പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല, കാസ്റ്റിംഗ് കൗച്ച് നടന്നതായി അറിയില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒളിച്ചോടിയിട്ടില്ല; അമ്മ

പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല, കാസ്റ്റിംഗ് കൗച്ച് നടന്നതായി അറിയില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒളിച്ചോടിയിട്ടില്ല; അമ്മ
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് താര സംഘടന അമ്മ. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും കാസ്റ്റിംഗ് കൗച്ച് നടന്നതായി അറിയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പറഞ്ഞു. പവര്‍ ഗ്രൂപ്പ് ആരാണെന്ന് അറിയില്ല, പവര്‍ ഗ്രൂപ്പിലുള്ളവര്‍ ആരൊക്കെയാണെന്ന് ഹേമ കമ്മിറ്റിക്ക് പറയാം. ഒരു പവര്‍ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ല. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലെ സംഘടനകളിലെ രണ്ട് വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഓരോ കാലഘട്ടത്തില്‍ മാറി മാറി വരുന്ന സംഘടനകളുടെ ഭാരവാഹികളായിരുന്നു ആ കമ്മിറ്റിയിലുണ്ടായിരുന്നത്. അത് ഇപ്പോള്‍ നിലവിലില്ല. അതിനെക്കുറിച്ചാണോ പറയുന്നതെന്ന് അറിയില്ല. ഒരു ഹൈപവര്‍ കമ്മിറ്റിയാണ് എല്ലാം നിയന്ത്രിക്കുന്നതെങ്കില്‍ സിനിമ നിന്നു പോകും. ഇതിനു പിന്നില്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നു. അത് ഒരിക്കലും സാധിക്കില്ല. റിപ്പോര്‍ട്ടില്‍ അമ്മ ഒളിച്ചോടിയിട്ടില്ല. അമ്മയുടെ ഷോ നടക്കുന്നതിനാലാണ് പ്രതികരണം വൈകിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിപൂര്‍ണ്ണായി സ്വാഗതം ചെയ്യുന്നു. റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരല്ല. അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏതെങ്കിലും കുറ്റവാളികളെക്കുറിച്ച് പറയുന്നുണ്ടെങ്കില്‍ പോലീസ് കേസെടുക്കണം. അല്ലാതെ പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെക്കൂടി നാണംകെടുത്തുകയല്ല വേണ്ടത്. ആരാണ് കുറ്റവാളി, അവര്‍ പുറത്തു വരട്ടെ. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

കാസ്റ്റിംഗ് കൗച്ച് നടന്നിട്ടുണ്ടോ എന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. അമ്മയ്ക്ക് ഇതേക്കുറിച്ച് അറിയില്ല. ആരെങ്കിലും പരാതി പറയുകയാണെങ്കില്‍ തീര്‍ച്ചയായും നടപടിയെടുക്കും. തിലകന്റെ മകള്‍ പറഞ്ഞതിനെ ബഹുമാനപൂര്‍വം സ്വാഗതം ചെയ്യുന്നു. ആ കുട്ടിക്കുണ്ടായ അനുഭവം വളരെ മനോഹരമായി കൈകാര്യം ചെയ്തുവെന്ന് സിദ്ദിഖ് പറഞ്ഞു. എന്നാല്‍ തിലകന്റെ മക്കള്‍ സംഘടനയ്ക്ക് പരാതി നല്‍കിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. സിനിമയെ മൊത്തത്തില്‍ പൊതുവല്‍ക്കരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നതെന്ന പരാമര്‍ശവും സിദ്ദീഖ് നടത്തി. സംഘടനയിലെ അംഗങ്ങളെ ഭൂരിഭാഗം പേരെയും ഹേമ കമ്മിറ്റി മൊഴിയെടുക്കാന്‍ വിളിച്ചിട്ടില്ല. തന്നെ വിളിച്ചില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ വിളിച്ചെങ്കിലും പ്രതിഫലം സംബന്ധിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് അവരോട് സംസാരിച്ചത്. ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കാനാവില്ല. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായവരെയാണ് ആദ്യം പരിഗണിക്കുന്നത്. അവരെ ലഭ്യമായില്ലെങ്കില്‍ മാത്രമാണ് മറ്റുള്ളവരെ തെരഞ്ഞെടുക്കുക. പാര്‍വതിക്ക് സിനിമയില്‍ ഇടവേളയുണ്ടായ കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

അമ്മയുടെ പ്രതികരണം വൈകിയെന്ന വിമര്‍ശനത്തിലും സിദ്ദിഖ് വിശദീകരണം നല്‍കി. അമ്മ ഷോയുമായി ബന്ധപ്പെട്ട തിരക്കായതിനാലാണ് പ്രതികരണം വൈകിയത്. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തില്ല. നേതൃത്വത്തിലുള്ളവരുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോടിയിട്ടില്ല. തങ്ങളുടെ അംഗങ്ങള്‍ തൊഴിലിടത്തില്‍ സുരക്ഷിതമായിരിക്കണമെന്നത് തങ്ങളുടെ കൂടി ആവശ്യമാണ്. റിപ്പോര്‍ട്ട് പുറത്തു വരുന്നതിനെ സംഘടന എതിര്‍ത്തിട്ടില്ല. അതേസമയം മലയാള സിനിമയിലുള്ളവരെല്ലാവരും മോശക്കാരാണെന്ന അര്‍ത്ഥത്തില്‍ വന്ന സാമാന്യവത്കരണത്തില്‍ വിഷമമുണ്ട്. മാധ്യമങ്ങള്‍ സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിലും സങ്കടമുണ്ട്. 2006ല്‍ നടന്ന ഒരു സംഭവത്തില്‍ 2018ല്‍ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. താനന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം മാത്രമായിരുന്നു. ആ പരാതി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അന്ന് നടപടിയെടുക്കാത്തത് തെറ്റായിപ്പോയി. ലൈഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വേട്ടക്കാരുടെ പേര് പുറത്തു വിടണമെന്നും കേസെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ സംഘടന ആലോചിച്ച് തീരുമാനമെടുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in