Trip To Bhutan , സന്തോഷം ഒരു ദേശമാണ്

Trip To Bhutan , സന്തോഷം ഒരു ദേശമാണ്

സന്തോഷം ഒരു ദേശമാണ്. അതെ, ഭൂട്ടാന്‍ ടൂറിസം വകുപ്പിന്റെ പരസ്യവാചകം ഇങ്ങനെയാണ്. ഹാപ്പിനെസ്സ് ഈസ് എ പ്ലേസ്. ഇത് വെറുമൊരു പരസ്യവാചകമോ വാഗ്ദാനമോ അല്ലെന്ന് എന്റെ ഭൂട്ടാന്‍ യാത്രയിലുടനീളം ഞാന്‍ മനസിലാക്കിയത്, ആസ്വദിച്ചും അനുഭവിച്ചുമാണ്. രണ്ടു രീതിയില്‍ നമുക്ക് ഭൂട്ടാനിലേക്ക് സഞ്ചരിക്കാം. റോഡ് മാര്‍ഗ്ഗവും വിമാനമാര്‍ഗവും. നെടുമ്പാശ്ശേരിയില്‍ നിന്നും വെസ്റ്റ് ബംഗാളിലെ ബാഗ്‌ദോഗ്ര എയര്‍ പോര്‍ട്ടിലേക്ക് ഡയറക്റ്റ് ഫളൈറ്റ് ഉണ്ട്. അവിടെ നിന്നും 162 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ജയ്ഗോണ്‍ എന്ന തിരക്കേറിയ പട്ടണത്തില്‍ എത്താം, അവിടെ നിന്നും നടക്കാനുള്ള ദൂരമേയുള്ളൂ Phuentsholing എന്ന ഭൂട്ടാന്‍ ഗേറ്റിലേക്ക്. ഇന്ത്യയും ഭൂട്ടാനും ഒരു മതിലിനിരുവശവുമായി കാണാം. സന്തോഷം ഒരു ദേശമാണ് എന്ന് നമ്മള്‍ ആദ്യം തിരിച്ചറിയുന്നത് അവിടെ നിന്നുതന്നെയാണ്.

ഒരു വലിയ ചന്തയാണ് ജയ്ഗോണ്‍. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ ചവച്ചരച്ച് ചാറ് പരുവത്തിലായ പാന്‍ മസാല 'ദേഹശുദ്ധി' വരുത്തിയേക്കാം. കാതടപ്പിക്കുന്ന വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ശബ്ദ കോലാഹലങ്ങള്‍. ദേഹത്ത് വന്നിടിച്ച് നടന്നുപോകുന്ന വഴി യാത്രക്കാര്‍. 'മനോഹരങ്ങളായ' അഴുക്കു ചാലുകള്‍. സുഭിക്ഷമായി വഴി നീളെ ചാണകം സമര്‍പ്പിച്ചു പോകുന്ന നാല്‍ക്കാലികള്‍. അതിനിടയിലൂടെ നടന്ന്‌ സെക്യൂരിറ്റി ഓഫീസര്‍ ഇരിക്കുന്ന കവാടങ്ങള്‍ താണ്ടി ഫുണ്ട്ഷോലിങ് എന്ന നഗരത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍, ടെലിവിഷന്‍ സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അറിയാതെ റിമോട്ടില്‍ മ്യൂട്ട്‌ ബട്ടണ്‍ അമര്‍ന്നുപോയാല്‍ എങ്ങിനെയിരിക്കും. അത്രമേല്‍ നിശ്ശബ്ദതയിലേക്കാണ് പ്രവേശിക്കുക. വരിവരിയായി ഫുട്പാത്തിലൂടെ നടന്നു പോകുന്ന ജനങ്ങള്‍,സീബ്രാ ക്രോസ്സിലൂടെ മാത്രം വഴി മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍. ക്ഷമയോടെ നിര്‍ത്തിക്കൊടുത്ത് കാത്തുനില്‍ക്കുന്ന വാഹനങ്ങള്‍. ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളില്ലാത്ത നഗരങ്ങള്‍. മാര്‍ഗനിര്‍ദ്ദേശപ്രകാരം മാത്രം സന്തോഷത്തോടെ ജീവിക്കുന്ന ഒരു ജനത. രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് ഇമ്മിഗ്രേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പ്രവര്‍ത്തി ദിവസങ്ങള്‍. ഒരു ഇന്ത്യക്കാരന്‌ ഭൂട്ടാനില്‍ സഞ്ചരിക്കാന്‍ വേണ്ടത് ആറുമാസമെങ്കിലും വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ വോട്ടേഴ്സ് ഐഡി.

