പൊതുമരാമത്ത് മന്ത്രി ഫീല്‍ഡില്‍ കൂടി ഉണ്ടാകേണ്ട ആളാണ്,'വില്ലനാ'ക്കാന്‍ നോക്കിയാല്‍ അതില്‍ വീഴില്ല :മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിമുഖം

തനിക്കെതിരെയുള്ള വ്യക്തിഹത്യകളിലും, അധിക്ഷേപങ്ങളിലും കേരളം എന്താണോ ചിന്തിക്കുന്നത് അതേ ചിന്തയാണ് തനിക്കെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം അധിക്ഷേപങ്ങള്‍ ജനങ്ങള്‍ വിലയിരുത്തിക്കോളുമെന്നും ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ 'മുഖ്യമന്ത്രിയുടെ മരുമകന്‍' എന്ന നിലയിലേക്ക് വ്യാഖ്യാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ കാര്യമാക്കാറില്ല. അത്തരം ഫ്രെയിമുകളിലൊന്നും താന്‍ വീഴില്ല.

കേരളത്തിലെ റോഡുകളുടെ പരിപാലനത്തിന് നിലവിലുള്ള നിയമങ്ങള്‍ തന്നെ നടപ്പാക്കിയാല്‍ മതി. റോഡ് പരിപാലന കാലാവധി (ഡി.എല്‍.പി) ബോര്‍ഡ് സ്ഥാപിക്കാനുള്ള തീരുമാനം നിലവിലുള്ള നിയമം തന്നെ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ റോഡ് പരിപാലന കാലാവധി ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെ പിന്തുണയാണ് നല്‍കിയതെന്നും മുഹമ്മദ് റിയാസ്.

റോഡിന്റെ കാര്യത്തിലും റസ്റ്റ് ഹൗസുകളുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ജാഗ്രത ഉയര്‍ത്താനും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനുമാണ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. പൊതുമരാമത്ത് മന്ത്രി ഫീല്‍ഡില്‍ കൂടി ഉണ്ടാകേണ്ട ആളാണ്.

ഞാന്‍ എല്ലാ എം.എല്‍.എമാരുടെയും മന്ത്രിയാണ്, ഭരണകക്ഷിയുടെ മാത്രം മന്ത്രിയല്ല. എല്ലാവരെയും തുല്യമായാണ് കാണുന്നത്. 140 എം.എല്‍.എമാരെയും കേള്‍ക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എല്‍ഡിഎഫ്് സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല നീങ്ങുന്നത്. ഉത്തരവാദിത്വം ഏല്‍പ്പിച്ച പ്രസ്ഥാനം പഠിപ്പിച്ച കാര്യങ്ങളാണ് ചെയ്യുന്നത്. പാര്‍ലിമെന്ററി രംഗത്ത് എത്തുമ്പോള്‍ എല്ലാവരെയും ഒരുപോലെ കാണാന്‍ പഠിപ്പിച്ച പ്രസ്ഥാനമാണ് ഇക്കാര്യത്തില്‍ പിന്‍ബലം.

Related Stories

No stories found.
logo
The Cue
www.thecue.in