എങ്ങനെയാണ് ഒരു വസ്തു പുരാവസ്തുവാകുന്നത്?

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പാണ് ചര്‍ച്ചാവിഷയം. സിനിമാതാരങ്ങളും പോലീസ് ഉദ്യോഗസ്ഥരുമടക്കം സമൂഹവുമായി നിരന്തരം ഇടപെടുന്ന മറ്റ് പല ആളുകളും അയാളുടെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും നിരന്തരം ഇരകളായിരുന്നു. ഇങ്ങനെയൊരു സംഭവം പുറത്തുവന്നപ്പോൾ എങ്ങനെയാണ് ഒരു വസ്തുവിനെ പുരാവസ്തുവായി കണക്കാക്കുന്നത് എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. അതിന് എന്തൊക്കെ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് നമുക്ക് പരിശോധിക്കാം.

1972 ലെ Antiquities and Art Treasures Act ആണ് ഒരു വസ്തു പുരാവസ്തുവാണോ അല്ലെയൊ എന്ന് നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത്. ഈ ആക്ട് പ്രകാരമുള്ള നിരവധി നടപടി ക്രമങ്ങളും പാലിക്കേണ്ടതുണ്ട്.1976 ഏപ്രില്‍ മുതല്‍ക്കേ ഇങ്ങനൊരു നിയമം പ്രാബല്യത്തിലുണ്ട്.

ഈ നിയമപ്രകാരം എന്തെല്ലാം പുരാവസ്തുക്കളായി കണക്കാക്കാമെന്ന് നമുക്ക് നോക്കാം.

ഒരു വസ്തുവിനെ പുരാവസ്തുവായി നിര്‍വചിക്കാന്‍ അതിന് കുറഞ്ഞത് 100 വര്‍ഷമെങ്കിലും പഴക്കമുണ്ടാകണമെന്നാണ് നിയമം. നാണയങ്ങള്‍, ശില്‍പ്പങ്ങള്‍, പെയിന്റിങ് ഇതുകൂടാതെ പഴയകാല കെട്ടിടങ്ങളില്‍ നിന്നോ നിര്‍മാണങ്ങളില്‍നിന്നോ അടര്‍ന്ന ഭാഗങ്ങള്‍, കലാ,സാംസ്‌കാരിക വസ്തുക്കള്‍ എന്നിവയെല്ലാം ഇതില്‍ പെടും.

ഇനി കയ്യെഴുത്തുപ്രതികളോ മറ്റ് രേഖകളോ ആണെങ്കില്‍ കുറഞ്ഞത് 75 വര്‍ഷമെങ്കിലും പഴക്കമുണ്ടാകണം.

ഇങ്ങനെയാണ് പുരാവസ്തുക്കളെ നിര്‍ണയിക്കുന്നത്.

ഇനി ഇവയോട് അനുബന്ധമായ മറ്റ് കാര്യങ്ങള്‍ പരിശോധിക്കാം.

ഇവയെയെല്ലാം വെറുതെ അങ്ങ് പുരാവസ്തുക്കളെണെന്ന് പറഞ്ഞാല്‍ കാര്യമില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍, ഇവയുടെ കാലപ്പഴക്കം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷം ഉത്തരവിറക്കണം. എന്നിട്ട് കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി പുരാവസ്തുവിനെ അംഗീകരിക്കണം. ഇത്രയും കടമ്പ കടന്നാലാണ് ഒരു വസ്തു ഔദ്യോഗികമായി ഒരു പുരാവസ്തുവാകുന്നത്.

ഇനി ഒരു പുരാവസ്തു കയ്യില്‍വെക്കണമെങ്കില്‍ അതിനും വേണം രജിസ്‌ട്രേഷന്‍. കൈവശം വെക്കുന്നതിന് വിജ്ഞാപനമിറങ്ങി 3 മാസവും, വാങ്ങുന്നവര്‍ 15 ദിവസത്തിനുള്ളിലും അവയെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.

എന്തൊക്കെയാണ് ഇവയോടനുബന്ധിച്ചുള്ള ശിക്ഷകൾ

കേന്ദ്ര ഗവണ്മെന്റിനോ അല്ലെങ്കിൽ അവർ അംഗീകരിച്ച ഏജൻസികൾക്കോ മാത്രമേ പുരാവസ്തുക്കളെ കയറ്റുമതി ചെയ്തയക്കാനുള്ള അധികാരമുള്ളൂ. ഇവയെയെല്ലാം മറികടന്ന് ഒരാൾ ഒരു പുരാവസ്തുവിനെ കയറ്റുമതി ചെയ്യുവാനായി ശ്രമിക്കുകയാണെങ്കിൽ, കസ്റ്റംസ് ആക്ട് പ്രകാരം 6 മാസം മുതൽ 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്. മാത്രമല്ല, പുരാവസ്തുക്കളുടെ നിർണ്ണയം നടത്താൻ വരുന്ന ഉദ്യോഗസ്‌ഥരെ തടയുന്നത് വരെ കുറ്റമാണ്. 6 മാസം തടവും പിഴയുമാണ് അതിനുള്ള ശിക്ഷ.

ഇനി കേസിലേക്ക് വരാം. മോന്‍സണ്‍ മാവുങ്കലിന്റെ കയ്യിലുണ്ടായിരുന്നതെല്ലാം പുരാവസ്തുക്കളെല്ലെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞുകഴിഞ്ഞു. കൂടാതെ, മോന്‍സണ് ശില്പങ്ങളും വസ്തുക്കളും നിര്‍മിച്ചുനല്‍കിയ പല ആളുകളും ഇപ്പോള്‍ അയാള്‍ക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഈ ഡ്യൂപ്ലിക്കേറ്റ് വസ്തുക്കള്‍ക്കാണ് നമ്മുടെ പോലീസ് സുരക്ഷയും ബീറ്റ് ബുക്കും ഏര്‍പ്പെടുത്തിയത് എന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം. ഒരു വസ്തു പുരാവസ്തുവാണെന്ന് നിര്‍ണയിക്കാാന്‍ കൃത്യമായ നിയമങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് മോന്‍സന്റെ കാര്യത്തില്‍ അതൊന്നും ഇതുവരെ പരിശോധിച്ചില്ലെന്ന് ഗുരുതരമായ കൃത്യവിലോപമാണ്.

Related Stories

No stories found.