ഭൂട്ടാനില്‍ നിങ്ങള്‍ ചിലവഴിക്കുന്ന ദിവസങ്ങള്‍, സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന ഹോട്ടലുകള്‍ എന്നിങ്ങനെ വിശദമായി ഫോമില്‍ ചേര്‍ത്ത് വക്കണം. 7 ദിവസങ്ങള്‍ വരെയാണ് നിങ്ങള്‍ക്ക് ഭൂട്ടാനില്‍ സഞ്ചരിക്കാനാവുക. തിംങ്ഫു, പാരോ എന്നീസ്ഥലങ്ങിലേക്കുള്ള അനുമതി മാത്രമാണ് ഈ എമിഗ്രേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കുക. ഇന്ത്യന്‍ യാത്രക്കാരന്‌ എമിഗ്രേഷന്‍ ഫീസ് ഒന്നുമില്ല. നിങ്ങള്‍ വലിയ തിരക്കുള്ള ആളാണെങ്കില്‍ 200 രൂപ മുതല്‍ 300രൂപ വരെ കൊടുത്താല്‍ കാര്യങ്ങള്‍ വേഗത്തിലാകും എന്ന തോന്നലുണ്ടാക്കുന്ന രീതിയില്‍ സഹായിക്കാന്‍ ചില പയ്യന്മാര്‍ ഓഫീസില്‍ ഉണ്ട്. അവിടെ നിന്നും നിങ്ങള്‍ക്ക് ടൂറിസ്റ്റ് സിം കാര്‍ഡ് വാങ്ങാം. നമ്മുടെ നാട്ടിലേതുപോലെ ദിനംപ്രതി ഒന്നര ജിബി കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട. ഒരു പക്ഷെ ടൂറിസ്റ്റുകള്‍ക്ക് കിട്ടുന്ന ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പോലും ഭൂട്ടാനിലെ സാധാരണ ജനങ്ങള്‍ക്ക് അന്യമാണ്. മറ്റൊന്നുമല്ല മൊബൈലില്‍ നോക്കി ഇരിക്കാനുള്ളതല്ല ജീവിതം എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.

എമിഗ്രേഷന്‍ കഴിഞ്ഞ ഞങ്ങള്‍ യാത്രയായത് തിംങ്ഫുവിലേക്കാണ്, Phuentsholing നിന്നും 160 കിലോമീറ്റര് ഉണ്ട് തിംങ്ഫുവിലേക്ക് . ബസ് അല്ലെങ്കില്‍ ഷെയര്‍ ടാക്‌സി മാര്‍ഗം നിനങ്ങള്‍ക്ക് തിംങ്ഫുവില്‍ എത്താം. ഭൂട്ടാന്‍ സന്ദര്‍ശകര്‍ ആരും ഈ യാത്ര നഷ്ടപ്പെടുത്തരുത് . അത്ര മനോഹരമാണ് പ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള അഞ്ച് മണിക്കൂര്‍ യാത്ര. ഒരിക്കലും മറക്കാനാകാത്ത ഭൂട്ടാന്‍ സംഗീതാനുഭവം ഡ്രൈവര്‍ ഉഗിയെന്‍ ഞങ്ങള്‍ക്കേകി.

