സ്വന്തം ആല്‍ബത്തിന്റെ സിഡി തെരുവില്‍ വിറ്റാണ് കരിയര്‍ തുടങ്ങിയതെന്ന് സംഗീത സംവിധായകനും ഗായകനുമായ ഹിപ്പ് ഹോപ്പ് ആദി. തങ്ങള്‍ തെരുവ് കലാകാരന്മാരായിരുന്നു. അതുകൊണ്ട് വരുമാനവും അവിടെ നിന്നായിരുന്നു. 25 രൂപയ്ക്കാണ് അന്ന് സിഡി വിറ്റത്. അതിനു ശേഷമുള്ള യാത്ര വളരെ നീണ്ടതായിരുന്നു. ജീവിതത്തില്‍ നേട്ടമായി കരുതുന്നത് സുഹൃത്തുക്കളെയാണെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഹിപ്പ് ഹോപ്പ് ആദി പറഞ്ഞു.
ഹിപ്പ് ഹോപ്പ് ആദി പറഞ്ഞത്:
2005 ലാണ് ആദ്യമായി എന്റെ ഒരു മിക്‌സ് ടേപ്പ് റിലീസ് ചെയ്യുന്നത്. 'വിശ്വരൂപം ആരംഭം' എന്നായിരുന്നു അതിന്റെ പേര്. ഒഴിഞ്ഞ സിഡിയില്‍ എന്റെ പാട്ട് ചേര്‍ത്താണ് ആ മിക്‌സ് റിലീസ് ചെയ്തത്. പിന്നീട് അത് രണ്ടുരൂപയുടെ കവറിലാക്കി പ്രിന്റ് ഒട്ടിച്ച് എനിക്ക് അറിയാവുന്ന ആളുകള്‍ക്ക് വില്‍ക്കുകയായിരുന്നു. വലിയ ഷോ നടക്കുന്ന ഇടങ്ങളിലെല്ലാം ഈ സിഡി വില്‍ക്കാന്‍ പോകും. ആ ആല്‍ബത്തിന് ശേഷമാണ് ചെന്നൈയിലേക്ക് വരുന്നതും. ബീച്ചിലെല്ലാം പാട്ട് പാടിയ ശേഷം ഈ സിഡി വില്‍ക്കും. 25 രൂപയ്ക്കാണ് അന്ന് സിഡി വിറ്റത്. അങ്ങനെയാണ് എന്റെ ജീവിതം തുടങ്ങുന്നത്.
'മീസൈ മുറുക്ക്' എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഒരിക്കല്‍ എന്റെ സിഡി മധുരയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. മധുരയില്‍ ഞാന്‍ സിഡി വിറ്റിട്ടില്ല. എങ്ങനെയാണ് ചെന്നൈയില്‍ നിന്ന് സിഡി അവിടെ എത്തിയതെന്ന് അറിയില്ല. അങ്ങനെയാണ് ഞങ്ങളുടെ ടീം ഹിപ്പ് ഹോപ്പ് തമിഴാ എന്ന രീതിയില്‍ വളരുന്നത്. ഞങ്ങള്‍ തെരുവ് കലാകാരന്മാരായിരുന്നു. അതുകൊണ്ട് അവിടെ തന്നെ സിഡി വിറ്റാണ് ജീവിച്ചത്. അതില്‍ നിന്ന് ആദ്യമായി ഓണ്‍ലൈന്‍ റിലീസ് ചെയ്ത ആല്‍ബത്തിലേക്ക് തന്നെ വലിയ ദൂരമുണ്ട്. അവിടെ നിന്ന് സിനിമയിലെ മ്യൂസിക് ഡയറക്ടര്‍ ആയതും വലിയ യാത്രയായിരുന്നു. ഈ യാത്രയിലെല്ലാം കൂടെയുണ്ടായിരുന്നത് സുഹൃത്താക്കളാണ്. ഇപ്പോള്‍ സുഹൃത്തുക്കളുടെ വലിയ ഒരു കുടുംബം തന്നെയുണ്ട്. അവരാണ് ഹിപ്പ് ഹോപ്പ് തമിഴാ എന്ന ആശയം വിജയമാക്കിയത്. സുഹൃത്തുക്കളുടെയും ഫാന്‍സിന്റെയും ഈ വലിയ കുടുംബത്തെയാണ് ഞാന്‍ നേട്ടമായി കാണുന്നത്.