കമൽ സാർ എന്നോട് സംസാരിക്കുമ്പോൾ അദ്ദേഹം മലയാളിയാണ്; ഫഹദ് ഫാസിൽ

മലയാളത്തിൽ മാത്രം സിനിമ ചെയ്യുന്ന ആളെപ്പോലെയാണ് കമൽഹാസൻ തന്നോട് സംസാരിക്കുന്നതെന്ന് ഫഹദ് ഫാസിൽ. തനിക്ക് ആക്സിഡന്റായപ്പോൾ അദ്ദേഹം തന്റെ സുഖ വിവരം അന്വേഷിച്ചെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ഫഹദ് ഫാസിൽ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. ആത്യന്തികമായി ഭാഷ ഒരു മീഡിയം മാത്രമാണ് . അറിഞ്ഞുകൂടാത്ത ഭാഷയെ സിനിമയിൽ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കമൽഹാസൻ നായകനായ തമിഴ് ചിത്രം വിക്രമിലും അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രം പുഷ്പയിലും വില്ലൻ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ഫഹദ് ഫാസിൽ പറഞ്ഞത്

ഞാൻ അവിടെ പോയിട്ട് ഭയങ്കരമായ മാജിക് ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നില്ല. ഞാനില്ലെങ്കിലും ഈ സിനിമകളൊക്കെ നടക്കും. ഒരു പേഴ്സണൽ ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായി കൂടിയാണ് ഈ സിനിമകളൊക്കെ കിട്ടുന്നതും. കമൽസാറുമായി ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് കുറേ നാളുകളായി ചർച്ചകൾ നടക്കുന്നുണ്ട്. ഇ മീറ്റിങ് കാര്യങ്ങൾ കുറച്ച് കൂടി ഈസിയാക്കി. പലപ്പോഴും നേരിട്ട് കാണാമെന്നൊക്കെ തീരുമാനിക്കും. പക്ഷെ അങ്ങനെ സംഭവിക്കാറില്ല. ഇ മീറ്റിങ് നടന്നതിന്റെ കൂടി ഫലമായാണ് ലോക് ഡൗൺ കഴിഞ്ഞപ്പോൾ ഇത്രയും സിനിമകൾ ഒത്തു വന്നതും. പിന്നെ കമൽസാറിന്റെ പടം ഒരുപാട് നാളുകൾക്ക് മുന്നേ തീരുമാനിച്ചതാണ്. ഇലക്ഷൻ കഴിഞ്ഞ് ഷൂട്ട് ചെയ്യാം എന്ന് തീരുമാനിച്ചത് കൊണ്ടാണ് ലേറ്റ് ആയത്.

എനിക്കിഷ്ടമുള്ള ഭാഷയിൽ സംസാരിക്കാനാണ് വിക്രമിന്റെയും പുഷ്പയുടെയും സംവിധായകർ എന്നോട് പറഞ്ഞത്. സിനിമയ്ക്ക് അങ്ങനെ ജിയോഗ്രഫിയൊന്നുമില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ എനിക്ക് ചുറ്റിനുമുള്ളവർ സംസാരിക്കുന്ന ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് അവരോടു പറഞ്ഞു. ഭാഷ എന്നത് ഒരു മീഡിയം മാത്രമാണ്. ആയുധം എന്ന തമിഴ് സിനിമയിൽ തിലകൻ സാർ അഭിനയിച്ചപ്പോൾ ഒരു പ്രത്യേക റൈമിങ് ഉള്ള വാക്ക് പറയുവാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. എന്നാൽ അദ്ദേഹം ഒരു ആക്ഷൻ കാണിച്ച് അത് ശരിയാക്കി. ഇതെല്ലം കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യണം. കമൽ സാർ എന്നോട് സംസാരിക്കുമ്പോൾ അദ്ദേഹം മലയാളിയാണ്. മലയാളത്തിൽ മാത്രം സിനിമ ചെയ്യുന്ന ആളെപ്പോലെയാണ് അദ്ദേഹം എന്നോട് സംസാരിക്കുന്നത്. ആക്സിഡന്റ് ആയപ്പോൾ അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തോട് ഒരു അടുപ്പം ഫീൽ ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in