തിംങ്ഫുവിലെ അമോധാര എന്ന പ്രശസ്തമായ ഹോട്ടലില്‍ ആണ് ഞങ്ങള്‍ താമസിച്ചത്. രാവിലെ ഹോട്ടല്‍ റൂമില്‍ ജനാലയിലെ കര്‍ട്ടന്‍ നീക്കി കാണുന്ന ആദ്യ കാഴ്ച അങ്ങകലെയായി സൂര്യപ്രകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ബുദ്ധന്റെ സുവര്‍ണ്ണ പ്രതിമയാണ്. അങ്ങിനെ ധന്യമായ ആ പ്രഭാതത്തില്‍ ഞങ്ങള്‍ ആദ്യം യാത്ര തിരിച്ചത് മെമ്മോറിയല്‍ ചോര്‍ട്ടനിലേക്കാണ്. ചോര്‍ട്ടന്‍ എന്നാല്‍ സ്തൂപങ്ങള്‍ എന്നാണ് അര്‍ഥം.

Memorial Chorten
Memorial Chorten

ഭൂട്ടാനിലെ മൂന്നാം ഡ്രൂക് ഗ്യാല്‍പോ അഥവാ രാജാവായിരുന്ന ജിംഗ്മേ ദോര്‍ജ്ജി വാംഗ്ചുക് 1972-ഇല്‍ മരിച്ചശേഷം അദ്ദേഹത്തിന്റെ അമ്മ ഫുണ്ട്‌ഷോ ചോദന്‍ മകന്റെ ഓര്‍മ്മക്കായി 1974-ഇല്‍ രാജ്യത്തിന്‌ സമര്‍പ്പിച്ചതാണീ സ്തൂപം. അന്ന് സാധാരണയില്‍ കൂടുതല്‍ ജനങ്ങള്‍ ഉണ്ടായിരുന്നു, എന്തോ വിശേഷപ്പെട്ട ദിവസമാണ്. തങ്ങളുടെ കയ്യിലിരിക്കുന്ന പ്രാര്‍ത്ഥനാ ചക്രങ്ങള്‍ കറക്കി സ്തൂപത്തെ വലയം വച്ചുകൊണ്ടിരിക്കുന്ന ഭക്തര്‍.

എന്റെ ക്യാമറ അവിടം മുഴുവന്‍ ഓടി നടന്ന്‌ ചിത്രങ്ങള്‍ എടുത്തു. പെട്ടെന്ന് പരിചയമുള്ള ഒരു മുഖം. വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ അലങ്കാരമായി തോന്നിക്കുന്ന ശാന്തമായ പുഞ്ചിരിയോടുകൂടിയ മുഖം. ഞാനും പിടിച്ചു നിര്‍ത്തി എടുത്തു രണ്ടു മൂന്നു ചിത്രങ്ങള്‍. പിന്നെ ഹരിലാല്‍ എഴുതിയ ഭൂട്ടാന്‍യാത്ര പുസ്തകം മുറിയില്‍ വന്നു മറച്ചു നോക്കിയപ്പോഴാണ്‌ നടന്‍ മോഹന്‍ലാലും ഹരിലാലും ഈ അമ്മയോടൊപ്പം ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് എന്ന് മനസ്സിലായത്.

ബുദ്ധ പോയിന്റ്

ഭൂട്ടാനികളുടെ രണ്ടാംബുദ്ധന്‍ ഗുരു പദ്മ, സംഭവ ലോകത്തിന്റെ നന്മക്ക് വേണ്ടിയുള്ള ചില വെളിപാടുകള്‍ എഴുതി പലയിടത്തായി സൂക്ഷിച്ചിരുന്നു. ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ധനായ പേമ ലിങ്പാ അവയിലൊന്ന് കണ്ടെത്തി വെളിപ്പെടുത്തി.ലോക നന്മക്കായി ഇത്തരമൊരു വലിയ പ്രതിമാ നിര്‍മ്മാണം നടക്കേണ്ടതുണ്ട്, അങ്ങിനെ സ്വയമേ വിരമിക്കാന്‍ തയ്യാറായ, ഇപ്പോഴത്തെ രാജാവിന്റെ പിതാവായ നാലാം ഡ്റൂക് ഗ്യാല്‍പോ ജിഗ്മേ സിന്ഗമ്യേ വാങ്ചുക് ന്റെ അറുപതാം ജന്മദിനം വലിയ ആഘോഷമാക്കി മാറ്റുന്നതോടൊപ്പം ഈ പ്രതിമയുടെ സമര്‍പ്പണവും വേണമെന്ന് ഭൂട്ടാന്‍ ജനത ഒന്നടങ്കം ആഗ്രഹിച്ചു. അങ്ങിനെ ബുദ്ധ ഡോര്‍ ഡെന്മാ പ്രതിമ സ്ഥാപിതമായി.

