മാധ്യമങ്ങള്‍ പണിമുടക്കിനെ എങ്ങനെ വില്ലനാക്കി?

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷ-ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് അസംബന്ധ നാടകമെന്ന നിഗമനത്തിലാണോ?

എങ്കില്‍ ചില ചോദ്യങ്ങള്‍?

എന്തിനായിരുന്നു കേന്ദ്ര ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്? തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങള്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നോ പണിമുടക്ക്? പുതിയ ലേബര്‍ കോഡ് പ്രകാരം മിനിമം വേതനം എത്രയാണ്? തൊഴില്‍ സമയത്തിലടക്കം എന്തെല്ലാം പുനക്രമീകരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്? ഇതില്‍ എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാം. കേന്ദ്ര ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത എത്ര കാരണങ്ങള്‍ അറിയാം.

സമീപകാലത്തെ ഏറ്റവും വലിയ അക്രമ സംഭവങ്ങള്‍ ഈ പണിമുടക്കിന് ഇടയിലാണ് നടന്നതെന്ന് കരുതുന്നുണ്ടോ? ഈ പണിമുടക്ക് ജനജീവിതം ദുസഹമാക്കി, സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി, രാജ്യം കണ്ട വലിയ അനീതി എന്നൊക്കെ തോന്നുന്നുണ്ടോ?

എങ്കില്‍ അവിടെയൊരു പ്രശ്നമുണ്ട്, അത് മാധ്യമ അജണ്ടയിലെ പ്രശ്നം കൂടിയാണ്.

പണവും അധികാരവും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെയും അവര്‍ ഒഴിവാക്കുന്ന വാര്‍ത്തകളെയും സ്വാധീനിക്കുന്നുണ്ടെന്ന് നോം ചോംസ്‌കിയും എഡ്വാര്‍ഡ് എസ്.ഹെര്‍മ്മനും ചേര്‍ന്നെഴുതിയ മാനുഫാക്ടറിങ്ങ് കണ്‍സെന്റ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. വാര്‍ത്തകളിലൂടെ പ്രബല വിഭാഗത്തിനും ഭരണകൂടത്തിനും അനുകൂലമായ ഒരു കണ്‍സെന്റ് മാധ്യമങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ് എന്നാണ് ചോംസ്‌കി പറയുന്നത്.

ഉദാഹരണത്തിന് കേരളത്തിലെ ഭൂരിഭാഗം മുഖ്യധാരാ മാധ്യമങ്ങളും സമരത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എത്ര സമയം ചിലവഴിച്ചു, അല്ലെങ്കില്‍ അത്തരമൊരു ചര്‍ച്ച ഇവിടെയുണ്ടായോ. ആ ചര്‍ച്ച മനപൂര്‍വ്വമോ അല്ലാതെയോ ഒഴിവാക്കുന്നത് വഴി ഭരണകൂടത്തിന്റെ താത്പര്യം തന്നെയല്ലേ സംരക്ഷിക്കപ്പെട്ടത്.

അധികാരത്തിലിരിക്കുന്നവരുടെ തന്നെ സ്വരമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഇതിനൊരു പ്രധാന കാരണം ഓണര്‍ഷിപ്പാണെന്ന് ചോംസ്‌കി പറയുന്നത്. വന്‍കിട കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് തൊഴിലാളി സമരത്തോടും പണിമുടക്കിനോടും ഐക്യപ്പെടാനാകുക. ഇന്ത്യയിലെ ഭൂരിഭാഗം മുഖ്യധാര മാധ്യമങ്ങളും വന്‍കിട കോര്‍പ്പറേറ്റ് ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ്.

മറ്റൊന്ന് പ്രൈമിങ്ങാണ്. അതായത് മീഡിയ എന്ത് വിഷയത്തിലാണ് ഊന്നല്‍ നല്‍കിയത് എന്നത്. ബഹുഭൂരിപക്ഷം തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെക്കുറിച്ചും പണിമുടക്ക് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളെക്കുറിച്ചും അവര്‍ മിണ്ടിയില്ല. പകരം ചില അക്രമ സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി. അത് മാത്രം ചര്‍ച്ചയ്ക്കെടുത്തു. ഇത് ജനങ്ങളുടെ ഇടയിലും സ്വാധീനമുണ്ടാക്കുന്നതാണ്.

മറ്റൊന്ന് ഫ്രെയ്മിങ്ങാണ്. എത്തരത്തിലാണ് സബ്ജക്ടുകളെ പ്രസന്റ് ചെയ്യുന്നതെന്ന്. ഉദാഹരണത്തിന് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം തന്നെ എടുത്താല്‍ മതി. പണിമുടക്ക് ദിനത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അക്രമ സംഭവങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുന്നതും ഫ്രെയ്മിങ്ങിന് ഉദാഹരണമാണ്.

