'എന്നെ തളര്‍ത്തുകയാണ് അവരുടെ ഉദ്ദേശം'; വസ്ത്രം ധരിച്ചെന്ന് അറിഞ്ഞിട്ടും ആക്രമിച്ചപ്പോഴാണ് പ്രതികരിച്ചതെന്ന് ഭാവന

'എന്നെ തളര്‍ത്തുകയാണ് അവരുടെ ഉദ്ദേശം'; വസ്ത്രം ധരിച്ചെന്ന് അറിഞ്ഞിട്ടും ആക്രമിച്ചപ്പോഴാണ് പ്രതികരിച്ചതെന്ന് ഭാവന

വസ്ത്ര ധാരണത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് നടി ഭാവന. താന്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് മനസിലാക്കിയിട്ടും വ്യക്തിഹത്യ നടത്തുന്നവരുടെ ഉദ്ദേശം തന്നെ തളര്‍ത്തുക എന്നതാണെന്നും ഭാവന റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഉള്ളില്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിച്ച് ആക്രമണം തുടര്‍ന്നപ്പോഴാണ് തനിക്ക് പ്രതികരിക്കണമെന്ന് തോന്നിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഇത് ശരിക്കും സെപ്റ്റംബര്‍ 20ന് നടന്ന ഒരു പരിപാടിയാണ്. ആദ്യത്തെ രണ്ട് ദിവസം ഇതേ കുറിച്ച് ആരും ഒന്നും പറഞ്ഞ് കണ്ടില്ല. പിന്നെ പെട്ടന്നാണ് ഇത് ഭയങ്കര വൈറലായത്. അതോടൊപ്പം മോശമായ അഭിപ്രായങ്ങളും കമന്റുകളും വരുന്നു. ഞാന്‍ ധരിച്ചിരുന്നത് എല്ലാ സ്ത്രീകളും ഉപയോഗിക്കുന്ന വസ്ത്രം തന്നെയാണ്. അത് കാണുമ്പോള്‍ മനസിലാകും. നമ്മള്‍ വേറെ ഏതെങ്കിലും ഒരു വസ്ത്രം ധരിക്കുമ്പോള്‍ ഉള്ളില്‍ ഇടുന്ന ഒരു സാധനമാണത്. അത് ബ്രൗണ്‍ കളര്‍ ഡ്രെസാണ്. അത് ഒരാളുടെ ശരീരം കാണുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ. ഉള്ളില്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് മനസിലാകുന്നുണ്ട് ആള്‍ക്കാര്‍ക്ക്. അതോടൊപ്പം തന്നെ അവര്‍ ഉള്ളില്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് കമന്റുകളും വരുന്നുണ്ട്. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിച്ചിട്ടാണ് പിന്നെയും മോശം രീതിയില്‍ കമന്റുകള്‍ വന്നുകൊണ്ടിരുന്നത്. അത് കാണുമ്പോള്‍ എനിക്കൊരു ചെറിയ വിഷമം തോന്നിയിരുന്നു', ഭാവന വ്യക്തമാക്കി.

'പിന്നെ ഞാനെന്നല്ല ആരും വെറുതെ ഒരു തുണി ഉടത്തിട്ട് പുറത്തേക്ക് പോകില്ലല്ലോ. അത് വസ്ത്രം തന്നെയാണ് എന്ന് മനസിലാക്കിയിട്ടും ആക്രമണം തുടര്‍ന്നപ്പോള്‍ ഇതെന്താണ് ഇങ്ങനെയെന്ന് തോന്നിയിരുന്നു. ഇതില്‍ നിന്ന് എന്നെ തളര്‍ത്തുക എന്ന ഉദ്ദേശമാണ് അവരുടെത് എന്ന് മാത്രമെ മനസിലാക്കാന്‍ സാധിക്കുകയുള്ളു. കാരണം ഒരുപാട് പേര്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടും പിന്നെയും മോശം കമന്റുകള്‍ വരുമ്പോള്‍ നമുക്ക് അങ്ങനയെ ആലോചിക്കാന്‍ സാധിക്കുകയുള്ളു'വെന്നും ഭാവന പറയുന്നു.

'എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, ഉറക്കം നടക്കുന്നവരെ നമുക്ക് വിളിച്ചുണര്‍ത്താന്‍ പാടാണ് എന്ന്. അത് ശരിയാണെന്ന് എനിക്ക് തോന്നി. ഒരു മനുഷ്യന്റെ ശരീരം കാണുമ്പോള്‍ നമുക്ക് അറിയാമല്ലോ. അത് മനസിലാക്കിയിട്ടും പിന്നെയും വ്യക്തിഹത്യ നടത്തിയപ്പോഴാണ് ഇത് മനപൂര്‍വം നടത്തുന്ന ആക്രമണമാണോ എന്ന് എനിക്ക് തോന്നിയത്. പിന്നെ സത്യസന്ധമായി ഞാന്‍ വസ്ത്രം ധരിച്ചിരുന്നില്ലെന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍ അത് അവര്‍ക്ക് മനസിലാകട്ടെ എന്ന് കരുതിയാണ് ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമില്‍ അങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത്', ഭാവന കൂട്ടിച്ചേര്‍ത്തു.

'ആദ്യം ഞാന്‍ വിചാരിച്ചത് ഞാന്‍ വസ്ത്രം ധരിച്ചിരുന്നു എന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് തന്നെയായിരുന്നു. പക്ഷെ എന്നെ അറിയുക പോലും ചെയ്യാത്ത ആളുകള്‍ ഇത്തരത്തില്‍ ജഡജ് ചെയ്യുകയാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ ഒരുപാട് വേദനിച്ചിട്ടുള്ള ഒരാളാണ്. എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളെ പറ്റി ഇങ്ങനെ പറയാന്‍ സാധിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഇത് വിട്ട് കളയാം എന്ന് തന്നെയാണ് കരുതിയത്. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിക്കേണ്ടി ഇരിക്കുന്നു എന്ന് മനസിലാക്കിയപ്പോഴാണ് ഞാന്‍ ആ പോസ്റ്റ് പങ്കുവെച്ചതെ'ന്നും നടി പറഞ്ഞു.

ദുബായില്‍ ഗോള്‍ഡന്‍ വിസ വാങ്ങാനായി എത്തിയപ്പോള്‍ ശരീരത്തിന്റെ നിറമുളള സ്ലിപ്പും വെളുത്ത ടോപ്പുമായിരുന്നു ഭാവന ധരിച്ചിരുന്നത്. ഈ വസ്ത്രത്തിലുളള ഫോട്ടോയും വീഡിയോയുമാണ് വ്യാപകമായി പ്രചരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in