പക്ഷി പാതാളം, ഇരുപ്പു വെള്ളച്ചാട്ടം, മണ്‍സൂണ്‍ ട്രിപ്പിന് റെഡിയാണെങ്കില്‍ ബ്രഹ്മഗിരിക്ക് വിടാം

പക്ഷി പാതാളം, ഇരുപ്പു വെള്ളച്ചാട്ടം, മണ്‍സൂണ്‍ ട്രിപ്പിന് റെഡിയാണെങ്കില്‍ ബ്രഹ്മഗിരിക്ക് വിടാം

തിരക്കുപിടിച്ചോടി തലപെരുത്തിരിക്കുമ്പോള്‍ പെട്ടെന്നൊരു യാത്ര പോയാല്‍ അതില്‍ നിന്നും കിട്ടുന്നൊരു സുഖം വേറെ തന്നെയാണ്. കേരളത്തിലാണ് യാത്ര നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒറ്റദിവസം കൊണ്ട് ചെലവുചുരുക്കി പോയിവരാന്‍ പറ്റിയൊരു ഇടമാണ് വയനാട്ടിലെ ബ്രഹ്മഗിരി. കാടുകളും വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യ കാരണങ്ങള്‍. വയനാടിന്റെ അതിര്‍ത്തിയിലായി കര്‍ണ്ണാടകയോട് ചേര്‍ന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. തിരുനെല്ലി, പക്ഷി പാതാളം, ഇരുപ്പു വെള്ളച്ചാട്ടം തുടങ്ങി കാഴ്ച്ചകള്‍ അനവധിയാണ് ഇവിടെ.

ആളും തിരക്കുമില്ലാതെ പ്രകൃതിയോട് ഇണങ്ങിയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ധൈര്യമായി പോകാന്‍ പറ്റിയതാണ് ബ്രഹ്മഗിരി. കേരളത്തില്‍ ഒരു യാത്ര പോകാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ ആദ്യം പറയേണ്ട ഇടമാണ് ബ്രഹ്മഗിരി. വെറുതെ കണ്ട് മടങ്ങാവുന്ന കാഴ്ച്ചകള്‍പ്പറുത്ത് പ്രകൃതിയെയും അതിന്റെ സൗന്ദര്യത്തെയും ഒരു അനുഭവമാക്കി മാറ്റാന്‍ ഈ മലനിരകള്‍ നമ്മെ സഹായിക്കുന്നു.

ബ്രഹ്മഗിരിയെക്കുറിച്ച്

വയനാടെന്ന് പൊതുവെ പറയുമെങ്കിലും ബ്രഹ്മഗിരി സ്ഥിതിചെയ്യുന്നത് വയനാടിനും കര്‍ണ്ണാടകത്തിനും മധ്യേയാണ്. കൊടക് ജില്ലയിലും വയനാട് ജില്ലയിലുമായി പരന്ന് കിടക്കുന്ന ബ്രഹ്മഗിരി മലനിരകള്‍ പശ്ചിമഘട്ട മലനിരയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.ഇടതൂര്‍ന്ന വനങ്ങളും പുല്‍മേടുകളും ഏത് സഞ്ചാരിയുടേയും മനം നിറയ്ക്കും. വിവിധങ്ങളായ വന്യജീവികളും ഈ യാത്രയില്‍ കൂട്ടായി വരും. ബ്രഹ്മഗിരിയിലെ ഏറ്റവും വലിയ ആകര്‍ഷണം അവിടുത്തെ കാലാവസ്ഥ തന്നെ. എപ്പോഴും കുളിര്‍പ്പിക്കുന്ന തണുപ്പാണിവിടെ . അതുകൊണ്ട് തന്നെയാണ് ബ്രഹ്മഗിരിയെ പ്രകൃതിയുടെ എസി റൂം എന്ന് വിളിയ്ക്കുന്നതും. പ്രത്യേകിച്ച് ഒരു സീസണുമില്ലാതെ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെ സന്ദര്‍ശിക്കാം.

എവിടെക്ക് നോക്കിയാലും അവിടെയെല്ലാം മനോഹരങ്ങളായ കാഴ്ച്ചകള്‍ മാത്രമാണ് ബ്രഹ്മഗിരി സമ്മാനിക്കുക. മനോഹരങ്ങളായ കാഴ്ച്ചകള്‍ക്ക് പുറമെ ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ശിവക്ഷേത്രം ബ്രഹ്മഗിരി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇരുപ്പ് വെള്ളച്ചാട്ടമാണ് മറ്റൊരു പ്രത്യേകത. മഴക്കാലത്ത് അതിസുന്ദരിയായിട്ടാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക്. ട്രക്കിംഗിന് പറ്റിയ സ്ഥലം കൂടിയാണ്. നിത്യഹരിത മരങ്ങളാല്‍ സമ്പുഷ്ടമായ മലനിരകളിലൂടെയുള്ള ട്രക്കിംഗ് സാഹസീഹത നിറഞ്ഞതും ഒപ്പം മികച്ചൊരു അനുഭവം പ്രദാനം ചെയ്യുന്നതുമായിരിക്കും. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടസങ്കേതങ്ങളില്‍ ഒന്നുകൂടിയാണിത്.

ട്രക്കിംഗ്

അത്യപൂര്‍വ്വങ്ങളായ വന്യജീവികള്‍ അതിവസിക്കുന്ന ബ്രഹ്മഗിരി വന്യസങ്കേതത്തില്‍ നിന്നുമാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. ഇതുള്‍പ്പെടെ ബ്രഹ്മഗിരി മലനിരകളിലെ സവിശേഷമായ കാഴ്ച്ചകള്‍ അനവധിയാണ്. കൃത്യമായ ഒരു സ്ഥലം എന്നതിനപ്പുറത്ത് രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് ബ്രഹ്മഗിരി കുന്നുകള്‍ എന്നതിനാല്‍ നാടുവിട്ട് പുറത്തുപോവുകയുമില്ല, എന്നാല്‍ ഒരു അന്തര്‍സംസ്ഥാന യാത്ര നടത്തിയെന്ന ഫീലും ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in