‘അവരുടെ യാത്രയ്ക്ക് തീവണ്ടിയോ ബസ്സോ ഇല്ലായിരുന്നു, എന്നാല്‍ റെയില്‍ പാളത്തില്‍ അരഞ്ഞപ്പോള്‍ മൃതദേഹം കൊണ്ടുപോകാന്‍ ട്രെയിനുണ്ട്’ 

അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കൃത്യമായ പദ്ധതി തയ്യാറാകാത്തതുകൊണ്ടാണ് അവര്‍ അപകടങ്ങളിലും അല്ലാതെയും മരിച്ചുവീഴാന്‍ ഇടവരുന്നതെന്ന് സാമൂഹ്യ നിരീക്ഷകന്‍ എംഎന്‍ കാരശ്ശേരി ദ ക്യുവിനോട്. ഔറംഗബാദില്‍ ട്രെയിന്‍ കയറി 16 പേരാണ് മരിച്ചത്. വെള്ളം കിട്ടാതെ, ഭക്ഷണം കിട്ടാതെ, സൂര്യതാപമേറ്റ്, കാല്‍നടയായി ഏറെ ദൂരം താണ്ടിയതിനാലുമൊക്കെ ആളുകള്‍ വേറെയും മരിച്ചുവീഴുകയാണ്. ഔറംഗബാദില്‍ പാളത്തില്‍ കിടന്ന് അരഞ്ഞുപോയപ്പോള്‍ അവരുടെ മൃതദേഹം കൊണ്ടുപോകാന്‍ ട്രെയിനുണ്ട്. എന്നാല്‍ അവര്‍ക്ക് യാത്ര ചെയ്യാന്‍ ട്രെയിനോ ബസ്സോ ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം. നൂറുകണക്കിന് കിലോമീറ്ററുകള്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം നടക്കുകയാണ്. കടുത്ത നീതിനിഷേധമാണ് കേന്ദ്രസര്‍ക്കാരിന്റേത്. കേരളത്തിന് പുറത്തേക്ക് പോകുന്നവരും കേരളത്തിലേക്ക് വരുന്നവരുമൊക്കെ ഇത്തരത്തില്‍ കടുത്ത ദുരിതം നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്, ചെറിയ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുമുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള കൃത്യമായ പദ്ധതിയില്ലായ്മയാണ് വാളയാറിലും മുത്തങ്ങയിലുമൊക്കെ പ്രതിസന്ധിയുണ്ടാകാന്‍ കാരണമെന്നും ദ ക്യു - ടു ദ പോയിന്റില്‍ അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in