
മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ റിലീസിനെത്തുന്ന ഫെബ്രുവരി 9മുതൽ തിയറ്ററുകളിൽ നിന്നുള്ള ഓഡിയൻസ് റിവ്യൂ എടുക്കുന്നത് സിനിമാ സംഘടനകൾ വിലക്കിയെന്ന വാർത്തകൾ വ്യാജപ്രചരണമെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണൻ. ബി. ഉണ്ണികൃഷ്ണൻന്റെ ഫോട്ടോ ഉൾപ്പെടുത്തി ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങൾ മുതൽ തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേർപ്പെടുത്തി സിനിമ സംഘടന" എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച്രുന്നു.
ഇത് 'ക്രിസ്റ്റഫർ' എന്ന ചിത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്ത മാത്രമാണെന്ന് ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഈ വാർത്തക്കെതിരേ നിയമ നടപടി സ്വീകരിച്ചതായും ഉണ്ണിക്കൃഷ്ണൻ ദ ക്യുവിനോട് പ്രതികരിച്ചു.
ബി ഉണ്ണിക്കൃഷ്ണന്റെ പ്രതികരണം
ഫെഫ്കയോ മറ്റേതെങ്കിലും സിനിമാ സംഘടനകളോ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ല. പ്രേക്ഷകരുടെ തിയറ്ററുകളിൽ നിന്നുള്ള പ്രതികരണം
വിലക്കിയെന്ന വാർത്തക്കൊപ്പം എന്റെ ഫോട്ടോ വച്ചുള്ള പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. മമ്മൂട്ടി, സ്നേഹ, ഐശ്വര്യലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഉണ്ണിക്കൃഷ്ണൻ ബി സംവിധാനം ചെയ്ത ക്രിസ്റ്റഫർ എന്ന ആക്ഷൻ ത്രില്ലറിലെ പ്രധാന താരങ്ങൾ. പ്രമാണി എന്ന സിനിമക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ബി ഉണ്ണിക്കൃഷ്ണൻ കൈകോർക്കുന്ന ചിത്രവുമാണ് ക്രിസ്റ്റഫർ. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി. ആർ ഡി ഇലുമിനേഷൻസിന്റെ ബാനറിൽ ബി ഉണ്ണിക്കൃഷ്ണൻ തന്നെയാണ് നിർമ്മാണം.
സിനിമയെ കുറിച്ച് നിരൂപണം എഴുതുന്നതല്ല മറിച്ച് സിനിമ കണ്ട് ഇറങ്ങി വരുന്ന പ്രേക്ഷകരോട് റിവ്യൂ ചോദിക്കുന്നതാണ് പ്രശ്‌നമെന്ന് ഫിയോക്ക് പ്രസിഡന്റ് കെ.വിജയകുമാര്‍. ഫിയോക് ജനറല്‍ ബോഡി ചേര്‍ന്ന് ഡിസംബറില്‍ തിയേറ്ററിന് അകത്ത് നിന്നുള്ള റിവ്യു നിരോധിക്കാന്‍ തീരുമാനം എടുത്തിരുന്നുവെന്നും വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.
വിജയകുമാര്‍ പറഞ്ഞത് :
2022 ഡിസംബര്‍ 7ന് ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡി, തിയേറ്ററിന് അകത്തുനിന്നുള്ള റിവ്യൂ ഇനി പാടില്ലെന്ന തീരുമാനം എടുത്തിരുന്നു. കാരണം ഒരു ചിത്രത്തെ കുറിച്ച് മനപ്പൂര്‍വ്വം മോശം റിവ്യൂ കൊടുക്കാന്‍ ആര്‍ക്കും തന്നെ അധികാരമില്ല. രണ്ടമാത്തെ കാര്യം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യു വരുകയാണ്. അതിന് അര്‍ത്ഥം മുന്‍ധാരണയോട് കൂടി ആരോ റിവ്യൂ ചെയ്യുന്നു എന്നതാണ്. അതുകൊണ്ട് ആ സംവിധാനം നിര്‍ത്തലാക്കാനായി കേരളത്തില്‍ തിയേറ്ററിനുള്ളില്‍ നിന്നുള്ള റിവ്യു അനുവദിക്കാന്‍ പാടില്ലെന്ന് ഫിയോക് അംഗങ്ങള്‍ക്ക് വളരെ കര്‍ശനമായി തന്നെ നിര്‍ദ്ദേശം കൊടുത്തിരുന്നു. എങ്കിലും അടുത്ത കാലത്തായ ചില തിയേറ്ററുകളില്‍ നിന്ന് റിവ്യൂകള്‍ പുറത്ത് വന്നിരുന്നു. അതേ തുടര്‍ന്നാണ് ഈ വിഷയത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയും ചേര്‍മ്പറും ചേര്‍ന്ന് തീരുമാനം എടുക്കാന്‍ പോകുന്നത്.
'ഒരു സിനിമയെ കുറിച്ച് നിരൂപണം ആര്‍ക്കും എഴുതാം. അതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ തിയേറ്ററിന് ഉള്ളില്‍ ക്യാമറയും കൊണ്ട് വന്ന് സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകരോട് റിവ്യു ചോദിച്ച് കൊടുക്കുന്നതാണ് പ്രശ്‌നം. അത് കാണുമ്പോള്‍ ആ റിവ്യു എല്ലാം തന്നെ സത്യസന്ധമാണെന്ന് ജനം വിശ്വസിക്കും. ആ പ്രതികരണം സത്യമാകാം നുണയാകാം. കാരണം ഓരോ പ്രേക്ഷകനും അവരുടെ അഭിരുചിക്ക് അനുസരിച്ചാണ് സിനിമകള്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും. എന്നാല്‍ സിനിമ മോശമാണെന്ന ഒരു നിഗമനത്തിലേക്ക് ആദ്യ ദിവസം തന്നെ എത്തുന്നത് തെറ്റാണ്. അതുകൊണ്ടാണ് തിയേറ്ററിന് ഉള്ളില്‍ നിന്നുള്ള റിവ്യൂ നിര്‍ത്തലാക്കാന്‍ തീരുമാനം എടുത്തത്', എന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
സിനിമ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ തിയേറ്ററില്‍ നിന്നും വരുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ക്കെതിരെ സിനിമ സംഘടനകള്‍ വിമര്‍ശനം മുന്‍പും അറിയിച്ചിരുന്നു. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയും ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ട്.