ഏറ്റവും അത്ഭുതകരമായ കാര്യം 8 ഇഞ്ച് വലുപ്പത്തിലുള്ള ഒരു ലക്ഷം ബുദ്ധവിഗ്രഹങ്ങളാണ് ഈ വലിയ ബുദ്ധ പ്രതിമക്കുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീബുദ്ധപ്രതിമക്കും അത് ഇരിക്കുന്ന വലിയ താമരക്കും അടിയിലായി ഒരു ബുദ്ധ ക്ഷേത്രം ഉണ്ട്.ചെരിപ്പുകള്‍ പുറത്ത്‌ അഴിച്ചു വച്ച് വേണം അകത്തു പ്രവേശിക്കാന്‍. മൂന്നാള്‍ പൊക്കത്തിലുള്ള വിഗ്രഹങ്ങള്‍ . പ്രാര്‍ത്ഥനയോടെ മന്ത്രോച്ചാരണങ്ങള്‍ ഉരുവിടുന്ന ബുദ്ധ സന്യാസിമാര്‍. നിശബ്ദമായി ധ്യാനിക്കുന്ന സാധാരണ ഭക്തര്‍.. ഞങ്ങളും കുറച്ചു നേരം കണ്ണടച്ച് ധ്യാനിച്ചു. ഒരു പ്രത്യേക അനുഭൂതിയാണ് ആ ക്ഷേത്രം നല്‍കിയത്.

Dechen Phodrang Monastery

ഏഴുലക്ഷത്തോളം വരുന്ന ബുദ്ധമത വിശ്വാസികള്‍ സന്തോഷത്തോടെ ജീവിക്കുന്ന സ്ഥലമാണ് ഭൂട്ടാന്‍. അതുകൊണ്ടു തന്നെ ഭൂട്ടാനിലെ ബുദ്ധക്ഷേത്രങ്ങള്‍ അവരുടെ സംസ്‌കാരത്തിന് മാറ്റ് കൂട്ടുന്നു. തിംങ്ഫുവില്‍ തന്നെ ഉള്ള ദേചെന്‍ പൊധ്രങ് മൊണാസ്റ്ററി യിലേക്കാണ് ഞങ്ങള്‍ പിന്നീട് കടന്നു ചെന്നത്. ബ്രഹ്മാനന്ദത്തിന്റെ കൊട്ടാരം എന്നാണ് ദേചെന്‍ പൊധ്രങ് എന്നാല്‍ അര്‍ഥം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന ഈ മൊണാസ്റ്ററിയില്‍ 1971 മുതല്‍ വേദപഠനം ആരംഭിച്ചിട്ടുണ്ട്. എട്ടു വര്‍ഷത്തെ വേദപഠനത്തിനായി 450ഓളം കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നു. ഞങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ പച്ചപ്പ് വിരിച്ച ഉദ്യാനത്തില്‍വേണ്ടുവോളം കളിച്ചുകൊണ്ടിരുന്ന കുട്ടി ലാമകളെ കണ്ടു. ഭാഷകള്‍ക്കതീതമായി പുഞ്ചിരി തൂകുന്ന കുഞ്ഞു ലാമകള്‍ യോദ്ധ ചലച്ചിത്രത്തെ ഓര്‍ത്തെടുക്കാന്‍ സഹായിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്കാ പെയിന്റിങ്ങുകള്‍ യുനെസ്‌കോ പ്രോജെക്ടില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ച്‌ പോരുന്നതും ഈ മൊണാസ്റ്ററിയില്‍ ആണ്.

