റാഞ്ചി,താഴ്വരയുടെ കീഴിലെ വെള്ളച്ചാട്ടങ്ങളുടെ നഗരത്തിലേയ്ക്ക്

റാഞ്ചി,താഴ്വരയുടെ കീഴിലെ വെള്ളച്ചാട്ടങ്ങളുടെ നഗരത്തിലേയ്ക്ക്

റാഞ്ചി, ഒരുകാലത്ത് ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു, എന്നാല്‍ റാഞ്ചിയെ വ്യത്യസ്തമാക്കുന്നതോ ചില നിഗൂഡവും പൗരാണികവുമായ കാര്യങ്ങള്‍ക്കൂടിയാണ്. ഇടതൂര്‍ന്ന വനങ്ങളും, വെള്ളച്ചാട്ടങ്ങളും, പുരാതനക്ഷേത്രങ്ങളും, സംസ്‌കാരവുമെല്ലാം ചേര്‍ന്ന ഈ നാട് പൂര്‍ത്തിയാകാത്ത ഒരു യാത്രയുടെ ഓര്‍മ്മപ്പെടുത്തലാകുന്നു. കാഴ്ച്ചകള്‍ അനവധിയാണ് ഇവിടെയെത്തിയാല്‍ എന്നാല്‍ ചിലത് വിട്ടുകളയാതെ ഉറപ്പായും കണ്ടിരിക്കണം, അതൊന്ന് പരിചയപ്പെടാം

വെള്ളച്ചാട്ടങ്ങളുടെ സ്വന്തം റാഞ്ചി

റാഞ്ചിയുടെ നടുവില്‍ നിന്ന് ഒന്ന് വട്ടം കറങ്ങിയാല്‍ ഒരു വെള്ളച്ചാട്ടമെങ്കിലും കാണാം. അത്രമാത്രം വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. നഗരപരിധിയിലായി എണ്ണമറ്റ വെള്ളച്ചാട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി ഭൂമിയില്‍ പതിച്ചൊഴുകുന്നു. ഹുണ്ടു വെള്ളച്ചാട്ടം, ദാഷം വെള്ളച്ചാട്ടം,ജോഹ്നാ വെള്ളച്ചാട്ടം, ഹിര്‍നി വെള്ളച്ചാട്ടം തുടങ്ങിയ നിരവധി വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന് റാഞ്ചിയ്ക്ക് വെള്ളച്ചാട്ടങ്ങളുടെ നഗരമെന്ന പേരും നേടികൊടുത്തു. ആറുപടവുകളിലൂടെ താഴേയ്ക്ക് ഒഴുകിയെത്തുന്ന ഗാഹ് വെള്ളച്ചാട്ടവും കാണേണ്ടതുതന്നെയാണ്.

ടാഗോര്‍ ഹില്‍

രവീന്ദ്രനാഥ ടാഗോറുമായി ബന്ധപ്പെട്ടുകിടക്കുന്ന ടാഗോര്‍ ഹില്‍സിലേയ്ക്ക് പോകാതെ എന്ത് റാഞ്ചി യാത്ര. സമുദ്രനിരപ്പില്‍ നിന്നും 300 മീറ്റര്‍ ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഈ കുന്നിന്‍മുകളില്‍ ടാഗോറിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നു. ഇത് ശരിക്കും ടാഗോര്‍ ഇവിടെയെത്തുമ്പോള്‍ താമസിച്ചിരുന്ന വീടായിരുന്നു. ഇവിടെയിരുന്ന് അദ്ദേഹം കൃതികള്‍ രചിച്ചിരുന്നതായും പറയപ്പെടുന്നു. ടാഗോര്‍ ഹില്ലില്‍ നിന്നാല്‍ റാഞ്ചി നഗരത്തിന്റെ ഏതാണ്ട പൂര്‍ണ്ണരൂപം വീക്ഷിക്കാനാകും.

വ്യത്യസ്തമാര്‍ന്ന ക്ഷേത്രദര്‍ശനങ്ങള്‍

ചരിത്രംപേറുന്ന നിരവധി ക്ഷേത്രങ്ങളുടെ കൂടി നാടാണ് റാഞ്ചി. പുരാണങ്ങളുമായും ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. റാഞ്ചി ഹില്‍സിന്റെ മുകളിലുള്ള ശിവ ക്ഷേത്രം, അമരേശ്വര്‍ ധാം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. റാഞ്ചി ഹില്‍സിന് മുകളിലുള്ള ശിവ ക്ഷേത്രത്തിന്റെ പ്രത്യേകത ഇന്ത്യയിലെ മറ്റ് ശിവക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മേല്‍ക്കൂരയില്ല എന്നതാണ്. നിങ്ങള്‍ ജന്മനക്ഷത്രങ്ങളില്‍ വിശ്വസിക്കുന്നവരാണോ, എങ്കില്‍ റാഞ്ചിയില്‍ നിങ്ങള്‍ക്ക് പറ്റിയൊരിടമുണ്ട്. നക്ഷത്രവനം.

ഓരോ നക്ഷത്രത്തിനും അനുസരിച്ചുള്ള മരങ്ങള്‍ നട്ടു വളര്‍ത്തിയിരിക്കുന്ന വനമാണിത്. റാഞ്ചി രാജ്ഭവന് സമീപത്താണ് ഈ നക്ഷത്രവനം സ്ഥിതി ചെയ്യുന്നത്. ജ്യോതിഷമനുസരിച്ച് 27 നക്ഷത്രങ്ങള്‍ക്കും യോജിച്ച വൃക്ഷങ്ങള്‍ ഇവിടെ പരിപാലിക്കുന്നു. നക്ഷത്ര വനത്തിന്റെ നിര്‍മ്മിതിയിലൂടെ നെഗറ്റീവ് കര്‍മ്മ ഫലങ്ങള്‍ നിയന്ത്രിക്കാമെന്നും ചുറ്റും കൂടുതല്‍ സന്തോഷവും സമൃദ്ധിയും സൃഷ്ടിക്കാമെന്നും വിശ്വസിക്കപ്പെടുന്നു. വിശ്വാസികളായ യാത്രക്കാര്‍ തീര്‍്ചയായും ഇവിടമൊന്ന് സന്ദര്‍ശിക്കുന്നത് നല്ലതാണ്. ഇങ്ങനെ അനവധിയായ പ്രത്യേകതകളാല്‍ പ്രകൃതിയുടെ മടിത്തട്ടില്‍ നിര്‍ലോപം വിഹരിച്ചുകിടക്കുന്ന റാഞ്ചിയെന്ന നാടിനെ അടുത്തറിയാന്‍ ഒരു യാത്ര ഒരുക്കാം. വെള്ളച്ചാട്ടങ്ങളുടെ കളകളാരവം ശ്രവിച്ച്, ദേവാലയങ്ങളുടെ നിശബ്ദമായ ശാന്തതയില്‍ മുഴുകി, ഒരു മധുരസുന്ദരയാത്രയാകും റാഞ്ചിയില്ക്ക് തീര്‍ച്ച.

Related Stories

No stories found.
logo
The Cue
www.thecue.in