Travelogue

പോകാം ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയിലേയ്ക്ക്. മഴക്കാലം അവിസ്മരണീയമാക്കാം

അറബിക്കടലിലെ സൂര്യാസ്തമയം അതിമനോഹരമായി കാണാന്‍ കഴിയുന്ന ഒരു മലയോരപ്രദേശം കൂടിയാണിവിടം.

മഴ തുടങ്ങി. മൺസൂണിന്റെ തണുപ്പേറ്റ് മഴയത്ത് എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ എന്നാണോ പ്ലാൻ. എങ്കിൽ ബെസ്റ്റ് അഗുംബെയാണ്. മഴയത്ത് അഗുംബെ കൂടുതൽ സുന്ദരിയാകും.
ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നാണ് അഗുംബെ അറിയപ്പെടുന്നത്.  തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിയ്ക്കുന്നത് ഇവിടെയാണ്. അതുകൊണ്ടാണ് തെക്കേ ഇന്ത്യയുടെ ചിറാപുഞ്ചിയെന്ന് അഗുംബെയെ വിശേഷിപ്പിക്കുന്നത്. ചിറാപൂഞ്ചിയിലേതുപോലുളള ഫീലും പ്രകൃതിയുടെ വശ്യതയും ആവോളം ആസ്വദിക്കാൻ അഗുംബെയിലേയ്ക്ക് പോകാം.
അറബിക്കടലിലെ സൂര്യാസ്തമയം അതിമനോഹരമായി കാണാന്‍ കഴിയുന്ന ഒരു മലയോരപ്രദേശം കൂടിയാണിവിടം.

പൂർണ്ണമായും ഒരു മഴക്കാടാണ് അഗുംബെ. മികച്ച ട്രക്കിംഗ് മേഖല കൂടിയാണ് ഇവിടെയെങ്കിലും വിഷപാമ്പുകളുടെ വിഹാര കേന്ദ്രമായതിനാൽ അതീവ ശ്രദ്ധയോടു കൂടി വേണം മലകയറാൻ.രാജവെമ്പാലയുള്‍പ്പെടെയുള്ള പാമ്പുകളുടെ വിഹാര കേന്ദ്രമാണിവിടം. ബര്‍കാന ഫാള്‍സ്, കുഞ്ജിക്കല്‍ ഫാള്‍സ്, ഒനകേ അബ്ബി, ജോഗിഗുണ്ടി, കൂഡ്‌ലു തീര്‍ത്ഥ ഫാള്‍സ് തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങളുടെ ഒരു നിര തന്നെ നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും.

കുന്ദാദ്രി ബെട്ട അഗുംബെയാത്രയിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത ഒരിടമാണ് കുന്ദാദ്രി ബെട്ട. അഗുംബെയില്‍ നിന്നും 16കിലോമീറ്റര്‍  ദൂരെ ഉള്ള ഹില്‍ വ്യൂ പോയിന്റ് ആണിത്.  മഴ കാടുകളുടെ വിദൂര ഭംഗിയും വിശാലമായ ഹരിത ഭൂമിയും ആണ് മല മുകളില്‍ നിന്നുമുള്ള പ്രധാന കാഴ്ചകള്‍. ഇവിടുത്തെ മറ്റൊരാകർഷണം ഏകദേശം 3000 വര്‍ഷം പഴക്കമുള്ള ജൈന ക്ഷേത്രമാണ്‌. കരിങ്കല്ലില്‍ പണിത അമ്പലം ഇപ്പോഴും വലിയ കേടുപാടുകള്‍ കൂടാതെ നില നില്‍ക്കുന്നു .പ്രകൃതി ഒരുക്കിയ 3 കുളങ്ങളും ഈ മലമുകളിലേയ്ക്ക് എത്തുന്ന സഞ്ചാരികള്‍ക്കായി കാഴ്ച്ച വിരുന്നൊരുക്കും. മുകളില്‍ വരെ വാഹനം എത്തുമെങ്കിലും അവസാനത്തെ 4 കിലോമീറ്റര്‍ ഇടുങ്ങിയ വളവുകളും കയറ്റങ്ങളും ആയതിനാല്‍ സൂക്ഷിച്ചുവേണം ഡ്രൈവ് ചെയ്യാന്‍.

ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവും ഗസ്റ്റ് ഹൗസുമാണ് യാത്രക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍. ഇവയല്ലാതെ മറ്റ് ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇവിടെയില്ല. അഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷനില്‍ ഡോര്‍മിറ്ററി സൗകര്യമുണ്ട്. പക്ഷേ നേരത്തേ ഉറപ്പാക്കണം.

തീവണ്ടിയിലാണ് യാത്രയെങ്കിൽ അഗുംബെ യിലേയ്ക്ക് പോകാൻ ഉഡുപ്പിയിൽ ഇറങ്ങണം. അവിടെ നിന്ന് റോഡ് മാർഗം 52 കിലോമീറ്റർ സഞ്ചരിച്ചാൽ അഗുംബെയായി. ഉഡുപ്പിയിൽ നിന്ന് ഇങ്ങോട്ടേക്ക് ബസ്സുണ്ട്. റോഡ് മാർഗമാണെങ്കിലും മംഗലാപുരം - ഉഡുപ്പി വഴി പോകുന്നതാണ് നല്ലത്.

എപ്പോഴും കോടമഞ്ഞ് നിറഞ്ഞുകിടക്കുന്ന ചുരം വഴിയുള്ള യാത്ര ഏതൊരു സഞ്ചാരിയ്ക്കും അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്നുറപ്പ്.