മുസ്ലീങ്ങളെയും പ്രക്ഷോഭകരെയും അടിച്ചുതമര്‍ത്താനും കൊല്ലാന്‍ വരെയും കേന്ദ്രം പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു : കവി സച്ചിദാനന്ദന്‍ 

മുസ്ലീങ്ങളെ അടിച്ചുതമര്‍ത്താനും പൗരത്വ പ്രക്ഷോഭകരെ കൊല്ലാന്‍ വരെയും കേന്ദ്രസര്‍ക്കാര്‍ പൊലീസിനെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് കവി സച്ചിദാനന്ദന്‍ ദ ക്യുവിനോട്. ജാമിയ മിലിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ ഇരച്ചുകയറി പൊലീസ് അക്രമം നടത്തിയതടക്കം ഇതിന്റെ തെളിവാണ്. പ്രക്ഷോഭകരെ നിശ്ശബ്ദരാക്കാന്‍ ,എന്തും ചെയ്യാന്‍, അതായത് കൊല്ലാന്‍ വരെയുള്ള അനുവാദം പൊലീസിന് നല്‍കപ്പെട്ടിട്ടുണ്ട്. കശ്മീരില്‍, ഇത്രയാളുകളെ വരെ കൊല്ലാന്‍ ടാര്‍ഗറ്റ് കൊടുത്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ ഒരു നടപടിയമുണ്ടാകില്ലെന്ന രീതിയില്‍ കല്‍പ്പനകള്‍ പോയിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ ആരോപിച്ചു.

ആര്‍എസ്എസ്സിന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള ഉപകരണം മാത്രമായി നരേന്ദ്രമോദി സര്‍ക്കാര്‍ മാറി. പതിറ്റാണ്ടുകളായി അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ ആദ്യ ചുവടുകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ ഒന്നുകില്‍ ഭീതിയിലാണ്. അല്ലെങ്കില്‍ അവര്‍ക്ക് എന്തെല്ലാമോ വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അത്തരത്തിലാണ് കോടതി വിധികള്‍ സൂചിപ്പിക്കുന്നത്. ഇത് അതിഭയങ്കരമായ സാഹചര്യമാണ്.

അഭ്യസ്ഥവിദ്യനായ മധ്യവര്‍ഗക്കാരനായ തനിക്കുപോലും അച്ഛന്റെയോ അമ്മയുടെയോ ജനനത്തിന് തെളിവ് കൊണ്ടുവരാന്‍ സാധിക്കില്ല. അപ്പോള്‍ ദരിദ്രരായവര്‍ക്ക് തീര്‍ത്തും അസാധ്യമായിരിക്കും. ജയിലുകള്‍ വേറെ ഉണ്ടാക്കേണ്ടതില്ല. ഒരു രാജ്യം തന്നെ തടവറയാക്കാം എന്നതാണ് പുതിയ സംവിധാനങ്ങളുടെ കഴിവ്. അതിന്റെ ആദ്യ പരീക്ഷണമാണ് കശ്മീരില്‍ കണ്ടത്. ഏത് സമയത്തും ഇന്ത്യയില്‍ എവിടെയും അത് ആവര്‍ത്തിക്കപ്പെടാമെന്നും സച്ചിദാനന്ദന്‍ ദ ക്യു- ടു ദ പോയിന്റ് അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി.

No stories found.
The Cue
www.thecue.in