ഒരു വരി പൊട്ടിച്ചോട്ടെ; 'ജോജി'യിലെ ജോമോന്റെ ഫേവറൈറ്റ് ഡയലോഗിനെക്കുറിച്ച് ബാബുരാജ്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'ജോജി' എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. സിനിമയിലെ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് നടൻ ബാബുരാജ്. സാൾട്ട് ആൻഡ് പേപ്പറിലെ കുക്ക് ബാബുവിന് ശേഷം ബാബുരാജ് എന്ന നടന് ക്ലിക്ക് കിട്ടുന്ന മറ്റൊരു കഥാപാത്രമായിരുന്നു ജോജിയിലെ ജോമോൻ. സിനിമയിലെ ഒരു രംഗത്തിൽ ബാബുരാജ് പറയുന്ന ഒരു ഡയലോഗ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ജോമോന്റെ മാന്വൽ മനസ്സാക്ഷിയാണ് എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അപ്പൻ മരിക്കുമ്പോൾ പടക്കം പൊട്ടിക്കുവാനായി ഷമ്മി തിലകന്റെ കഥാപാത്രത്തോട് അനുവാദം ചോദിക്കുന്ന സംഭാഷണമാണ് തനിക്ക്‌ ഏറ്റവും ഇഷ്ട്ടപെട്ടതെന്ന് ബാബുരാജ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

ബാബുരാജ് അഭിമുഖത്തിൽ പറഞ്ഞത്

ഒരു വരി ഞാൻ പൊട്ടിച്ചോട്ടെയെന്ന് ഞാൻ ഷമ്മിയോട് ചോദിക്കുന്നുണ്ട്, ഈ ഡയലോഗാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. എന്തൊരു പവറാല്ലെയെന്ന് കൂടി പറയുവാൻ ശ്യാമും ദിലീഷും പറഞ്ഞു. ആ ഡയലോഗിലൂടെ അപ്പൻ പറഞ്ഞ് കേട്ടിരിക്കുന്ന ഡയലോഗാണ് ജോമോനും പറയുന്നത്. അപ്പൻ മരിക്കുമ്പോൾ ഇങ്ങനെ പടക്കം പൊട്ടിച്ചിട്ട് വേണം ഇറങ്ങി പോകാൻ. അപ്പൻ പറയുന്നത് അനുസരിക്കുക എന്നതാണ് ജോമോന് പ്രധാനം. അപ്പൻ എങ്ങനെയുള്ള ആളാണ് എന്നത് അയാൾക്കൊരു പ്രശ്നമല്ല. 'ഒരു വരി പൊട്ടിച്ചോട്ടെ ' എന്ന ഡയലോഗ് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ആ ഒറ്റ ഡയലോഗിൽ എല്ലാമുണ്ട്.

No stories found.
The Cue
www.thecue.in