കൊണാര്‍ക്കിന്റെ മണ്ണിലേക്ക് പോകാം, വാസ്തുവിദ്യ വിസ്മയം കണ്‍നിറച്ച് കാണാം

കൊണാര്‍ക്കിന്റെ മണ്ണിലേക്ക് പോകാം, വാസ്തുവിദ്യ വിസ്മയം കണ്‍നിറച്ച് കാണാം

ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു, രവീന്ദ്രനാഥ ടാഗോര്‍ ഒരു ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധം വിസ്മയാവഹമാണ് കൊണാര്‍ക്ക് സൂര്യ ക്ഷേത്രം. കൊണാര്‍ക്ക് എന്നാല്‍ സൂര്യന്റെ ദിക്ക് എന്ന് അര്‍ത്ഥം. കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്നും ബ്ലാക്ക് പഗോഡ എന്നും ഒക്കെ അറിയപ്പെടുന്ന കൊണാര്‍ക്കിലെ സൂര്യക്ഷേത്രം കണ്ടറിഞ്ഞ് വരാം.

പതിമൂന്നാം നൂറ്റാണ്ടിലെ ഈ ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയവും ഒറിയന്‍ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണവുമാണ്. കിഴക്കന്‍ ഗംഗ രാജവംശത്തിലെ നരസിംഹദേവ ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് കരുതുന്നു. കൊത്തുപണികളുള്ള ശിലാ ചക്രങ്ങളും തൂണുകളും മതിലുകളുമുള്ള കൂറ്റന്‍ രഥമാണ് ക്ഷേത്രത്തിന്റെ ആകൃതി. നിലവില്‍ ഘടനയുടെ ഒരു പ്രധാന ഭാഗം അവശിഷ്ടത്തിലാണ്. യുനെസ്‌കോയുടെ ലോക പൈതൃക ഇടം കൂടിയാണ് ഈ ക്ഷേത്രം.

ചരിത്രവും നിര്‍മ്മാണവും

പതിനഞ്ചാം നൂറ്റാണ്ടിനു മുന്‍പുള്ള അവസാനത്തെ ഘടനയാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം. ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകള്‍ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെയും കാണാം.രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങള്‍ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്.

ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിര്‍മിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാന്‍ കഴിയും. ക്ഷേത്രത്തിലെ ചുമര്‍ ശില്പങ്ങളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍, ഗന്ധര്‍വന്മാര്‍, യക്ഷികള്‍, പുരാണ കഥാ സന്ദര്‍ഭങ്ങള്‍, നൃത്തം ചെയ്യുന്ന അപ്‌സരസുകള്‍ എന്നിവ കാണാന്‍ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങളും കൊത്തി വച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നാണറിയപ്പെടുന്നത്.

അമ്പരപ്പിക്കും വാസ്തുവിദ്യ

വാത്സ്യായന മഹര്‍ഷിയുടെ കാമ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകള്‍ ഇവിടെ ശില്പങ്ങളായി കാണാന്‍ കഴിയും എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേക ത. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിര്‍മിച്ചിരിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങള്‍ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തില്‍ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതില്‍ ചിലത് മാത്രം. ലോകപ്രസിദ്ധിയാര്‍ജ്ജിച്ച ഈ ശില്‍പങ്ങള്‍ ഏറെ വിവാദ ചര്‍ച്ചകള്‍ക്കും പല കാലങ്ങളില്‍ വിഷയമായിട്ടുണ്ട്. എങ്കിലും അഭൂതപൂര്‍വ്വമായ ആ ശില്‍പ കലയെ ആരും പ്രശംസിക്കുക തന്നെ ചെയ്യും.

229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന് ആദ്യ കാലങ്ങളില്‍. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹന്‍ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേര്‍ പന്ത്രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നാണ് പറയപ്പെടുന്നത്. രാജ നരസിംഹദേവന്‍ തന്റെ രാജ്യത്തിന്റെ പന്ത്രണ്ടു വര്‍ഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചുവത്രേ. കിഴക്ക് ദര്‍ശനമായാണ് ക്ഷേത്രം നില നില്‍ക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികള്‍ പ്രധാന വിഗ്രഹത്തിന്റെ മൂര്‍ധാവില്‍ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങളായ ഉദയം, മധ്യാഹ്നം, അസ്തമയം എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്നു. കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു ഈ വിസ്മയത്തിന്റെ എടുത്തു പറയേണ്ട വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയില്‍ കൂട്ടിയിണക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.കൊണാര്‍ക്കിന്റെ പരിസരങ്ങളില്‍ കാണാത്ത പ്രത്യേക തരം കല്ലുകള്‍ ഉപയോഗിച്ചാണു ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

കൊണാര്‍ക്കിന്റെ മണ്ണിലേക്ക് പോകാം, വാസ്തുവിദ്യ വിസ്മയം കണ്‍നിറച്ച് കാണാം
ദേശീയ പുരസ്‌കാരം സ്വീകരിച്ച് കീര്‍ത്തിയും വിക്കിയും ആയുഷ്മാനും ചിത്രങ്ങള്‍

ഇന്നത്തെ ക്ഷേത്രം

കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവില്‍ ഇപ്പോള്‍ നിലവിലില്ല. ഇത് 1837 ല്‍ തകര്‍ന്നു വീണതായി അനുമാനിക്കപ്പെടുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങള്‍, ജ്യാമിതീയ രൂപങ്ങള്‍, എന്നിവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്ത് കാന്തങ്ങളുടെ ക്രമീകരണം കാരണം വിഗ്രഹം വായുവില്‍ പൊങ്ങിക്കിടക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ തീരദേശ യാത്രകളില്‍ ഉണ്ടായ അസ്വസ്ഥത കാരണം അവ പിന്നീട് നീക്കം ചെയ്യപ്പെട്ടുവെന്നും അങ്ങനെയാണ് ക്ഷേത്രത്തിന്റെ പതനം ആരംഭിച്ചതെന്നും പറയപ്പെടുന്നു. എങ്കിലും എഞ്ചിനീയറിംഗ്, ആര്‍ട്ടിസ്റ്റിക് മാസ്റ്റര്‍പീസായ ഈ സണ്‍ ടെമ്പിള്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ലോക പൈതൃകമായി നിലനില്‍ക്കുന്നു. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നാശത്തിലാണെങ്കിലും, അക്കാലത്തെ വാസ്തുശില്പികളുടെയും ശില്പങ്ങളുടെയും കലാപരമായ പ്രതിഭയെ അത് ഇന്നും പ്രതിഫലിപ്പിക്കുന്നുണ്ട്. നാശത്തിന്റെ വക്കിലുള്ള ക്ഷേത്രസമുച്ചയത്തെ താങ്ങി നിര്‍ത്താന്‍ നിരവധി പരിശ്രമങ്ങള്‍ ഇന്നും നടക്കുന്നുണ്ട്.

ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ഒരു പ്രത്യേക പുരാവസ്തു മ്യൂസിയവുമുണ്ട്. എല്ലാ വര്‍ഷവും സാധാരണയായി ഫെബ്രുവരിയില്‍ നടക്കുന്ന കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവലില്‍ ഈ ക്ഷേത്രം ഒരു വേദിയായി മാറുന്നു, ഈ സമയം ധാരാളം വിദേശ, ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in