'ജോജുവിന്റെ വാഹനം തകര്‍ത്തു, ഗുണ്ട എന്ന് വിളിച്ചു'; പ്രതിഷേധമറിയിച്ച് ബി ഉണ്ണികൃഷ്ണന്‍

'ജോജുവിന്റെ വാഹനം തകര്‍ത്തു, ഗുണ്ട എന്ന് വിളിച്ചു'; പ്രതിഷേധമറിയിച്ച് ബി ഉണ്ണികൃഷ്ണന്‍

നടന്‍ ജോജുവിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച് ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍. ജോജുവിന്റെ വാഹനം തല്ലി തകര്‍ത്തതിലും സിനിമ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'വണ്ടിയുടെ അരികില്‍ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അതിന് വൈകാരികമായ തലമുണ്ട്. അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകര്‍ത്തു. രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ് കീഴടക്കിയ കലാകാരനെ 'ഗുണ്ട' എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പച്ചത്. ആ പ്രതിഷേധം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ജോജുവിനെ വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ട്.' - ബി ഉണ്ണികൃഷ്ണന്‍

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ ജോജു പ്രതിഷേധമറിയിച്ചിതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം. അതുവഴി യാത്ര ചെയ്യവെയാണ് ജോജു ജോര്‍ജ് സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചത്. മണിക്കൂറുകളോളം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെതിരെ ജോജു വിമര്‍ശനം അറിയിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ താരം സമരം ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ഒടുവില്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

സംഭവത്തില്‍ ജോജു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയാണ്. ഇതേ തുടര്‍ന്ന് പൊലീസ് ജോജുവിന് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇടപ്പള്ളി- വൈറ്റില ദേശീയപാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Related Stories

No stories found.
logo
The Cue
www.thecue.in