ലോക്ക്ഡൗണില്‍ ഇളവുകള്‍ നൽകാം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ മാത്രം ആശ്രയിക്കുന്നത് ശാസ്ത്രീയമല്ല; ഡോക്ടര്‍ പദ്മനാഭ ഷേണായ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ മാത്രം ആശ്രയിച്ചല്ല ലോക്ക് ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ഡോ.പദ്മനാഭ ഷേണായ്. വെന്റിലേറ്ററുകളുടെയും ഐ.സി.യു കിടക്കകളുടെയും ഒക്കുപ്പന്‍സി കണക്കാക്കിയാണ് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ലോക്ക് ഡൗണില്‍ ചെറിയ തോതിലുള്ള ഇളവുകള്‍ നൽകേണ്ടതാണെന്ന് ദ ക്യു ടു ദി പോയിന്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

ഡോ പദ്മനാഭ ഷേണായ് പറഞ്ഞത്

രോഗികളുടെ എണ്ണം നാല് ലക്ഷം ആയതും, വെന്റിലേറ്റര്‍, ഐസിയു സംവിധാനം തികയാകാതെ വന്നപ്പോഴുമാണ് ലോക്ക് ഡൗണ്‍ കൊണ്ടുവന്നത്. ഐസിയു കിടക്കകളുടെ ഒക്കുപന്‍സിയും കണക്കുകളും വെച്ചാണ് ലോക്ക് ഡൗണിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കേണ്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ മാത്രം ആശ്രയിക്കുന്നത് ശാസ്ത്രീയമായ രീതിയാണെന്ന് തോന്നുന്നില്ല. രോഗ വ്യാപനം ഇപ്പോഴും രൂക്ഷമാണെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിച്ചില്ലെങ്കിലും ചെറിയ ഇളവുകള്‍ കൊടുക്കേണ്ടതാണ്. അതെ സമയം ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിച്ചാല്‍ രോഗവ്യാപനം വര്‍ധിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

എന്ത് കൊണ്ടാണ് രോഗവ്യാപനം കുറയാതിരിക്കുന്നത്?

കോവിഡ് ഒന്നാം തരംഗത്തില്‍ പത്ത് ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു രോഗം ബാധിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ മുപ്പത് ശതമാനം ആളുകളില്ലെങ്കിലും രോഗം ബാധിച്ചിട്ടുണ്ടായിരിക്കും. അപ്പോള്‍ ബഹുഭൂരിപക്ഷം ആളുകളില്‍ രോഗം വരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണത്തെ പോലെ സിനിമ തീയേറ്ററും ബാറുകളുമൊക്കെ തുറന്നാല്‍ ഉറപ്പായും ഇനിയും രോഗവ്യാപനം കൂടും. രോഗം വല്ലാതെ മൂര്‍ച്ഛിച്ചപ്പോഴാണ് ലോക്ക്‌ഡൗൺ ഏര്‍പ്പെടുത്തിയത്. ഇങ്ങനെയുള്ള ഘട്ടത്തില്‍ സൂക്ഷമമായി നിരീക്ഷിച്ച് മൈക്രോ മാനേജ്‌മെന്റ് ചെയ്യുകയാണ് വേണ്ടത്. ആഹാരം മാത്രം കഴിച്ച് ജീവിക്കുന്നവരല്ല മലയാളികള്‍. അവരുടെ ജീവിത നിലവാരം വളരെ ഉയര്‍ന്നതാണ്. അതുക്കൊണ്ട് കിറ്റ് കിട്ടിയത് കൊണ്ട് മാത്രം ജീവിക്കുവാന്‍ സാധിക്കുകയില്ല. വെന്റിലേറ്ററുകളുടെയും ഐസിയു കിടക്കകളുടെയും ഒക്കുപ്പന്‍സി കണക്കാക്കി ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കേണ്ടതാണ്.

ടെസ്റ്റിങ്ങിനായി ആളുകള്‍ മുന്നോട്ടു വരണം

ടെസ്റ്റുകള്‍ കുറഞ്ഞതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കാനുള്ള കാരണം. എന്നാല്‍ ടെസ്റ്റിങിനായി ആളുകള്‍ മുന്നോട്ട് വരണം. രോഗലക്ഷങ്ങള്‍ ഉള്ളവരെ കൃത്യമായി ട്രാക്ക് ചെയ്ത് ഐസൊലേറ്റ് ചെയ്യാനുള്ള മാന്‍ പവര്‍ ഉണ്ടായിരിക്കണം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ വളരെ ചിലവ് കുറഞ്ഞ നടപടിയാണ് ടെസ്റ്റിംഗ് നടത്തുക എന്നത്. കേരളത്തില്‍ ഏഴ് ശതമാനം ആളുകള്‍ക്ക് മാത്രമാണ് കേരളത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഓരോ ദിവസവും നാല് ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ കൊടുത്താല്‍ മാത്രമേ സെപ്റ്റംബറോടു കൂടി അറുപത്തിയഞ്ച് ശതമാനം ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുകയുള്ളൂ.

എന്തുകൊണ്ടാണ് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ വര്‍ക്കിംഗ് ക്ലാസ്സിനെ ആദ്യം പരിഗണിക്കാത്തത്

മരണനിരക്ക് കുറയ്ക്കുകയാണ് വാക്‌സിനേഷന്‍ കൊണ്ടുള്ള പ്രാഥമിക ലക്ഷ്യം. ആരോഗ്യപരമായി നോക്കുമ്പോള്‍ നാല്പത്തിയഞ്ചിനും അറുപത്തിയഞ്ചിനും വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്. അതിന് ശേഷം മാത്രമേ വര്‍ക്കിംഗ് ഏജ് ഗ്രൂപ്പിനെ പരിഗണിക്കുവാന്‍ സാധിക്കുകയുള്ളു. കാരണം ആളുകള്‍ മരിക്കാതിരിക്കുകയാണ് പ്രാഥമികമായി പരിഗണിക്കുന്നത്. സാമ്പത്തികം എന്ന ഘടകം പരിശോധിക്കുമ്പള്‍ വര്‍ക്കിങ് ഏജ് ഗ്രൂപ്പിനെയാണ് വാക്‌സിനേറ്റ് ചെയ്യേണ്ടത്. പക്ഷെ ആളുകള്‍ മരിക്കാതിരിക്കുകയാണ് ഇപ്പോള്‍ പ്രധാനം. അതുകൊണ്ടാണ് നാല്പത്തിയഞ്ച് വയസ്സിന് മുകളില്‍ ഉള്ളവരെ വാക്‌സിനേറ്റ് ചെയ്യുന്നത്.

The Cue
www.thecue.in