫ്രണ്ട്ഷിപ്പും തമാശയും മറ്റുമായിരുന്നു പുള്ളിയുടെ ഇഷ്ടങ്ങള്‍ എന്നാല്‍ ഇപ്പോള്‍ ജോണ്‍ ലൂഥറിലെത്തുമ്പോള്‍ സ്വന്തം കുടുംബത്തേക്കാള്‍ ജോലിക്ക് വില കല്‍പ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേതെന്ന് ജയസൂര്യ പറഞ്ഞു. ഇതിലെ കഥാപാത്രം അമാനുഷികനല്ല നമ്മള്‍ സ്റ്റേഷനില്‍ പൊതുവെ കാണുന്ന ഒരു പോലീസുകാരനാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ വിശ്വസിപ്പിക്കുവാനും സ്വയം വിശ്വസിക്കാനും ഒന്നും ഈ പടത്തില്‍ ചെയ്തിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

കേസ് അന്വേഷണത്തിനിടെ കേള്‍വി ശക്തി നഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് ജോണ്‍ ലൂഥറിലേതെന്ന് ചിത്രത്തിന്റെ ട്രെയിലറിലുണ്ടായിരുന്നു. ആ കഥാപാത്രത്തിന്റെ ഡീറ്റയിലുകളെക്കുറിച്ചും ജയസൂര്യ സംസാരിച്ചു. സംസാരിക്കുമ്പോള്‍ ഐ കോണ്ടാക്ട് കുറയുകയും, ലിപ് റീഡ് ചെയ്യാന്‍ ശ്രമിക്കുകയുമെല്ലാമാണ് ആ കഥാപാത്രം ചെയ്യുന്നത്.

ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ജോണ്‍ ലൂഥറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. മെയ് 27നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in