കൊച്ചുമക്കളുടെയടക്കം വിയര്‍പ്പിലാണ് 'വാ', ദളിത് രാഷ്ട്രീയം പറഞ്ഞാല്‍ ഇവിടെ വേദി കിട്ടില്ല: വേടന്‍ അഭിമുഖം

Summary

ഇത്ര കാലം പണിയെടുത്തിട്ടും എന്റെ കുടുംബത്തിന് എന്തുകൊണ്ട് മണ്ണ് സ്വന്തമാക്കാനായില്ലെന്നത് എപ്പോഴും വേട്ടയാടുന്ന ചോദ്യമാണ്.

ജാതിയെക്കുറിച്ചും ജാതിവിവേചനത്തെക്കുറിച്ചും പാടുമ്പോള്‍ കേരളത്തില്‍ ജാതി വിവേചനമുണ്ടോ എന്ന് ചോദിക്കുന്ന നിരവധി പേരുണ്ടെന്ന് റാപ്പര്‍ വേടന്‍. അംബേദ്കര്‍ ജയന്തി ദിനത്തില്‍ പുറത്തിറക്കി 'വാ' എന്ന റാപ്പിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു വേടന്‍.

ജാതിവിവേചനം നേരിട്ടിട്ടുണ്ട്, നേരിടുന്നുണ്ട്

കേരളത്തിലെ ജാതീയതയെക്കുറിച്ച് പാടുന്നത് അത് അനുഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ്. ജാതീയമായി അധിക്ഷേപിക്കപ്പെടുന്ന ദളിതന് ആ അനുഭവം പറയാന്‍ പോലും വേദിയില്ല. വീടിന്റെ ചുറ്റുവട്ടത്തില്‍ നിന്ന് കുട്ടിക്കാലം മുതല്‍ ജാതീയ വിവേചനം നേരിട്ടിട്ടുണ്ട്.

ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് പാട്ടിലൂടെ പറയാനാകുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. അവര്‍ സഹോദരനെ പോലെ കാണുന്നുണ്ട്. റാപ്പുകളിലും ഇന്‍ഡിപെന്‍ഡന്‍ഡ് മ്യൂസിക്കിലും രാഷ്ട്രീയം പറയാന്‍ പലര്‍ക്കും ധൈര്യക്കുറവായിരുന്നു. നേരിട്ടും ഫോണിലൂടെയും ഭീഷണികള്‍ വന്നിട്ടുണ്ട്. സര്‍ക്കാരിനെതിരെ പാടരുതെന്നൊക്കെ ഭീഷണി മുഴക്കുന്നവരുണ്ട്. തെറിവിളിക്കുന്നവരുണ്ട്. പറയുന്ന കാര്യങ്ങള്‍ എത്തേണ്ടിടത്ത് എത്തിയെന്നാണ് ആ പ്രതികരണങ്ങളിലൂടെ മനസിലാക്കുന്നത്.

മുത്തശി പറഞ്ഞ കഥകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് തലമുറകളായി എന്റെ കൂടെയുള്ള മനുഷ്യര്‍ നേരിട്ട വഞ്ചന മനസിലായത്. എന്റെ അച്ചാച്ചന്‍ മായാണ്ടി ലാന്‍ഡ് ഓണര്‍ ആയിരുന്നു. പല കാരണങ്ങളാല്‍ ആ ഭൂമി നഷ്ടപ്പെട്ടു. കാലങ്ങളായി മണ്ണില്‍ പണിയെടുത്തിട്ടും അച്ഛനോ അമ്മക്കോ ഭൂമി സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അര്‍ഹമായ ഭൂമി പോലും ലഭിക്കാതെ കഴിയുന്നവരാണ്. പാടത്തും പറമ്പും കളിക്കുമ്പോള്‍ ജാതീയമായ അധിക്ഷേപം നേരിട്ടുണ്ട്. കോളനിയില്‍ നിന്ന് വരുന്നവര്‍ക്ക് ഇവിടെ പ്രവേശനമില്ലെന്ന് അന്ന് കേട്ടിട്ടുണ്ട്. എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ജാതിവിവേചനമുണ്ട്. ഇത്ര കാലം പണിയെടുത്തിട്ടും എന്റെ കുടുംബത്തിന് എന്തുകൊണ്ട് മണ്ണ് സ്വന്തമാക്കാനായില്ലെന്നത് എപ്പോഴും വേട്ടയാടുന്ന ചോദ്യമാണ്.

ദളിത് രാഷ്ട്രീയം സംസാരിച്ചാല്‍ കേരളത്തില്‍ വേദി കിട്ടാത്ത സാഹചര്യമുണ്ട്. തമിഴ്നാട്ടില്‍ ഓപ്പണ്‍ ആണ് പൊളിറ്റിക്‌സ്, സഭകളില്‍ ഒപ്പാരി പാടിയത് വലിയ ഒരു മാറ്റമാണ്, പ്രേമത്തെ കുറിച്ചെഴുതാന്‍ പലരും പറയാറുണ്ട്, ഒരു സാധാരണക്കാരന്‍ കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന പ്രേമം ഒന്നും എന്റെ തലയില്‍ വരില്ല, ഇവിടെ ദളിത് പൊളിറ്റിക്‌സ് പറഞ്ഞാല്‍ ആളുകള്‍ക്ക് മനസിലാകുന്നില്ല

Related Stories

No stories found.
logo
The Cue
www.thecue.in