Tigers Nest
Tigers Nest

Tigers Nets

ബുദ്ധമത വിശ്വാസികള്‍ക്കിടയില്‍ രണ്ടാംബുദ്ധന്‍ എന്നറിയപ്പെടുന്ന ടിബറ്റന്‍ ഗുരു റിംപോച്ചെയുടെ പ്രധാന ശിഷ്യയായ ജ്ഞാനസാഗര (യേഷേ സോഗ്യാല്‍) തന്റെ സിദ്ധികൊണ്ടു കടുവയുടെ രൂപം കൈക്കൊള്ളുകയും, ഗുരു പദ്മ സംഭവയോടൊപ്പം ഭൂട്ടാനിലെ പാരോ താഴ്വരയിലെ മലനിരകള്‍ക്കിടയിലെ ഗുഹയില്‍ പറന്നിറങ്ങുകയും അവിടെ രണ്ടുപേരും തപസ്സനുഷ്ഠിക്കുകയും ചെയ്‌തെന്നാണ് ഐതിഹ്യം.

Paro Taktsang( tiger’s Nest)
Paro Taktsang( tiger’s Nest)

Paro Taktsang( tiger's Nest)

തിംങ്ഫുവില്‍ നിന്നും അതിരാവിലെ തന്നെ സുഹൃത്ത് ശ്രീകുമാറും ഞാനും പാറോ താഴ്വരയിലേക്ക് യാത്ര തിരിച്ചു, പ്രസിദ്ധമായ പാറോ നഗരത്തിന്റെ താഴ്‌വാരത്തു നിന്നാണ് ടൈഗേഴ്‌സ് നെസ്റ്റിലേക്കുള്ള മലകയറ്റം തുടങ്ങുന്നത്.സമുദ്രനിരപ്പില്‍ നിന്നും 10240 അടി മുകളിലാണ് ടൈഗേഴ്സ് നെസ്റ്റ് മൊണാസ്റ്ററി. ശ്രീകുമാര്‍ നടന്നുവന്നോളാം എന്നായി. എന്റെ ശരീരത്തില്‍ പൂര്‍ണ്ണ വിശ്വാസം ഉള്ളത് കൊണ്ട് കുതിരവേണം എന്ന വാശിയില്‍ ഞാനും, കുതിരക്കാരന്‍ എന്നെ അടിമുടി ഒന്ന് നോക്കി എന്നിട്ട് ഉള്ളതില്‍ ഏറ്റവും ചെറിയ കുതിരയെ എനിക്ക് തന്നു. പിന്നെ അങ്ങോട്ട് ഒരു യാത്ര ആയിരുന്നു. ഓരോ പത്തു മിനിട്ടിലും ഏറ്റവും മുന്‍പില്‍ പോകുന്ന കുതിര എന്തോ മറന്നു വച്ച പോലെ ഒറ്റ നില്‍പ്പാണ്. അവന്‍ നടന്നാലേ പുറകില്‍ നടക്കുന്ന ബാക്കി കുതിരകള്‍ നടക്കൂ. ടുമോ എന്നാണ് അവന്റെ പേര്. കുതിരക്കാരന്റെ വിളിയില്‍ നിന്നും മനസ്സിലായി. പിന്നെ അവനെ ഏറ്റവും കൂടുതല്‍ വിളിച്ചത് ഞാനായിരുന്നു. കുറച്ചു വഴി മാത്രമേ കുതിരകള്‍ കയറൂ. പിന്നെ നമ്മള്‍ തന്നെ നടക്കണം. എന്റെ എഞ്ചിന്‍ നല്ല കണ്ടീഷന്‍ ആയതു കൊണ്ട് ഹൃദയം വായിലൂടെ പുറത്തു വരുമോ എന്നൊന്ന് ശങ്കിച്ചു. വഴിയില്‍ കണ്ട നല്ലവരായ സുഹൃത്തുക്കള്‍ വെള്ളവും കേക്കും എല്ലാം തന്നു. പതുക്കെ പതുക്കെ അങ്ങ് മലമുകളില്‍ എത്തി.പിന്നെ കാണുന്ന കാഴ്ച അതെനിക്ക് എഴുതാന്‍ അറിയില്ല .അത് അനുഭവിച്ചറിയേണ്ടതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in