കേന്ദ്ര സര്‍ക്കാര്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ പരസ്യം വിവാദമാകുന്നു. ബോളിവുഡ് താരം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന പരസ്യം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. കാറില്‍ ആറ് എയര്‍ബാഗുകളുടെ ആവശ്യം വിശദീകരിക്കുന്ന പരസ്യമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
വിവാഹത്തിന് ശേഷം മകളെ യാത്ര അയക്കുന്ന അച്ഛനാണ് പരസ്യത്തിലുള്ളത്. മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറിലാണ് മകളെ യാത്രയാക്കുന്നത്. എന്നാല്‍ രണ്ട് എയര്‍ബാഗുകള്‍ ഉള്ള കാര്‍ ആണോ മകള്‍ക്ക് നല്‍കിയത് എന്ന് ചോദിച്ചത് അച്ഛനെ പരിഹസിക്കുന്ന പൊലീസുകാരനായാണ് പരസ്യത്തില്‍ അക്ഷയ് കുമാറുള്ളത്. പൂര്‍ണ്ണ സുരക്ഷയ്ക്ക് ആറ് എയര്‍ബാഗുകള്‍ വേണമെന്ന സന്ദേശമാണ് പരസ്യം നല്‍കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പരസ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
എന്നാല്‍ റോഡ് സുരക്ഷയുമായ ബന്ധപ്പെട്ട പരസ്യത്തില്‍ സ്ത്രീധനത്തിനെതിരെ തെറ്റായ സന്ദേശം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. 'റോഡ് സുരക്ഷയ്ക്കോ കാറിന്റെ സുരക്ഷാ സവിശേഷതകള്‍ക്കോ പകരം സ്ത്രീധനം എന്ന ദുഷിച്ച ക്രിമിനല്‍ നടപടി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സൃഷ്ടിക്കള്‍ക്കായി പണം മുടക്കുന്ന സര്‍ക്കാറാണിത്', എന്ന് വസേന എംപി പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.
അതേസമയം ദേശീയ റോഡ് സുരക്ഷാ ക്യാമ്പയിനിനോട് സഹകരിച്ച അക്ഷയ് കുമാറിനെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അഭിനന്ദിച്ചു. റോഡ് സുരക്ഷയുടെ കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.