എത്തരത്തിലാണ് ന്യൂസ് കണ്ടന്റ് ഉണ്ടാക്കുന്നത്്. അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍, ഫ്രെയിമുകള്‍, എന്നതെല്ലാം ഘടകങ്ങളാണ്. ഇത് ആളുകളുടെ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നു. പണിമുടക്കുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ തൊഴില്‍ അവകാശങ്ങള്‍ക്ക് പുല്ലുവില പോലും കൊടുക്കാത്ത മുതലാളിമാരെ വിളിച്ചിരുത്തുന്നതും ഈ ഫ്രെയിമിങ്ങിന്റെ ഭാഗമാണ്.

മേല്‍ പറഞ്ഞ രണ്ട് കാര്യങ്ങളും അജണ്ട സെറ്റിങ്ങ് തിയറിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എല്ലാ മാധ്യമങ്ങള്‍ക്കും ഒരു പ്രത്യേക അജണ്ടയുണ്ട്. അതിലൂടെയാണ് അവ പ്രവര്‍ത്തിക്കുന്നത്. അത് ബോധപൂര്‍വ്വമോ അല്ലാതെയോ ആയിരിക്കാം.

പൊതുജനം എന്ത് ചിന്തിക്കണമെന്ന് മീഡിയ ഡിസൈന്‍ ചെയ്ത് എടുക്കുന്നതിനെയാണ് അജണ്ട സെറ്റിങ്ങ് എന്ന് പറയുന്നത്. അതായത് പൊതുപണിമുടക്ക് അനാവശ്യമെന്നൊരു നരേറ്റീവ് അവര്‍ക്ക് ഉണ്ടാക്കണമെങ്കില്‍ എളുപ്പത്തില്‍ അതാകാം. 1972 ലാണ് ഈ തിയറി ഉണ്ടാകുന്നത്.

നമ്മള്‍ എത്ര സമയം ആ വിഷയത്തിന് മേല്‍ ചിലവഴിക്കുന്നു, ഏത് സമയത്താണ് ആ സ്റ്റോറി നല്‍കുന്നത്, എത്ര സ്പേസ് അതിന് നല്‍കുന്നു എന്നതെല്ലാം വിഷയമാണ്. ഉദാഹരണത്തിന് അക്രമ സംഭവങ്ങളെ ചിത്രീകരിക്കുന്നതിന്റെ അതേ സമയം നമ്മുടെ മാധ്യമങ്ങള്‍ ഈ പണിമുടക്കില്‍ തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളെക്കുറിച്ച് കൂടി പറഞ്ഞിരുന്നെങ്കില്‍ എന്നാലോചിച്ച് നോക്കൂ. അങ്ങനെയെങ്കില്‍ എന്തിനാണ് ഈ പണിമുടക്ക് എന്ന് ചുരുങ്ങിയ പക്ഷം ജനത്തിന് മനസിലായേനെ.

ലേബര്‍ കോഡ് വഴി വരുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ തിരിച്ചറിഞ്ഞേനെ. വര്‍ഷങ്ങളുടെ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ പതിയെ ഇല്ലാതാകുന്നതിനെക്കുറിച്ച് ബോധ്യമായേനെ. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലെ പ്രശ്നങ്ങള്‍ മനസിലായേനെ. സമരത്തിനിടയില്‍ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിക്കുകയല്ല, പക്ഷേ അത്രത്തോളം തന്നെ പ്രധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തത്.

സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും താത്പര്യം ഒന്നാകുന്നത് ജനാധിപത്യത്തിന് നന്നല്ല.

തൊഴിലാളികള്‍ അത്രമേല്‍ ദുരിതത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍, പെട്രോളിന് റെക്കോഡ് വില എണ്ണി കൊടുക്കുമ്പോള്‍, അവശ്യ വസ്തുക്കള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ വാങ്ങേണ്ടി വരുമ്പോള്‍ ഒന്നുമില്ലാത്ത രോഷം എന്തുകൊണ്ട് സെല്ക്ടീവായി ഒരു പണിമുടക്കിന്റെ സമയത്ത് ഉയരുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കുക തന്നെ വേണം.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഒരക്ഷരം ഇവിടുത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മിണ്ടിയിട്ടില്ല. മറിച്ച് തികഞ്ഞ തൊഴിലാളി വിരുദ്ധതയാണ് ഓരോ വാക്കിലും നിഴലിച്ച് നിന്നത്. പണിമുടക്കരുതെന്ന് ഒരു ജനാധിപത്യ രാജ്യത്തില്‍ എങ്ങനെയാണ് പറയാനാകുക. മാസങ്ങള്‍ മുന്നേ മുന്നറിപ്പ് കൊടുത്താണ് പണിമുടക്ക് നടത്തിയത് തന്നെ.

Related Stories

No stories found.
logo
The Cue
www.thecue.in