അവസരങ്ങളുടെ വാതിൽ പന്ത് തട്ടി തുറന്ന് മമ്മൂട്ടി; 'ആട്ടക്കള' പദ്ധതിക്ക് തുടക്കമായി

അവസരങ്ങളുടെ വാതിൽ പന്ത് തട്ടി തുറന്ന് മമ്മൂട്ടി; 'ആട്ടക്കള' പദ്ധതിക്ക് തുടക്കമായി

ഗോത്രവർ​ഗ സമൂഹത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം സാധ്യമാക്കാനും ലഹരി ഉപയോ​ഗം തടയാനും ലക്ഷ്യമിടുന്ന 'ആട്ടക്കള' പദ്ധതിക്ക് തുടക്കം കുറിച്ച് മമ്മൂട്ടി. ഗോത്ര സമൂഹത്തിൽ നിന്നും ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കാനും ലഹരി വിമുക്ത സമൂഹം കെട്ടിപ്പെടുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ചേർന്ന് എഫ്13 അക്കാദമിയുടെ സഹായത്താൽ ആവിഷ്‌കരിച്ച 'ആട്ടക്കള' പരിപാടിക്കാണ് ചൊവ്വാഴ്ച ഏലൂർ ഗ്രൗണ്ടിൽ പന്ത് തട്ടി നടൻ മമ്മൂട്ടി തുടക്കം കുറിച്ചത്. 'ആട്ടക്കള' പദ്ധതി ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് അവസരങ്ങളുടെ വാതിലുകളാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മമ്മൂട്ടി പറഞ്ഞു.

ഏറെ കായിക ക്ഷമതയുള്ളവരാണ് ആദിവാസി വിഭാഗങ്ങളിലുള്ള കുട്ടികൾ, എന്നാൽ മറ്റുള്ളവർക്കുള്ള സൗകര്യങ്ങളും അവസരങ്ങളും അവർക്ക് ഇന്നും അപ്രാപ്യമാണെന്ന് മമ്മൂട്ടി പറയുന്നു. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ അവരെ ഫുട്ബോൾ കളിയിലേയ്ക്ക് തിരിച്ചു വിടുകയാണ് പദ്ധതിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13th ഫൗണ്ടേഷനിലൂടെയാണ് ആദിവാസി കുട്ടികളിലെ ഫുട്ബോൾ പരിശീലനം സാധ്യമാക്കുന്നത്. ലഹരിക്കെതിരെ കെയർ ആന്റ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷന്റെ 'പൂർവികം', 'വഴികാട്ടി', എന്നീ പദ്ധതികളിൽ നിന്നും വ്യത്യസ്തവും പുതുമയാർന്നതുമായ ഒരു സംരംഭമാണ് 'ആട്ടക്കള' എന്ന് ഉദ്ഘാടനത്തിൽ നടൻ മമ്മൂട്ടി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം, മികച്ച കോച്ചുകൾക്കൊപ്പം അത്യാധുനിക രീതിയിലുള്ള പരിശീനം., വ്യക്തിത്വ വികസനം, പോഷകാഹരത്തിന്റെ ലഭ്യത തുടങ്ങി കുട്ടികളുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള ഒട്ടേറ പദ്ധതികളാണ് ഇതിലൂടെ ആസൂത്രണം ചെയ്യുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.

കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ, എൻ.പി. പ്രദീപ്, അരുൺ അരവിന്ദാക്ഷൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി റിലേഷൻ ജനറൽ മാനേജർ ജോസ് പോൾ, ബാബു തൊട്ടുങ്ങൽ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഭാസ്‌ക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in